ലോകത്തെ ഏറ്റവും വിഷമുള്ള കടൽമത്സ്യം; കണ്ടാൽ കല്ലുപോലെ, കൊടുംഭീകരർ ഇന്ത്യൻ മഹാസമുദ്രത്തിലും
Mail This Article
ലോകത്തിലെ ഏറ്റവും വിഷമുള്ള കടൽ മത്സ്യം ഏതെന്നു ചോദിച്ചാൽ പല വിദഗ്ധരും ചൂണ്ടിക്കാട്ടുക സ്‌റ്റോൺഫിഷ് എന്ന മത്സ്യത്തെയാകും. ഇന്ത്യൻ മഹാസമുദ്രം, പസിഫിക് സമുദ്രം എന്നിവയുടെ തീരപ്രദേശങ്ങളിലാണ് സ്റ്റോൺഫിഷുകൾ കാണപ്പെടുന്നത്. പല വിഭാഗങ്ങളിലുള്ള ജീവികൾ ഇക്കൂട്ടത്തിലുണ്ടെങ്കിലും റീഫ് സ്റ്റോൺഫിഷ് എന്ന വകഭേദമാണ് ഏറ്റവും പ്രശസ്തം. സിനൻഷ്യ വെറുകോസ് എന്നാണ് ഇതിന്റെ ശാസ്ത്രനാമം.
സ്‌റ്റോൺഫിഷ് 40 സെന്‌റിമീറ്റർ വരെയൊക്കെ വലുപ്പം വയ്ക്കും. എന്നാൽ ഇവയെ കണ്ടെത്താൻ പാടാണ്. കല്ലോ പാറയോ പോലെ ഇവ കാണപ്പെടുന്നതിനാലാണ് ഇത്.
കടലിന്റെ അടിത്തട്ടിലെ മണ്ണിൽ കുറച്ചു കുഴിച്ചിട്ടാണ് സ്റ്റോൺഫിഷ് ഇറങ്ങിയിരിക്കുക. ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാനായാണ് ഇത്. വലിയ വായകളും എപ്പോഴും ജാഗരൂകമായ കണ്ണുകളും ഇവയ്ക്കുണ്ട്.
ചാരനിറം മുതൽ കാപ്പിപ്പൊടി നിറത്തിൽ വരെയുള്ള സ്‌റ്റോൺഫിഷുകൾ കടലിലുണ്ട്. ഓറഞ്ച്, പർപ്പിൾ, പിങ്ക്, ചുവപ്പ് നിറങ്ങളിലും ഇവയെ കാണാം. ഇത്തരം നിറങ്ങൾ ഇവയ്ക്ക് കടലിലെ പാറകളാണെന്ന തോന്നൽ നന്നായി നൽകാൻ കഴിയും. പോരാത്തതിന് ചെറിയ ചെറിയ മുഴപ്പുകൾ പോലുള്ള വളർച്ചകളും ഇവയ്ക്കുണ്ട്. ഈ മുഴുപ്പുകളും ഇവ പാറയാണെന്ന പ്രതീതി കൂടുതൽ സൃഷ്ടിക്കും.
സ്റ്റോൺഫിഷുകൾ നീന്തുന്നത് വളരെ അപൂർവമാണ്. കടലിന്റെ അടിത്തട്ടില്ലോ പവിഴപ്പുറ്റുകളിലോ വിശ്രമിച്ചിട്ട് അടുത്തുവരുന്ന ചെറിയ മീനുകളെ പിടികൂടുകയാണ് ഇവ ചെയ്യാറുള്ളത്. സ്‌കോർപിയോൺഫിഷ്, ലയൺഫിഷ് തുടങ്ങിയ മീനുകളുമായി അടുത്ത ബന്ധം പുലർത്തുന്നവയാണ് സ്റ്റോൺഫിഷുകൾ. നേരത്തെ പറഞ്ഞതുപോലെ തന്നെ ചെറുമീനുകൾ, കൊഞ്ചുകൾ, ചെറിയ കക്കകൾ ഇവയെ എല്ലാം സ്‌റ്റോൺഫിഷുകൾ ഭക്ഷണമാക്കും.
മറഞ്ഞിരുന്ന് ഇരകൾ അടുത്തുവരുമ്പോൾ ആക്രമിക്കുന്ന ജീവികളെ ആംബുഷ് പ്രെഡേറ്റേഴ്‌സ് എന്നാണ് വിളിക്കുന്നത്. സ്റ്റോൺഫിഷും ഈ ഗ്രൂപ്പിൽ ഉൾപ്പെടുന്നു. മറ്റുചില ആംബുഷ് പ്രെഡേറ്റേഴ്‌സിന് ഇരകളെ ആകർഷിക്കാനുള്ള ശാരീരിക പ്രത്യേകതകൾ കാണും. എന്നാൽ സ്റ്റോൺഫിഷിന് ഇതില്ലാത്തതിനാൽ ക്ഷമയോടെ കാത്തിരിക്കേണ്ടിവരും.
കടുത്ത വിഷം തന്നെയാണ് ഇവയുടെ മറ്റൊരു പ്രത്യേകത. ശരീരത്തിലെ ചെറിയ മുള്ളുകളിലൂടെ ഇവയ്ക്ക് വിഷം പ്രവഹിപ്പിക്കാനാകും. എന്നാൽ ഈ മുള്ളുകൾ കൊണ്ട് അങ്ങോട്ട് ആക്രമിക്കാൻ ഇവയ്ക്കാവില്ല. ഇവയെ ചവിട്ടുമ്പോഴും മറ്റുമാണ് വിഷം ഇരയിലെത്തുക. കടുത്തവേദനയും പ്രശ്‌നങ്ങളും ഇവയ്ക്കുണ്ടാക്കാൻ സാധിക്കും.