എട്ടുകാലിക്ക് എട്ടു കണ്ണുകള്: കാഴ്ചയിൽ തന്നെ പേടിക്കും വിചിത്രയിനം ‘സാത്താൻ ടരാന്റുല’
Mail This Article
എട്ടുകാലികളെ കാണുന്നതുതന്നെ പലർക്കും ഭയമാണ്. മറ്റുള്ളവരുടെ കണ്ണിൽപ്പെട്ടാൽ ഓടി ഒളിക്കുന്ന ജീവിയാണെങ്കിൽ പോലും അവയുടെ ഭീകരത ഉളവാക്കുന്ന രൂപമാണ് മനുഷ്യരെ ഭയപ്പെടുത്തുന്നത്. എന്നാൽ ഈ രൂപം അല്പം കൂടി ഭീകരമായാലോ ? അത്തരത്തിൽ എട്ടുകാലികളെ പേടിയില്ലാത്തവർക്ക് പോലും ആദ്യ കാഴ്ചയിൽ ഭീതി ഉള്ളവാക്കുന്ന ഒരു നിഗൂഢ ചിലന്തി വർഗത്തെ കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. എട്ടു കണ്ണുകളാണ് ഇവയുടെ പ്രത്യേകത. ഇക്വഡോറിൽ നിന്നും കണ്ടെത്തിയ ഈ വർഗത്തിന് ഭീകരരൂപം കൊണ്ടുതന്നെ സാത്താൻ ടരാന്റുല എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.
ദേഹമാസകലം രോമങ്ങളുള്ള ടാരന്റുല ഇനത്തിൽ പെട്ടവയാണ് ഈ പുതിയ വർഗം. മരങ്ങളിൽ വസിക്കുന്ന ഒരു ഇനം എട്ടുകാലികളെ കണ്ടെത്താനുള്ള ശ്രമങ്ങൾക്കിടെ 2021 ലാണ് ഗവേഷകർ അവിചാരിതമായി സാത്താൻ ടാരന്റുലയെ കണ്ടെത്തിയത്. എന്നാൽ രണ്ടു വർഷങ്ങൾക്കിപ്പുറമാണ് ഇതേ കുറിച്ചുള്ള വിശദവിവരങ്ങൾ ഗവേഷകർ പുറത്തുവിട്ടിരിക്കുന്നത്. സാൽമോപോയസ് സാറ്റാനസ് എന്നാണ് ഔദ്യോഗിക നാമം. രൂപത്തിന് പുറമേ അവയുടെ പെരുമാറ്റവും വിചിത്രമായതിനാലാണ് ഇത്തരം ഒരു പേര് ഗവേഷകർ നൽകിയത്.
ഒരു മുളയുടെ താഴെ ഭാഗത്ത് ഇരിക്കുന്ന നിലയിലാണ് ആദ്യമായി ഗവേഷകർ ഇതിനെ കണ്ടെത്തുന്നത്. എന്നാൽ കൂടുതൽ പരിശോധനകൾക്കായി എട്ടുകാലിയെ പിടികൂടുന്നതിന് കഠിനശ്രമം തന്നെ വേണ്ടിവന്നു. ശ്രദ്ധയിൽ പെടാത്തത്ര വേഗത്തിൽ ചലിച്ചാണ് അത് രക്ഷപ്പെടാൻ ശ്രമിച്ചുകൊണ്ടിരുന്നത്. അൽപനേരം ഗവേഷകരെ കബളിപ്പിച്ചെങ്കിലും ഒടുവിൽ എട്ടുകാലി പിടിയിലാകുക തന്നെ ചെയ്തു. ലാബിൽ വച്ച് ശാരീരിക പ്രത്യേകതകളെക്കുറിച്ച് വിശദമായ പഠനങ്ങൾ നടത്തിയ ശേഷമാണ് ഇതൊരു പുതിയ വർഗ്ഗമാണെന്ന നിഗമനത്തിൽ ഗവേഷകർ എത്തിയത്.
ഇരുണ്ട തവിട്ട് നിറമുള്ള സാത്താൻ ടരാന്റുലയ്ക്ക് രണ്ട് ഇഞ്ചിൽ താഴെ നീളമുണ്ട്. സ്വർണനിറത്തിലുള്ള രോമങ്ങളോടുകൂടിയ ഇവയ്ക്ക് എട്ടുകാലികൾക്ക് പുറമെ എട്ടു കണ്ണുകളുമുണ്ട്. ഇവയിലെ ആൺ വർഗത്തിന്റെ ജനനേന്ദ്രിയ അവയവങ്ങൾ, പെൺവർഗത്തിന്റെ പ്രത്യുത്പാദന അവയവങ്ങൾ, ആവാസവ്യവസ്ഥ എന്നിവ അടിസ്ഥാനമാക്കിയാണ് പുതിയ ഇനത്തെ തിരിച്ചറിഞ്ഞത്.
ഉഗ്ര വിഷമുള്ള ഇനമാണ് സാത്താൻ ടരാന്റുലകൾ. ഇവയുടെ കടിയേറ്റാൽ അതിജീവനത്തിനുള്ള സാധ്യതയും കുറവാണ്. ആൻഡ്സ് പർവ്വത നിരകളിൽ 2,800 അടിക്കും 3100 അടിക്കും ഇടയിലുള്ള പ്രദേശമാണ് ഇവയുടെ വാസസ്ഥലം. എന്നാൽ ഇവ ഗുരുതര വംശനാശം ഭീഷണി നേരിടുന്നുണ്ടെന്നും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. സ്വാഭാവിക ആവാസ വ്യവസ്ഥയ്ക്ക് ഉണ്ടാകുന്ന നാശവും അനധികൃത ഖനനവും കൃഷിയെ അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങളുമാണ് ഈ ജീവിവർഗത്തിന്റെ നിലനിൽപ്പിന് കടുത്ത ഭീഷണി ഉയർത്തുന്നത്. സൂക്കി എന്ന ജീവശാസ്ത്ര ജേണലിലൂടെയാണ് സാത്താൻ ടരാന്റുലയെക്കുറിച്ചുള്ള പഠന വിവരങ്ങൾ പങ്കുവച്ചിരിക്കുന്നത്.