22,000 അടി പൊക്കത്തിൽ അഗ്നിപർവതത്തിന്റെ മുകളിൽ എലികൾ! ശ്രദ്ധേയമായി കണ്ടെത്തൽ
Mail This Article
തെക്കൻ അമേരിക്കയിലെ പ്രശസ്തമായ പർവതനിരയാണ് ആൻഡിസ്. മഞ്ഞുമൂടിയ നിരവധി അഗ്നിപർവതങ്ങൾ ആൻഡിസ് നിരയിലുണ്ട്. ഇപ്പോഴിതാ ആൻഡിസിൽ നിന്ന് കൗതുകകരമായ ഒരു കണ്ടെത്തൽ നടന്നിരിക്കുകയാണ്. ഇവിടത്തെ 22000 അടിവരെ പൊക്കമുള്ള കൊടുമുടികളിൽ ഒരു കൂട്ടം ജീവികൾ ജീവിക്കുന്നുണ്ടത്രേ. കിലോമീറ്റർ കണക്കിൽ പറഞ്ഞാൽ 6.7 കിലോമീറ്റർ ഉയരത്തിലാണ് ഈ ജീവികളുടെ വാസം. വേറെയാരുമല്ല ഒരുകൂട്ടം എലികളാണ് ഇവ. നട്ടെല്ലുള്ള സസ്തനികളായ ജീവികൾ ഇത്രയും ഉയരത്തിൽ ജീവിക്കുന്നുണ്ടെന്ന അറിവ് ശാസ്ത്രജ്ഞരെ ഞെട്ടിച്ചിരിക്കുകയാണ്.
എലികളുടെ വളരെ പ്രാചീനമായ അവശിഷ്ടങ്ങൾ ആൻഡിസിലെ ഉയർന്ന സ്ഥലങ്ങളിൽ നിന്നു നേരത്തെ കണ്ടെത്തിയിട്ടുണ്ട് ശാസ്ത്രജ്ഞർ. എന്നാൽ ഇവിടെ താമസിച്ചിരുന്നവയല്ല, മറിച്ച് അവിചാരിതമായി ഇവിടെ എത്തിപ്പെട്ട ജീവികളാണ് ഇവയെന്നാണ് ശാസ്ത്രജ്ഞർ കരുതിയിരുന്നത്. മമ്മിയാക്കപ്പെട്ട നിലയിലും എലികളെ കണ്ടെത്തിയിരുന്നു മേഖലയിൽ പ്രാചീനകാലത്തു ജീവിച്ചിരുന്ന ഇൻകാ സമൂഹം വിവിധ ആചാരങ്ങളുടെ ഭാഗമായാണ് ഇവയെ മമ്മിയാക്കിയതെന്നായിരുന്നു പൊതുവെയുള്ള കരുതൽ.
എന്നാൽ ഇത്തരം മമ്മിയാക്കപ്പെട്ട എലികളിൽ ശാസ്ത്രജ്ഞർ അടുത്തിടെ ഗവേഷണങ്ങൾ നടത്തി. വിചാരിച്ചത്ര പഴക്കം ഇവയ്ക്കില്ലെന്ന അറിവാണ് ഇതോടെ ശാസ്ത്രജ്ഞർക്കു ലഭിച്ചത്. ഇൻകകളുടെ കാലത്തുള്ളവയല്ല ഈ എലികളെന്നും മറിച്ച് കുറച്ചു നൂറ്റാണ്ടുകൾ മാത്രമാണ് ഇവയുടെ പഴക്കമെന്നുമാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയത്. ആരും ഈ എലികളെ കൃത്രിമമായി മമ്മിയാക്കിയതല്ലത്രേ, മറിച്ച് മേഖലയിലെ തണുത്ത് വരണ്ട കാലാവസ്ഥയിൽ ഇവ ഇങ്ങനെയായതാണെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
2013, ആൻഡിസിലുൾപ്പെട്ട, അർജന്‌റീന- ചിലെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ലൂലലിയാക്കോ എന്ന അഗ്നിപർവതത്തിൽ പര്യവേക്ഷണം നടത്തുന്നതിനിടെ ശാസ്ത്രജ്ഞർ ജീവനുള്ള ഒരു എലിയെ കണ്ടെത്തിയിരുന്നു.20,360 അടി ഉയരത്തിലായിരുന്നു ഇത്.
ഇത്രയും ഉയരെ ഇത്രയും കടുത്ത സാഹചര്യത്തിൽ ചെടികൾക്ക് പോലും ജീവിക്കാനാകില്ല. ഓക്‌സിജൻ പോലും ഭൂമിയിൽ മറ്റുള്ളിടങ്ങളിൽ ഉള്ളതിനെക്കാളും 40 ശതമാനം കുറവാണിവിടെ. പിന്നെയെങ്ങനെയാണ് എലികൾ ഇവിടെ ജീവിച്ചിരുന്നതെന്നാണ് ശാസ്ത്രജ്ഞരെ കുഴയ്ക്കുന്ന കാര്യം. എങ്ങനെയാണ് ഇവ ഭക്ഷണം കഴിച്ചിരുന്നതെന്ന ചോദ്യവും ബാക്കി.