കൊന്നൊടുക്കിയത് വിനയായി; ഒടുവിൽ ലോകത്തെ ഏറ്റവും പ്രശസ്ത വന്യജീവി മേഖലയെ രക്ഷിക്കാൻ അവരെത്തി
Mail This Article
ഇന്ന് ലോകത്തെ ഏറ്റവും പ്രശസ്തമായ വന്യജീവി സംരക്ഷണ കേന്ദ്രങ്ങളിൽ ഒന്നാണ് യുഎസിലെ യെല്ലോ സ്റ്റോൺ ദേശീയ പാർക്ക്. പ്രകൃതി സൗന്ദര്യം കൊണ്ടും വന്യജീവി വൈവിധ്യം കൊണ്ടും സമ്പന്നമായ ഈ ദേശീയ പാർക്ക് പക്ഷെ ഏതാനും പതിറ്റാണ്ട് മുൻപ് വരെ ഇങ്ങനെ ആയിരുന്നില്ല. മനുഷ്യരുടെ ദീർഘവീക്ഷണമില്ലാത്ത നടപടികളിലൂടെ തകർച്ചയിലേക്ക് വഴുതി വീണ്, വരണ്ട ഭൂമിക്ക് സമാനമായ അവസ്ഥയിലേക്ക് നീങ്ങുകയായിരുന്നു യെല്ലോസ്റ്റോൺ. ഈ യെല്ലോസ്റ്റോണിനെ വീണ്ടെടുത്തത് പ്രകൃതിസ്നേഹികളായ ചുരുക്കം ചില മനുഷ്യരുടെ കരുതലും ഒരു പറ്റം ചെന്നായ്ക്കളും ചേർന്നാണ്.
ഗ്രേ വൂൾഫ് എന്ന ചെന്നായവർഗ്ഗം
ലേകത്ത് ഏറ്റവുമധികം വ്യാപിച്ച് കിടക്കുന്ന ചെന്നായ് വർഗങ്ങളിൽ ഒന്നാണ് ഗ്രേ വൂൾഫുകൾ. അമേരിക്കയിലും, യൂറോപ്പിലുമായി ഒട്ടനവധി രാജ്യങ്ങളിൽ ഇവയുടെ സാന്നിദ്ധ്യമുണ്ട്. എന്നാൽ അമേരിക്കയിൽ ഒരു കാലത്ത് വ്യാപകമായി തന്നെ ഇവയെ വേട്ടയാടി കൊന്നിരുന്നു. പ്രഡേറ്റർ കൺട്രോൾ പ്രോഗ്രാം എന്ന പേരിൽ നടന്ന വ്യാപകവേട്ടയിൽ എഴുപതുകളുടെ അവസാനത്തോടെ തന്നെ അമേരിക്കയിലെ 48 സംസ്ഥാനങ്ങളിൽ നിന്നും ഗ്രേ വൂൾഫുകൾ അപ്രത്യക്ഷമായിരുന്നു. യെല്ലോസ്റ്റോൺ ദേശീയ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങളും ഇവയിൽ പെട്ടിരുന്നു.
എന്നാൽ ചെന്നായ്ക്കൾ പൂർണ്ണമായി അപ്രത്യക്ഷമായതോടെ ഉണ്ടായ പ്രത്യാഘാതവും പരിണിത ഫലങ്ങളും അധികൃതർ പ്രതീക്ഷിച്ചതിലും പതിമടങ്ങ് അധികമായിരുന്നു. ചെന്നായ്ക്കൾ ഇല്ലാതായി ഏതാനും വർഷങ്ങൾക്കുള്ളിൽ യെല്ലോസ്റ്റോണിലെ മരങ്ങൾ കടപുഴകി വീഴാനും, മഴയ്ക്ക് ശേഷം വലിയ തോതിൽ മണ്ണൊലിപ്പ് ഉണ്ടാകാനും തുടങ്ങി. പതിയെ പച്ചപ്പ് മറഞ്ഞ് മഴയില്ലാത്തപ്പോൾ വരണ്ടുണങ്ങിയ അവസ്ഥയിലേക്ക് മാറുന്ന സ്ഥിതിയിൽ യെല്ലോസ്റ്റോൺ എത്തി.
