തേടിയെത്തുന്നവരെ കൊല്ലുന്ന നിഗൂഢ വനം; വിചിത്രഘടനയുള്ള അഗ്‌നിപ്പരുന്തിന്റെ കൂട്, പിന്നിൽ അന്യഗ്രഹജീവികളോ?
Mail This Article
അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ട് പല പ്രകൃതി പ്രതിഭാസങ്ങളും ലോകപ്രശസ്തമാകാറുണ്ട്. ലോകത്തെ ഏറ്റവും വലിയ ഭൂവിസ്തൃതിയുള്ള രാജ്യമായ റഷ്യയിൽ നിന്നും ഇത്തരം പ്രതിഭാസങ്ങളുടെ കഥകൾ ധാരാളം വന്നിട്ടുണ്ട്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനുള്ളിൽ റഷ്യയിലെ ഐസും തണുപ്പും നിറഞ്ഞ വടക്കൻ പ്രദേശമായ സൈബീരിയയിൽ ഒരു ഡസനോളം വൻഗർത്തങ്ങൾ രൂപപ്പെട്ടിരുന്നു. ഇതിന്റെ വാർത്തകൾ ലോകം മുഴുവൻ തരംഗമാകുകയും ചെയ്തു. വമ്പിച്ച കാലാവസ്ഥാ വ്യതിയാനം മൂലം സൈബീരിയയിലെ ഉറമഞ്ഞ് (പെർമഫ്രോസ്റ്റ്) ഉരുകിയതിനാൽ വലിയ ശക്തിയോടെ അടിത്തട്ടിലുള്ള മീഥെയ്ൻ വാതകം പുറത്തുവന്നതാണ് ഇതിനു വഴിവച്ചതെന്നാണ് ഒരു വിഭാഗം ശാസ്ത്രജ്ഞർ കണക്കാക്കുന്നത്. എന്നാൽ ഇതിനും മുൻപ് തന്നെ ദുരൂഹമായ മറ്റൊരു പടുകുഴിയുണ്ട് റഷ്യയിലെ സൈബീരിയയിൽ. പാറ്റോമിസ്‌കി ക്രേറ്റർ എന്നാണ് അതിന്‌റെ പേര്.
1949ൽ റഷ്യ സോവിയറ്റ് യൂണിയനായി നിന്ന് ലോകരാഷ്ട്രീയത്തിലും സമൂഹത്തിലും വലിയ സ്വാധീനം പുലർത്തിവന്ന കാലത്താണ് കോൽപകോവ് എന്ന ജിയോളജിസ്റ്റ് സൈബീരിയയിലെ ഇർകുട്‌സ്‌ക് മേഖലയുടെ വടക്കൻ പ്രദേശത്തെത്തിയത്. അവിടെ താമസിക്കുന്നത് യാക്കൂട്ട് എന്ന മനുഷ്യസമൂഹമാണ്. കന്നുകാലികളെയും കുതിരകളെയും റെയിൻഡീറുകളെയും വളർത്തിയാണ് യാക്കൂട്ടുകൾ തങ്ങളുടെ ഉപജീവനമാർഗം കണ്ടെത്തിയിരുന്നത്.
കോൽപകോവിനോട് യാക്കൂട്ടുകൾ കാട്ടിനുള്ളിലെ ഒരു ഭയാനക പ്രദേശത്തെപ്പറ്റി വിവരിച്ചു. അഗ്‌നിപ്പരുന്തിന്റെ കൂടെന്നായിരുന്നു ആ പ്രദേശത്തെ യാക്കൂട്ടുകൾ വിളിച്ചിരുന്നത്. ഭീകരതയുടെ പ്രദേശമെന്നായിരുന്നു നാട്ടുകാർക്കിടയിൽ ഇതിനെപ്പറ്റിയുള്ള വിശേഷണം. ഇവിടെയുള്ള കാടിനു ജീവനുണ്ടെന്നും ഇങ്ങോട്ടേക്ക് അതിക്രമിച്ചുകടക്കുന്നവരെ കാടു കൊലപ്പെടുത്തുമെന്നും അവർ കോൽപകോവിനോടു പറഞ്ഞു. മാനുകളും മറ്റു മൃഗങ്ങളും അഗ്‌നിപ്പരുന്തിന്റെ കൂട്ടിനരികിലേക്കു പോകാൻ ഭയപ്പെട്ടെന്നും പോയാൽ അവ ചത്തുപോകുമെന്നുമായിരുന്നു അവരുടെ വിശ്വാസം.യാക്കൂട്ട് വംശജരിൽ നിന്ന് കിട്ടിയ ഈ ഭയാനക വിവരണം കേട്ടാൽ മറ്റാരായാലും വിരണ്ടോടിയേനേ. എന്നാൽ വളരെ ശാസ്ത്രീയാഭിമുഖ്യമുള്ളയാളായിരുന്നു കോൽപകോവ്. മുന്നോട്ടു പോകാൻ തന്നെ അദ്ദേഹം തീരുമാനിച്ചു. മുന്നോട്ടുള്ള യാത്ര അദ്ദേഹത്തിനായി കാത്തുവച്ചത് വലിയ അദ്ഭുതങ്ങളായിരുന്നു.
