തെരുവോരത്തെ അഴുക്ക് ചാലിൽ ഇറങ്ങി ബിൽഗേറ്റ്സ്; അകത്തെ കാഴ്ചകൾ പങ്കുവച്ചു: കണ്ടത് 50 ലക്ഷം പേർ
Mail This Article
ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരിൽ ഒരാളായ ബിൽ ഗേറ്റ്സ് ബ്രസൽസിലെ അഴുക്കുചാലിൽ ഇറങ്ങിയത് ആളുകളെ അദ്ഭുതപ്പെടുത്തി. നവംബർ 19ന് ലോക ടോയ്‌ലറ്റ് ദിനത്തിലാണ് സംഭവം. ആഗോള ആരോഗ്യത്തിൽ മലിനജലത്തിന്റെ പങ്ക് മനസ്സിലാക്കാനും മലിനജല സംവിധാനത്തിന്റെ ചരിത്രവും അറിയാനാണ് അദ്ദേഹം അഴുക്ക് ചാലിൽ ഇറങ്ങിയത്. സംഭവത്തിന്റെ വിഡിയോ ബിൽഗേറ്റ്സ് തന്നെയാണ് സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.
ബ്രസൽസിലെ തെരുവിലുള്ള ഒരു അഴുക്കുചാലിന്റെ അടപ്പ് തുറന്ന് ബിൽഗേറ്റ്സ് താഴെയിറങ്ങുന്നു. തുടർന്ന് തുരങ്കത്തിന്റെ ഉള്ളിലൂടെ പോകുന്നു. നഗരത്തിലെ മലിനജല സംവിധാനത്തിന്റെ പ്രവർത്തനങ്ങൾ മനസ്സിലാക്കാൻ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. അഴുക്കുചാലിന്റെയും അതിന്റെ ശുദ്ധീകരണ പ്ലാന്റുകളുടെയും വിപുലമായ ശൃംഖലയെക്കുറിച്ചും നഗരത്തിലെ മാലിന്യങ്ങൾ സംസ്കരിക്കുന്നതെങ്ങനെയെന്നതിനെക്കുറിച്ചും അദ്ദേഹം മനസ്സിലാക്കി.
2013ലാണ് ഐക്യരാഷ്ട്ര സംഘടന നവംബർ 19ന് ലോക ടോയ്‌ലറ്റ് ദിനമായി ആചരിച്ചു തുടങ്ങിയത്. മാലിന്യത്തിനും മലിനജലത്തിനും എതിരെയുള്ള ക്യാംപെയ്നുകളിൽ നേരത്തെയും ബിൽഗേറ്റ്സ് പ്രവർത്തിച്ചിട്ടുണ്ട്.