ഡി കാപ്രിയോ ഷെയർ ചെയ്തു; നേച്ചർ മാസികയുടെ കവർചിത്രമായി ചോലക്കറുമ്പി: ചിത്രമെടുത്തത് മലയാളി
Mail This Article
വിഖ്യാതമായ നേച്ചർ മാസികയുടെ ഒക്ടോബർ ലക്കത്തിന്റെ കവർചിത്രം ചോലക്കറുമ്പിയുടേതാണ്. പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന ഈ സവിശേഷ തവളയുടെ ചിത്രമെടുത്തത് മലയാളി യുവ ഗവേഷകനും കാലിക്കറ്റ് സർവകലാശാല സുവോളജി വിഭാഗം നാഷനൽ പോസ്റ്റ് ഡോക്റ്ററൽ ഫെല്ലോ ആയ ഡോ. സന്ദീപ് ദാസാണ്. നേച്ചറിൽ പ്രസിദ്ധീകരിച്ച ശ്രദ്ധേയമായ ഒരു പഠനത്തിൽ ഭാഗഭാക്കാണ് ഡോ. സന്ദീപ്.
പ്രശസ്ത നടനും പരിസ്ഥിതി സംരക്ഷണ പ്രവർത്തികളിൽ തൽപരനുമായ ലിയോനാഡോ ഡി കാപ്രിയോ ഇതേ പഠനവും അതിന്റെ ഉള്ളടക്കവും പശ്ചിമഘട്ടത്തിൽ നിന്ന് സന്ദീപ് എടുത്ത ചോലക്കറുമ്പി തവളയുടെ ചിത്രത്തോടൊപ്പം തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ ഷെയർ ചെയ്തിരുന്നു.
8688 ഇനം ഉഭയജീവികൾ ലോകത്തുള്ളതിൽ അഞ്ചിനങ്ങളെടുത്താൽ അതിൽ കുറഞ്ഞത് രണ്ടിനങ്ങൾ വരെ വംശനാശ ഭീഷണി നേരിടുന്നെന്നായിരുന്നു പഠനം. നട്ടെല്ലുള്ള ജീവികളിൽ സസ്തിനികളെയും (26.5 %), ഉരഗങ്ങളെയും (21.4%), പക്ഷികളെയും (12.9%) അപേക്ഷിച്ച് ഏറ്റവും അധികംവംശനാശഭീഷണി നേരിടുന്ന ജീവിവിഭാഗവും ഉഭയജീവികളാണെന്ന് (41%) പഠനം പറയുന്നു. കാലാവസ്ഥ വ്യതിയാനവും ആവാസവ്യവസ്ഥയുടെ ശോഷണവുമാണ് പ്രധാന കാരണങ്ങളെന്നും സൂചിപ്പിക്കുന്നു.
നേച്ചർ മാസികയിൽ ഒക്ടോബർ നാലിന് പ്രസിദ്ധീകരിച്ച ലേഖനത്തിൽ ലോകത്തിന്റെ പല ഭാഗത്തു നിന്നുള്ള നൂറോളം ഗവേഷകരാണ് ഭാഗമായിട്ടുള്ളത്. ഇതിലാണ് ഡോ. സന്ദീപ് ദാസ് ഉൾപ്പെട്ടത്.
പുതിയ പഠനപ്രകാരം മുന്നൂറോളം ഉഭയജീവികളെങ്കിലും അതീവ ഗുരുതരമായ ഭീഷണി നേരിടുന്നവയാണ്. ഉഭയജീവി വൈവിധ്യത്തിൽ വളരെ മുന്നിൽ ഉള്ള പശ്ചിമഘട്ടത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഉഭയജീവികളിൽ 90 ശതമാനത്തിലധികം ഇനങ്ങളും ലോകത്ത് മറ്റൊരിടത്തും കാണുന്നവയല്ല. അവയെ തുടർന്നും സംരക്ഷിക്കണം എന്ന ഉത്തരവാദിത്വം എല്ലാവരിലേക്കും എത്തിക്കുവാനും ഇത്തരത്തിലുള്ള പഠനങ്ങൾ സഹായിക്കുമെന്ന് സന്ദീപ് ദാസ് പറയുന്നു.