യാത്രയ്‌ക്കൊടുവിൽ അഗ്‌നിപ്പരുന്തിന്റെ കൂടെന്നു വിളിക്കപ്പെടുന്ന ആ പ്രദേശം കോൽപകോവ് കണ്ടുപിടിക്കുക തന്നെ ചെയ്തു. ആ ദൃശ്യം കണ്ട് ആശ്ചര്യത്താൽ അദ്ദേഹം വാ പൊളിച്ചുപോയി. അഗ്‌നിപർവതത്തിനോട് രൂപത്തിൽ സാമ്യം പുലർത്തുന്ന ഇരുപത്തിയഞ്ച് നിലക്കെട്ടിടത്തിന്റെ പൊക്കമുള്ള കോണാകൃതിയിലുള്ള ഒരു ഘടന. അതിന്റെ നടുക്കായി ഒരു പടുകുഴി. കോൽപകോവ് കണ്ടെത്തിയ ഈ വിചിത്രഘടനയാണു പാറ്റോമിസ്‌കി ക്രേറ്റർ. ഇതൊരു നിർജീവമായ അഗ്‌നിപർവതമാണെന്നായിരുന്നു കോൽപകോവ് ആദ്യം വിചാരിച്ചത്. എന്നാൽ താമസിയാതെ നടത്തിയ വിലയിരുത്തലിൽ ആ ധാരണ തെറ്റാണെന്ന് അദ്ദേഹത്തിനു ബോധ്യമായി. ഈജിപ്തിലെയും മറ്റും പിരമിഡുകളെപ്പോലെ ഇതൊരു മനുഷ്യനിർമിത ഘടനയാണോയെന്നായിരുന്നു അടുത്ത സംശയം. എന്നാൽ ഈ മേഖലയ്ക്കു ചുറ്റും താമസിക്കുന്ന യാക്കൂട്ടുകൾക്ക് ഇത്ര വലിയ അളവിലുള്ള ഒരു നിർമിതി നടത്താനുള്ള ശേഷിയൊന്നുമുണ്ടായിരുന്നില്ല. 200 വർഷത്തിലധികം ഈ ഘടനയ്ക്കും പടുകുഴിക്കും പഴക്കമുണ്ടെന്ന് കോൽപകോവ് പരിശോധിച്ച് ഉറപ്പുവരുത്തി. ഇതിൽ മരങ്ങളോ സസ്യങ്ങളോ മൃഗങ്ങളോ ജീവിച്ചിരുന്നില്ല. എന്നാൽ ഇതിനു ചുറ്റും നിബിഡ വനങ്ങൾ വളർന്നിരുന്നു.
ഉൽക്ക വീണതു മൂലമുണ്ടായ പടുകുഴിയാണിതെന്നു സംശയം ഉണ്ടായെങ്കിലും ഈ സാധ്യതയും താമസിയാതെ തള്ളപ്പെട്ടു .ഉൽക്കയുടെ അവശിഷ്ടങ്ങൾ കണ്ടെത്താത്തതായിരുന്നു കാരണം. കാലങ്ങൾ പലതു കടന്നു, പാറ്റോമിസ്‌കി ക്രേറ്ററിനെപ്പറ്റി എല്ലാവരും മറന്നുതുടങ്ങി. എന്നാൽ 2005ൽ യൂജിനി വോറോബിയേവ് എന്ന മറ്റൊരു ജിയോളജിസ്റ്റ് ഈ പടുകുഴിയെപ്പറ്റി പഠിക്കാനായി ഇവിടെയെത്തി. എന്നാൽ യാത്രപൂർത്തിയാക്കി ഉദ്ദേശ്യം നടത്താൻ അദ്ദേഹത്തിനു സാധിച്ചില്ല. അതിനു മുൻപ് തന്നെ ഹൃദയാഘാതത്താൽ അദ്ദേഹം മരിച്ചു. അദ്ദേഹത്തെ അഗ്‌നിപ്പരുന്തിന്റെ കൂടിനു ചുറ്റുമുള്ള വനം കൊന്നതാണെന്നാണു നാട്ടുകാരുടെ ഇപ്പോഴുമുള്ള വിശ്വാസം. 1908ൽ റഷ്യയിലെ ടുംഗുംസ്‌കയിൽ ഒരു ഛിന്നഗ്രഹ അല്ലെങ്കിൽ ഉൽക്കാ വിസ്‌ഫോടനം നടന്നിരുന്നു. അറിയാവുന്ന ചരിത്രത്തിലെ ഏറ്റവും വലിയ ഛിന്നഗ്രഹ, ഉൽക്ക സ്‌ഫോടനമായിരുന്നു അത്. സ്‌ഫോടനത്തിന്‌റെ ആഘാതത്തിൽ വലിയ അളവിൽ കാട്ടുപ്രദേശങ്ങൾ നശിച്ചു. ഈ സ്‌ഫോടനത്തിനു കാരണമായ ഉൽക്കയിൽ നിന്നോ ഛിന്നഗ്രഹത്തിൽ നിന്നോ തെറിച്ച ഒരു ഭാഗം പതിച്ചതാണ് ഈ പടുകുഴിക്കു കാരണമായതെന്ന് ഇടയ്ക്ക് വാദമുയർന്നിരുന്നെങ്കിലും ഇന്ന് ഈ സിദ്ധാന്തത്തിന് അത്ര പ്രസക്തിയില്ല. അന്യഗ്രഹജീവികളാണ് ഇതിനു പിന്നിലെന്നും ചിലർ വാദമുയർത്തുന്നുണ്ട്.
English Summary: Patom crater: The bizarre mystery deep in Siberia’s forests