അരിക്കൊമ്പനെ കാടുകടത്തിയിട്ട് 6 മാസം; ചിന്നക്കനാലിലെ വീടുകൾ സുരക്ഷിതം, കൃഷിനാശം തുടർകഥ
Mail This Article
ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ ഭീഷണിയുയർത്തിയ ഒറ്റയാൻ അരിക്കൊമ്പനെ കാടുകടത്തിയിട്ട് 6 മാസം പൂർത്തിയായി. കഴിഞ്ഞ ഏപ്രിൽ 29നാണ് അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടി പെരിയാർ കടുവ സങ്കേതത്തിലേക്ക് കൊണ്ടുപോയത്. പിന്നീട് മേഘമല സംരക്ഷിത വനത്തിലെത്തിയ അരിക്കൊമ്പൻ കമ്പത്തെ ജനവാസ മേഖലകളിലിറങ്ങിയതോടെ വീണ്ടും മയക്കുവെടിവച്ച് പിടികൂടി തിരുനെൽവേലി ജില്ലയിലെ മുണ്ടൻതുറൈ സംരക്ഷിത വനത്തിലെത്തിച്ച് തുറന്നുവിട്ടു. നിലവിൽ ഇവിടെയുള്ള മറ്റ് കാട്ടാനകളോടൊപ്പമാണ് അരിക്കൊമ്പനുള്ളത്.
6 മാസം മുൻപ് വരെ സ്ഥിരമായി കാട്ടാനയാക്രമണങ്ങളുണ്ടായിരുന്ന ചിന്നക്കനാൽ മേഖലയിൽ അരിക്കൊമ്പനെ കാട് മാറ്റിയശേഷം വീടുകൾക്കും നാട്ടുകാർക്കും നേരെയുള്ള കാട്ടാനയാക്രമണങ്ങൾ കുറഞ്ഞു. എങ്കിലും ചില മേഖലകളിൽ ഇപ്പോഴും കാട്ടാനകൾ കൃഷി നശിപ്പിക്കാറുണ്ട്. അരിക്കൊമ്പനെ കാടു കടത്തിയതിന്റെ പിറ്റേന്ന് ചിന്നക്കനാൽ മോണ്ട്ഫോർട്ട് സ്കൂളിന് സമീപത്തെ ആൾ താമസമില്ലാത്ത ഷെഡ് കാട്ടാന ചക്കക്കൊമ്പൻ തകർത്തിരുന്നു. മേയ് 22ന് കൊച്ചി–ധനുഷ്കോടി ദേശീയപാതയിൽ തോണ്ടിമലയ്ക്ക് സമീപം വച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെ ചക്കക്കൊമ്പനെ കാറിടിച്ചിരുന്നു.
വീടുകളും കടകളും തകർത്ത് അരിയും ഭക്ഷണ സാധനങ്ങളും എടുത്ത് തിന്നുകയും തരം കിട്ടിയാൽ ആളുകളെ ആക്രമിക്കുകയും ചെയ്തിരുന്ന അരിക്കൊമ്പന്റെ ശല്യമൊഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് നാട്ടുകാർ. 2005 മുതൽ കഴിഞ്ഞ മാർച്ച് വരെ ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിൽ മാത്രം 34 പേരെയാണ് കാട്ടാനകൾ കൊലപ്പെടുത്തിയത്. ഇതിൽ 7 പേരെ കൊലപ്പെടുത്തിയത് അരിക്കാെമ്പനാണെന്ന് വനംവകുപ്പ് ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. 2017ൽ മാത്രം 52 വീടുകളും കടകളുമാണ് അരിക്കൊമ്പൻ തകർത്തത്.