ടാബിൽ വിഡിയോ സെർച്ച് ചെയ്ത് തത്ത; ഇത് രസകരമല്ല, ഭീകരം; വിഡിയോ പങ്കുവച്ച് ആനന്ദ് മഹീന്ദ്ര
Mail This Article
മൊബൈലും ലാപ്ടോപ്പും ടാബ്ലറ്റും ഒന്നുമില്ലാത്ത ഒരു ജീവിതത്തെക്കുറിച്ച് മനുഷ്യന് ഇനി ചിന്തിക്കാനാകില്ല. ഒന്നിൽ നിന്ന് ഒന്നിലേക്ക് എന്ന മട്ടിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കയറിയിറങ്ങി ഒരു ദിവസത്തിന്റെ വലിയൊരു ശതമാനം ഓരോരുത്തരും ചെലവിടുന്നുണ്ട്. എന്നാൽ ഇത് മനുഷ്യജീവിതത്തെ എത്രത്തോളം സാരമായി ബാധിച്ചിരിക്കുന്നുവെന്ന് ഓർമപ്പെടുത്തുകയാണ് മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയർമാനായ ആനന്ദ് മഹീന്ദ്ര എക്സിൽ (ട്വിറ്റർ) പങ്കുവച്ച ഒരു പോസ്റ്റ്. മനുഷ്യനെപ്പോലെ തന്നെ വളരെ എളുപ്പത്തിൽ ടാബ്ലറ്റ് കൈകാര്യം ചെയ്യുന്ന ഒരു തത്തയുടെ വിഡിയോയാണ് ഇത്.
സ്ക്രീനിന് മുന്നിൽ ഏറെ ആവേശത്തോടെ ഇരിക്കുന്ന തത്തയെ ദൃശ്യങ്ങളിൽ കാണാം. യൂട്യൂബിൽ നിന്നും ഇഷ്ടപ്പെട്ട വിഡിയോകൾ തിരഞ്ഞു കണ്ടുപിടിച്ച് കാണാൻ ശ്രമിക്കുകയാണ് തത്ത. കൊക്കുകൾ ഉപയോഗിച്ചാണ് സ്ക്രീൻ സ്ക്രോൾ ചെയ്യുന്നത്. എന്നാൽ തത്തയുടെ സ്ക്രീൻ ഉപയോഗത്തിലെ മികവ് കാണിക്കാനെന്ന വണ്ണം ഉടമ പെട്ടെന്ന് യൂട്യൂബ് പേജ് ക്ലോസ് ചെയ്തു. ഒരു നിമിഷം പോലും വൈകാതെ തത്ത നിസാരമായി വീണ്ടും യൂട്യൂബ് തുറക്കുന്നതും ഇഷ്ടപ്പെട്ട വിഡിയോ തിരയുന്നതും കാണാം. തത്തകളുടെ വിഡിയോകളാണ് കാണാൻ ശ്രമിക്കുന്നത്.
കാണുമ്പോൾ ഏറെ രസകരമായി തോന്നുമെങ്കിലും ഈ വിഡിയോ നൽകുന്നത് അത്ര നല്ല സന്ദേശമല്ല എന്ന അഭിപ്രായമാണ് ആനന്ദ് മഹീന്ദ്ര പങ്കുവെക്കുന്നത്. മനുഷ്യനെ അനുകരിക്കുന്നത് തത്തകളുടെ ശീലമാണ്. എന്നാൽ സ്ക്രീനിനു മുന്നിൽ ചെലവഴിക്കുന്ന സമയം മനുഷ്യനെ പോലെ അനുകരിക്കാൻ ശ്രമിച്ചാൽ അത് പക്ഷികളെ കൂട്ടിൽ അടയ്ക്കുന്നതിലും ദുഷ്കരമായ ഒരു ബന്ധനമാണ് എന്നാണ് അദ്ദേഹം ഓർമിപ്പിക്കുന്നത്. ഒരിക്കലും പുറത്തുവരാനാകാത്തവണ്ണം മറ്റൊരുതരം കൂട്ടിലായി പോകുമെന്ന് തത്തയോട് ആരെങ്കിലും പറഞ്ഞു കൊടുത്തിരുന്നെങ്കിൽ എന്ന ആഗ്രഹവും അദ്ദേഹം പോസ്റ്റിനൊപ്പമുള്ള കുറിപ്പിൽ പങ്കുവയ്ക്കുന്നു.
ലക്ഷത്തിലധികം ആളുകളാണ് ഈ ദൃശ്യങ്ങൾ കണ്ടത്. ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും സ്വന്തം ജീവിതത്തിൽ ഇനി സ്ക്രീൻ സമയം കുറയ്ക്കുക എന്നത് പലർക്കും സാധ്യമായ കാര്യമല്ല എന്ന അഭിപ്രായമാണ് ഭൂരിഭാഗം ആളുകളും കമന്റ് ബോക്സിൽ പങ്കുവയ്ക്കുന്നത്. ആനന്ദ് മഹീന്ദ്രയുടെ വാക്കുകൾ ശരിവച്ച് സോഷ്യൽ മീഡിയയോളം മനുഷ്യനെ പൂട്ടിയിടുന്ന മറ്റൊരു കൂടില്ലെന്നും പലരും പറഞ്ഞുവയ്ക്കുന്നു. മനുഷ്യന്റെ ഓരോ ചെയ്തികളും ചുറ്റുമുള്ള സഹജീവജാലങ്ങളെ എത്രത്തോളം സ്വാധീനിച്ചിരിക്കുന്നു എന്നതിന്റെ അടയാളമായും ഈ ദൃശ്യത്തെ കാണുന്നവരുണ്ട്. മറ്റുചിലരാവട്ടെ സമാനമായ രീതിയിൽ മൊബൈൽ ഫോണും ടിവിയും ലാപ്ടോപ്പ് ഉപയോഗിക്കുന്ന ജീവികളുടെ ദൃശ്യങ്ങൾ കമന്റ് ബോക്സിൽ പങ്കുവച്ചിട്ടുണ്ട്.