പ്രകൃതിയിൽ ചെന്നായ്ക്കളുടെ പങ്ക്
എങ്ങനെയാണ് ചെന്നായ്ക്കളുടെ എണ്ണത്തിലുണ്ടായ കുറവ് യെല്ലോസ്റ്റോണിന്റെ സ്വാഭാവിക പ്രകൃതിയെ തന്നെ മാറ്റി മറിച്ചത് എന്ന ചോദ്യത്തിന്റെ ഉത്തരമാണ് പിന്നീട് പ്രസക്തമാകുന്നത്. യെല്ലോസ്റ്റോണിലെ വേട്ടക്കാരിലെ പ്രധാനികളായിരുന്നു ചെന്നായ്ക്കൾ. ഒന്നു കൂടി വ്യക്തമായി പറഞ്ഞാൽ അപെക്സ് പ്രഡേറ്റർ എന്ന് വിളിക്കുന്നത് ഭക്ഷ്യശൃംഖലയിലെ ഏറ്റവും ഉയരത്തിൽ നിൽക്കുന്ന കണ്ണി. പക്ഷെ ചെന്നായ്ക്കളം പ്രകൃതിയുടെ തന്നെ വലിയ ശൃംഖലയുടെ ഭാഗമായി കാണാതെ മനുഷ്യർ അവയെ ശത്രുക്കളായി മാത്രം കണ്ടിടത്ത് നിന്നാണ് പ്രശ്നങ്ങൾ ആരംഭിച്ചത്.
വളർത്ത് മൃഗങ്ങൾക്ക് ഭീഷണി ആകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ചെന്നായ്ക്കളെ വ്യാപകമായി വേട്ടയാടാൻ അധികൃതർ തീരുമാനിക്കുന്നത്. തുടർന്ന് പതിനായിരക്കണക്കിന് ചെന്നായ്ക്കളാണ് അമേരിക്കയിൽ ഉടനീളം കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യത്തോടെ കൊല്ലപ്പെട്ടത്. ഇതേ തുടർന്നാണ് ചെന്നായ്ക്കളുടെ പ്രകൃതിയിലെ പ്രാധാന്യം എന്തായിരുന്നു എന്ന് തിരിച്ചറിയാൻ കാരണമായ മാറ്റങ്ങൾ സംഭവിച്ചതും.
ചെന്നായ്ക്കളുടെ അസാന്നിധ്യം വിതച്ച വിന
ചെന്നായ്ക്കൾ ഇല്ലാതായതോടെ വേട്ടക്കാരായ ജീവികളുടെ അഭാവത്തിൽ സസ്യഭുക്കുകളായ ജീവികൾ വലിയ തോതിൽ പെരുകി. പ്രത്യേകിച്ചും എൽക് എന്ന് വിളിക്കുന്ന വിഭാഗത്തിൽ പെട്ട മാനുകൾ യെല്ലോസ്റ്റോൺ കീഴടക്കി എന്ന് തന്നെ പറയാവുന്ന വിധത്തിൽ എണ്ണത്തിൽ വലിയ വർധനവുണ്ടായി. ഇതോടെ വ്യാപകമായി പുൽമേടുകളും ചെറിയ സസ്യങ്ങളും ഇല്ലാതായി. മാനുകൾ ഭക്ഷണമാക്കിയ പുല്ലുകളുടെയും കുറ്റിച്ചെടികളുടെയും അഭാവത്തിൽ മണ്ണിന്റെ ഉറപ്പ് നഷ്ടപ്പെട്ടു.