കേരളത്തിന്റെ ശ്രദ്ധ നേടാത്ത ജൈവവൈവിധ്യത്തെ മികവേറിയ ചിത്രങ്ങളിലൂടെയും പ്രഭാഷണങ്ങളിലൂടെയും പൊതുവേദിയിലെത്തിക്കുന്നതിലൂടെ സന്ദീപ് ദാസ് നേരത്തെ ശ്രദ്ധ നേടിയിരുന്നു. സന്ദീപിന്റെ ശ്രമകരമായ പ്രവർത്തനങ്ങൾ രാജ്യാന്തര സംഘടനകളുടെ പോലും അംഗീകാരത്തിനു പാത്രമായി. പശ്ചിമഘട്ടത്തിലെ തവളകളും ഉരഗങ്ങളും ഉൾപ്പെടെയുള്ള ജീവിവർഗങ്ങളിലേക്കാണ് ഇദ്ദേഹത്തിന്റെ പ്രധാനഫോക്കസ്.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സൂവോളജി വിഭാഗം അസിസ്റ്റന്റ് പ്രഫസർ ഡോ. ഇ.എം.അനീഷിന്റെ കൂടെയാണ് സന്ദീപ് പോസ്റ്റ് ഡോക്റ്ററൽ ഗവേഷണം നടത്തുന്നത്. കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് സന്ദീപ് പിഎച്ച്ഡി നേടിയത്. കെഎഫ്ആർഐയിലെ ഡോ.പി.എസ്. ഈസയുടെ ശിക്ഷണത്തിലാണ് ഇദ്ദേഹത്തിന്റെ പഠനം. അദ്ദേഹത്തോടുള്ള ആദരസൂചകമായി 2022ൽ അട്ടപ്പാടിയിൽ നിന്നും കണ്ടെത്തിയ പുതിയ ഇനം പല്ലിക്ക് Hemidactylus easai എന്നു സന്ദീപും സംഘവും പേര് നൽകുകയുണ്ടായി. ഗവേഷണത്തിനപ്പുറം പരന്നു കിടക്കുന്നതാണ് ഇദ്ദേഹത്തിന്റെ താൽപര്യങ്ങൾ. കേരളത്തിന്റെ ജൈവവൈവിധ്യത്തിൽ പൊതുവേ അത്ര ശ്രദ്ധകിട്ടാത്ത തവളകൾ, ഉരഗങ്ങൾ എന്നിവയാണ് സന്ദീപിന്റെ പഠനമേഖല. അക്കാദമിക്കായ പഠനത്തിനൊപ്പം തന്നെ ഇവയുടെ മിഴിവേറിയ ചിത്രങ്ങളും സന്ദീപിന്റെ ക്യാമറയിൽ നിന്നു പിറന്നത് ജനശ്രദ്ധയാകർഷിച്ചിരുന്നു. ഇതിനു സംസ്ഥാന സർക്കാരിന്റെ വൈൽഡ് ഫൊട്ടോഗ്രഫി മത്സരത്തിലെ ഒന്നാം സ്ഥാനം ഈ ഗവേഷകന് അംഗീകാരമായി ലഭിക്കുകയും ചെയ്തു. നീലക്കുറിഞ്ഞിപ്പൂവിനു മുകളിൽ വട്ടമിട്ടുപറക്കുന്ന ഒരു തേനീച്ചയുടെ ചിത്രമാണ് ഇതിനു വഴിയൊരുക്കിയത്.
പശ്ചിമഘട്ടത്തിൽ 2010 മുതൽ തന്റെ ഗവേഷണത്തിനായി സന്ദീപ് പഠനങ്ങൾ നടത്തുന്നു. പർപ്പിൾ ഫ്രോഗ് അഥവാ പാതാളത്തവള എന്നറിയപ്പെടുന്ന അപൂർവയിനം തവളയിൽ നടത്തിയ പഠനങ്ങളാണു സന്ദീപ് ദാസിനെ ശ്രദ്ധേയനാക്കിയത്. ഭൂമിക്കടിയിൽ താമസിക്കുന്ന ഇത് വർഷത്തിൽ ഒരിക്കൽ മാത്രമാണു മുകളിലേക്കു വരുന്നത്. 2003ൽ എസ്ഡി ബിജു, ഡോ.ഫ്രാങ്കി ബോസ്യുട്ട് എന്നിവരാണ് ഇവയെ കണ്ടെത്തിയത്. ചരിത്രാതീത കാലം മുതൽ ഭൂമിയിലുള്ള ഇന്നും നില നിൽക്കുന്ന 'ലിവിങ് ഫോസിൽ' ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഈ തവളവർഗം ആദിമകാലത്ത് ഇന്ത്യൻ ഉപഭൂഖണ്ഡം ആഫ്രിക്കയുമായി കൂടിച്ചേർന്നിരുന്നു എന്നതിനു തെളിവാണ്. ഗവേഷകരുടെ അനുമാനത്തിൽ ദിനോസറുകൾ ഈ ഭൂമിലുണ്ടായിരുന്ന കാലം തൊട്ടേ പാതാളത്തവളകളും ഇവിടെ താമസിക്കുന്നു.
