പാസ്പോർട്ടും വീസയും റെഡി! വാരാണസിയിൽ അലഞ്ഞുനടന്ന തെരുവുനായ നെതർലൻഡിലേക്ക്
Mail This Article
വാരാണസിയിലെ തെരുവുകളിൽ അലഞ്ഞുനടന്ന ജയ എന്ന നായ്ക്കുട്ടി വൈകാതെ നെതർലൻഡിലേക്ക് പോകും. രാജ്യാന്തര ദത്തെടുക്കൽ വഴിയാണ് ജയ വിദേശത്തേക്ക് പറക്കുന്നത്. ആംസ്റ്റർഡാമിൽ നിന്നും എത്തിയ മെറൽ ബോൻടെൻബെൽ എന്ന യുവതിയാണ് നായ്ക്കുട്ടിയുടെ ജീവിതം മാറ്റിമറിച്ചത്.
വാരാണസി സന്ദർശനത്തിനെത്തിയ മെറൽ തെരുവോരത്ത് അലഞ്ഞുനടക്കുന്ന ജയയെ കാണുകയായിരുന്നു. സുന്ദരിയായ ജയയെ ആദ്യ കാഴ്ചയിൽ തന്നെ മെറലിന് ഇഷ്ടമായി. അവളുടെ കുസൃതികളുമെല്ലാം ആസ്വദിച്ചു. മെറൽ പോകുന്നിടത്തെല്ലാം ജയ പിന്തുടർന്നു. ഒരു ദിവസം മറ്റൊരു നായ ആക്രമിക്കുന്നത് കണ്ടതോടെ ജയയെ തെരുവിൽ ഉപേക്ഷിച്ചു പോകാൻ മനസ്സുവന്നില്ല. അവളെ സുരക്ഷിതയാക്കണമെന്ന് മെറൽ തീരുമാനിച്ചു.
വീസ കാലാവധി ആറ് മാസം കൂടി നീട്ടിയ യുവതി ജയയ്ക്ക് നെതർലൻഡിലേക്ക് പോകാനുള്ള പാസ്പോർട്ടും വീസയും തയാറാക്കുകയായിരുന്നു. ‘‘എന്നോടൊപ്പം അവളെ കൊണ്ടുപോകുന്ന ത്രില്ലിലാണ്. ഒരുപാട് ദിവസത്തെ പ്രവർത്തനമാണ്. അത് പാഴായില്ല. ഒരു നായയെ വേണമെന്ന് ഞാൻ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. ജയ ആദ്യമായി എന്റെ പക്കൽ എത്തിയപ്പോൾ തന്നെ അവളെ ഒരുപാട് ഇഷ്ടമായി.’’– മെറൽ പറഞ്ഞു.