സ്ട്രോക്ക് വന്ന 17കാരന് രക്ഷകനായി വളർത്തുനായ; സമയോചിത ഇടപെടലിന് പ്രശംസ
Mail This Article
ഉറങ്ങാൻ പോകുന്നതിനിടെയാണ് 17കാരനായ ഗബ്രിയേലിന് ശരീരം തളരുന്നതുപോലെ പോലെ തോന്നിയത്. സ്ട്രോക്ക് ആയിരുന്നു. ഇതെല്ലാം കണ്ട് തൊട്ടടുത്ത് തന്നെ വളർത്തുനായ അക്സെൽ ഉണ്ടായിരുന്നു. എന്തോ അപകടമാണെന്ന് മനസ്സിലായതോടെ നായ ഉടൻതന്നെ ഗബ്രിയേലിന്റെ മാതാപിതാക്കളുടെ മുറിയിലേക്ക് ഓടി.
ഉറക്കത്തിലായ ദമ്പതികളെ തട്ടിയുണർത്താൻ ശ്രമിച്ചു. അക്സെലിന്റെ തമാശയാണെന്ന് കരുതി അവർ ശ്രദ്ധിക്കാതെ കിടന്നുറങ്ങിയെങ്കിലും കുറച്ചുനേരം തുടർന്നപ്പോൾ അവർ എഴുന്നേറ്റു. അരുമയെ വീടിനുപുറത്തുകൊണ്ടുപോകാനാണ് ബഹളം വയ്ക്കുന്നതെന്നാണ് ഇവർ കരുതിയത്. എന്നാൽ ദമ്പതികളെയും കൊണ്ട് ഗബ്രിയേലിന്റെ മുറിയിലേക്കാണ് നടന്നത്. അക്സെൽ വാതിലിനുപുറത്ത് അനങ്ങാതെ കിടന്നതോടെ ദമ്പതികൾ മുറിക്കകത്ത് കടന്നു.
ഈ സമയമായപ്പോഴേക്കും ഗബ്രിയേലിന്റെ വലതുവശം തളർന്നിരുന്നു. വ്യക്തമായി സംസാരിക്കാനായില്ല. പെട്ടെന്നുതന്നെ അവർ ഗബ്രിയേലിനെ ആശുപത്രിയിൽ എത്തിച്ചു. നിലവിൽ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ട്. ആശുപത്രിയിൽ എത്തിക്കാൻ വൈകിയിരുന്നെങ്കിൽ ഗബ്രിയേലിന്റെ അവസ്ഥ ഇതിലും മോശമായിപ്പോയേനെയെന്ന് ന്യൂറോ സർജൻ പറഞ്ഞു. അക്സലിന്റെ സമയോചിതമായ ഇടപെടലിനെ നിരവധിപ്പേർ പ്രശംസിച്ചു.