മുട്ടയിടാനായി മണിക്കൂറുകൾ മാത്രമാണ് ഈ തവളകൾ ഭൗമോപരിതലത്തിലെത്തുന്നത്. ആൺതവളയെ പുറത്ത് വഹിച്ചു പെൺതവളകൾ എത്തുന്നതിന്റെ നിരവധി ചിത്രങ്ങൾ സന്ദീപ് പകർത്തിയിരുന്നു. അത്തരത്തിലുള്ള ഒരു ചിത്രത്തിനാണ് 2021ൽ പ്രശസ്തമായ സാങ്ച്വറി ഏഷ്യ മാസികയുടെ വൈൽഡ്ലൈഫ് ഫോട്ടൊഗ്രാഫി അവാർഡ്സിൽ രണ്ടാം സഥാനം ലഭിക്കുകയുണ്ടായത്. ഇവയുടെ ജീവിതക്രമം, ഇവ നേരിടുന്ന ഭീഷണികൾ തുടങ്ങിയവയെല്ലാം സന്ദീപും സംഘവും പഠനവിധേയമാക്കി. ഈ ഗവേഷണത്തിന് ലണ്ടൻ സുവോളജിക്കൽ സൊസൈറ്റിയുടെ എഡ്ജ് ഓഫ് എക്‌സിസ്റ്റൻസ് പ്രോഗ്രാമിന്റെ ഫെലോഷിപ്പും ലഭിച്ചു.
ആദ്യമായി ഒരു പർപ്പിൾ ഫ്രോഗിന്റെ ചിത്രമെടുക്കാൻ വർഷങ്ങൾ സമയമെടുത്തെന്നു സന്ദീപ് പറയുന്നു. അത്ര അപൂർവമാണ് ഇവയുടെ വരവ്. വന്യജീവി ഫൊട്ടോഗ്രഫിക്കു നല്ല ക്ഷമ വേണം. സാധാരണ ഫൊട്ടോഗ്രഫിയെപ്പോലെ ഇതിൽ റീട്ടേക്കുകളില്ലെന്ന് ഇദ്ദേഹം അഭിപ്രായപ്പെടുന്നു.
പാതാളത്തവളയുടെ സംരക്ഷണപദ്ധതിയുടെ ഭാഗമായി നൂറുകണക്കിനു വേദികളിൽ സന്ദീപും സംഘവും പ്രഭാഷണങ്ങൾ നടത്തിയിരുന്നു. ഇത്തരം പല തവളകളും മഴക്കാലത്ത്, വാഹനങ്ങളുടെ അടിയിൽപെട്ടു ചത്തൊടുങ്ങാറുണ്ട്. ഇത് ഒഴിവാക്കാനായി ഡ്രൈവർമാരിൽ അവബോധം സൃഷ്ടിക്കാനുള്ള ക്യാംപെയ്‌നുകളും നടത്തി. മഹാബലിത്തവള എന്ന പേരിൽ ഈ തവളയെ ജനശ്രദ്ധയിലെത്തിച്ച് ഇവയുടെ സംരക്ഷണത്തിനായുള്ള നടപടികൾക്കു ശ്രമിക്കാനും സന്ദീപ് ശ്രമിച്ചു. തവളയ്ക്കു സംസ്ഥാന പദവി നൽകണമെന്ന അഭ്യർഥനയും സംസ്ഥാന സർക്കാരിനു മുന്നിൽ വച്ചു.
