സൂനാമി ഭീഷണിയിൽ റഷ്യയുടെ ഏറ്റവും വലിയ ദ്വീപ്: ചൂഷണങ്ങളുടെ കഥ പറയുന്ന സഖാലിൻ
Mail This Article
കഴിഞ്ഞ ദിവസം ജപ്പാനിൽ സംഭവിച്ച ഭൂചലനങ്ങളുടെ ഭാഗമായി മറ്റു ചില രാജ്യങ്ങളും സൂനാമി മുന്നറിയിപ്പുകൾ നൽകിയിരുന്നു. ഉത്തര, ദക്ഷിണ കൊറിയകളും ജപ്പാനുമാണ് ഈ രാജ്യങ്ങൾ. തങ്ങളുടെ പസിഫിക് ദ്വീപായ സഖാലിനിലാണ് റഷ്യ ജാഗ്രതാനിർദേശം നൽകിയത്.
വടക്കൻ പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന സഖാലിൻ ദ്വീപ് റഷ്യൻ ഫെഡറേഷന്റെ ഏറ്റവും വലിയ ദ്വീപാണ്. പ്രകൃതിവിഭവങ്ങളാൽ സമ്പന്നമായ ഇത് സാമ്പത്തിക വികസനത്തിൽ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. പർവതങ്ങളും വനങ്ങളും മുതൽ തീരദേശ സമതലങ്ങൾ വരെയുള്ള വൈവിധ്യമാർന്ന ഭൂപ്രകൃതിക്ക് പേരുകേട്ടതാണ് ഈ ദ്വീപ്. തണുത്ത ശൈത്യകാലവും നേരിയ വേനലും ഉൾപ്പെടെ വ്യത്യസ്തമായ കാലാവസ്ഥയാണ് ഈ ദ്വീപിന്. വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങളെ പിന്തുണയ്ക്കുന്ന ഒരു അതുല്യമായ അന്തരീക്ഷം ഈ കാലാവസ്ഥ ഒരുക്കും.
സഖാലിനിൽ ഐനു, നിവ്ഖ് എന്നിവരുൾപ്പെടെ വിവിധ തദ്ദേശീയരായ ആളുകൾ താമസിച്ചിരുന്നു. റഷ്യൻ പര്യവേക്ഷകരും കുടിയേറ്റക്കാരും പതിനെട്ടാം നൂറ്റാണ്ടിൽ എത്തിത്തുടങ്ങി. 1905ൽ റഷ്യയും ജപ്പാനും ഈ ദ്വീപിൽ ഉടമസ്ഥത പുലർത്തി. എന്നാൽ രണ്ടാം ലോകയുദ്ധത്തിനു ശേഷം ദ്വീപ് റഷ്യയുടെ കൈവശമായി. ഇവിടെയുണ്ടായിരുന്ന ജപ്പാൻകാർ മടങ്ങി.
തടവുപുള്ളികളെ പാർപ്പിക്കുന്ന റഷ്യയുടെ കേന്ദ്രം എന്ന നിലയിൽ സഖാലിൻ കുപ്രസിദ്ധമായി. ഇവിടെയുണ്ടായിരുന്ന തദ്ദേശീയർ ചൂഷണത്തിനു വിധേയരാകുകയും അവരുടെ എണ്ണം കുറയുകയും ചെയ്തു. എന്നാൽ റഷ്യക്കാരുടെ എണ്ണം കൂടി. ഇന്ന് 5 ലക്ഷത്തോളമാണ് ദ്വീപിന്റെ ജനസംഖ്യ, 20-ാം നൂറ്റാണ്ടിൽ സഖാലിൻ തീരത്ത് എണ്ണയും പ്രകൃതിവാതകവും കണ്ടെത്തിയതാണ് ദ്വീപിനെ ഒരു ഊജ കേന്ദ്രമാക്കി മാറ്റിയത്. ഇത് രാജ്യാന്തര നിക്ഷേപം ആകർഷിക്കുന്ന എണ്ണ, വാതക പദ്ധതികളുടെ വികസനത്തിലേക്ക് നയിച്ചു.
ഊർജം, മത്സ്യബന്ധനം, വനവൽക്കരണം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ദ്വീപിന്റെ സമ്പദ്‌വ്യവസ്ഥ വൈവിധ്യവൽക്കരിക്കപ്പെട്ടിരിക്കുന്നു. ഭരണ കേന്ദ്രമായ യുഷ്നോ-സഖാലിൻസ്ക് നഗരം സാമ്പത്തിക പ്രവർത്തനങ്ങളുടെയും സാംസ്കാരിക വിനിമയത്തിന്റെയും രംഗമായി പിന്നീട് മാറി.