ക്രമേണ മഴപെയ്യുന്നതിനൊപ്പം മണ്ണൊലിപ്പ് വലിയ തോതിൽ ഉണ്ടാകാൻ തുടങ്ങി. ഇതോടെ മരങ്ങൾ കടപുഴകുകയും മണ്ണ് കൂടുതൽ ദുർബലമാകുകയും ചെയ്തു. അത് വരെ ഇല്ലാത്ത വിധത്തിൽ മഴ പെയ്യുമ്പോൾ ഒട്ടേറെ ചെറിയ അരുവികൾ താൽക്കാലികമായി രൂപപ്പെടുകയും ചെയ്തു. ഇതെല്ലാം മേഖലയിലെ മണ്ണൊലിപ്പ് ശക്തമാക്കി. മണ്ണിന്റെ ഫലപൂയിഷ്ഠത നഷ്ടപ്പെടുത്തി. ഇതോടെയാണ് യെല്ലോസ്റ്റോണിലെ വലിയൊരു മേഖല പച്ചപ്പ് നഷ്ടപ്പെട്ട മരുപ്രദേശത്തിന് സമാനമായ അവസ്ഥയിലേക്കുള്ള യാത്രയിലാണെന്ന് അധികൃതർ മനസ്സിലാക്കിയത്.
ചെന്നായ്ക്കളുടെ തിരിച്ച് വരവ്, യെല്ലോസ്റ്റോണിന്റെയും
1995 ലാണ് യെല്ലോസ്റ്റോൺ മേഖലയിലേക്ക് ഏതാനും പതിറ്റാണ്ടുകൾക്ക് ശേഷം ചെന്നായ്ക്കൾ തിരിച്ചെത്തുന്നത്. ചെന്നായ്ക്കളുടെ അഭാവമായ ക്രമേണ യെല്ലോസ്റ്റോണിന്റെ ജൈവ പരിസ്ഥിതി തന്നെ മാറ്റിയതെന്ന് തിരിച്ചറിവാണ് ഇവയെ തിരികേ എത്തിക്കാൻ പ്രേരിപ്പിച്ചതും. കണക്ക് കൂട്ടലുകൾ ശരി വക്കുന്നതായിരുന്നു ചെന്നായ്ക്കൾ തിരികെ എത്തിയ ശേഷമുള്ള യെല്ലോസ്റ്റോണിന്റെ മാറ്റവും.
ക്രമേണ മാനുകളുടെയും മറ്റ് സസ്യഭുക്കായ ജീവികളുടെയും എണ്ണം നിയന്ത്രണ വിധേയമായി. ഗ്രേ വൂൾഫുകൾ സജീവമായതോടെ പുൽമേടുകൾ തിരികെ എത്തി, മരങ്ങൾ വീണ്ടും വേരുറപ്പിച്ച് വളർന്ന് തുടങ്ങി. ഗതിമാറി ഒഴുകിയ നദികളും തിരികെ സ്വന്തം പാതകളിലേക്ക് എത്തി. ഇതെല്ലാം പക്ഷെ ഒന്നോ രണ്ടോ വർഷം കൊണ്ടലല്ല സംഭവിച്ചതെന്ന് മാത്രം. ഒരു പതിറ്റാണ്ടിലേറെ എടുത്തി പഴയ അവസ്ഥയിലേക്കുള്ള യെല്ലോസ്റ്റോണിന്റെ തിരിച്ച് വരവിനെ ആദ്യ ഘട്ടം പിന്നിടാൻ. ഇന്നിപ്പോൾ മൂന്ന് പതിറ്റാണ്ടോളം എത്തി നിൽക്കുമ്പോൾ യെല്ലോസ്റ്റോണിന്റെ പഴയ പ്രൗഢിയിലേക്ക് മേഖല തിരിച്ചെത്തിയിരിക്കുന്നു എന്നു തന്നെ നിസംശയം പറയാം.