തൃശൂർ സെന്റ് അലോഷ്യസ് കോളജിൽ നിന്നു സുവോളജി ബിരുദവും കോഴിക്കോട് ഫാറൂഖ് കോളജിൽ നിന്നു പിജിയും നേടിയ സന്ദീപിനു കുട്ടിക്കാലം മുതൽ മൃഗങ്ങളെ ഇഷ്ടമായിരുന്നു. എന്നാൽ പിതാവ് വീട്ടിൽ അരുമമൃഗങ്ങളെ വളർത്തരുതെന്നും അത് അവയുടെ സ്വാതന്ത്ര്യത്തെ ഹനിക്കുമെന്നുമുള്ള പക്ഷക്കാരനായിരുന്നു.
കോളജ് പഠനകാലത്ത് പ്രകൃതിനിരീക്ഷണവും പ്രധാനമായി പക്ഷിനിരീക്ഷണവുമായിരുന്നു സന്ദീപിനു കമ്പമുള്ള മേഖല. പിജി പഠനകാലത്ത് ഡോ. അനിൽ സക്കറിയയാണ് തവളകളെക്കുറിച്ചുള്ള പഠനത്തിലേക്കു സന്ദീപിനെ വഴി തിരിച്ചുവിട്ടത്. ഇരുപതോളം പുതിയ ഉഭയ ഉരഗ ജീവി വർഗങ്ങളെ നാളിതുവരെ കണ്ടെത്താൻ സന്ദീപിനും സംഘത്തിനും സാധിച്ചു. ഗവേഷണം ത്രില്ലിങ്ങാണ്, പക്ഷേ അൽപം റിസ്‌ക് നിറഞ്ഞതുമാണെന്നു സന്ദീപ് പറയുന്നു. അപകടം പതിയിരിക്കുന്ന വനമേഖലകളിൽ രാത്രിയിലാണു ഗവേഷണം. ആനകളുടെയും കടുവകളുടെയുമൊക്കെ മുന്നിൽ പെട്ട സംഭവങ്ങളുണ്ടായിട്ടുണ്ട്.എന്നാൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അകമഴിഞ്ഞ പിന്തുണയും സഹായവും ഈ ഘട്ടത്തിലൊക്കെ രക്ഷയായി.
വന്യജീവിമേഖല കടുവകളും പുലികളും ആനകളും പോലുള്ള വലിയജീവികളിൽ മാത്രമൊതുങ്ങിനിൽക്കുന്നതല്ലെന്ന് സന്ദീപ് പറയുന്നു. തവളകളും ഉരഗങ്ങളുമെല്ലാമടങ്ങിയതാണ് ഇത്. അത്ര ശ്രദ്ധേയമല്ലാത്ത ഈ വിഭാഗങ്ങളും സംരക്ഷിക്കപ്പെടണം. കേരള വനംവകുപ്പിന്റെ സ്‌നേക് റെസ്‌ക്യൂ പ്രോഗ്രാമിന്റെ പരിശീലകനും കമ്മിറ്റി അംഗവും കൂടിയാണ് സന്ദീപ്.
നിലവിൽ കേരളത്തിൽ 200 ൽ അധികം തവളവർഗങ്ങളുണ്ടെന്നു സന്ദീപ് പറയുന്നു. അപൂർവയിനത്തിൽ പെട്ട തവളകളുടെയും പാമ്പുകളുടെയും മറ്റും ചിത്രങ്ങൾ തന്റെ ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകളിൽ സന്ദീപ് പങ്കുവയ്ക്കാറുണ്ട്. ഗവേഷണത്തിനു ശേഷം തുടർഗവേഷണവും അക്കാദമിക മേഖലയുമാണു സന്ദീപിനു താൽപര്യം. തൃശൂർ ചെമ്പൂക്കാവ്, റിട്ടയേർഡ് ഇംഗ്ലിഷ് പ്രഫസറായ ഷൺമുഖദാസിന്റെയും ശാന്തി ദാസിന്റെയും മകനാണു സന്ദീപ്. ഭാര്യ വിനയ ദാസും പിഎച്ച്ഡി ഗവേഷകയാണ്. മകൾ-അൻവിത. സന്ദീപിന്റെ ഇളയസഹോദരൻ സുദീപ് ദാസ് ദുബായിലാണു ജോലി നോക്കുന്നത്.