വെള്ളത്തിലെ അന്യഗ്രഹജീവി; വടിവാൾ പോലെ കീഴ്ചുണ്ടുള്ള മത്സ്യം: പഠന റിപ്പോർട്ട് പുറത്ത്
Mail This Article
കാലാകാലങ്ങൾക്കു മുൻപ് ഭൂമിയിലെ സമുദ്രങ്ങളിൽ അദ്ഭുത രൂപമുള്ള ഒരു മത്സ്യം വിഹരിച്ചിരുന്നു. ഏലിയാനകാന്തസ് എന്ന ഈ മത്സ്യത്തെ ഒറ്റനോട്ടത്തിൽ കണ്ടാൽ ചില ഹോളിവുഡ് സയൻസ് ഫിക്ഷൻ സിനിമകളിലും മറ്റും കാണുന്ന ഏലിയൻസിനോട് സാദൃശ്യം തോന്നും. അന്യഗ്രഹജീവികളുടെ ഇംഗ്ലിഷ് വാക്കായ ഏലിയനിൽ നിന്നാണ് ഏലിയാനകാന്തസ് എന്ന് ഈ മീനിനു പേരുവന്നത്.
1957ൽ പോളണ്ടിൽവച്ചാണ് ഈ മീനിന്റെ ഫോസിൽ ആദ്യമായി ശാസ്ത്രജ്ഞർ കുഴിച്ചെടുത്തത്. ഈ മീനിന്റെ വായയുടെ ഭാഗത്തു നിന്നു നീണ്ടുനിൽക്കുന്ന ഭാഗം എന്താണെന്ന് അന്ന് ഗവേഷകർക്ക് പിടികിട്ടിയില്ല. എന്നാൽ ഇപ്പോൾ പുതിയ ഗവേഷണത്തിലാണ്, വടിവാൾ പോലെ നീണ്ട ഘടനയുള്ള ഇത് മത്സ്യത്തിന്റെ കീഴ്ചുണ്ടാണെന്ന് ഗവേഷകർക്ക് മനസ്സിലായത്. ഗവേഷണവിവരങ്ങൾ റോയൽ സൊസൈറ്റി ഓപ്പൺ സയൻസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ചു.
സ്വിറ്റ്‌സർലൻഡിലെ സൂറിച്ച് സർവകലാശാലയിൽ നിന്നുള്ള ഗവേഷകരുടെ സംഘമാണ് പഠനം നടത്തിയത്. സൂറിച്ച് സർവകലാശാലയിലെ പാലിയന്റോളജിസ്റ്റായ മെലീന ജോബിൻസാണു പഠനത്തിനു നേതൃത്വം വഹിച്ചത്.
ഭൗമചരിത്രത്തിലെ ഡെവോണിയൻ എന്ന കാലയളവിലാണ് ഈ മത്സ്യം ജീവിച്ചിരുന്നത്. അന്നു ഭൂമി രണ്ടു വലിയ ഭൂഖണ്ഡങ്ങളായി വിഭജിക്കപ്പെട്ടിരിക്കുകയായിരുന്നു. പോളണ്ടിൽ ഇതിന്റെ ഫോസിൽ ആദ്യമായി കണ്ടെത്തിയ ശേഷം പല ഫോസിലുകൾ മധ്യ പോളണ്ടിലും മൊറോക്കോയിലുമായി കണ്ടെത്തിയിരുന്നു.
പ്ലാക്കോഡേം എന്ന വിഭാഗത്തിൽപെട്ട മത്സ്യങ്ങളാണ് ഇവ. കവചമുള്ള മീനുകളെ പറയുന്ന പേരാണ് ഇത്. ഇന്നത്തെ കാലത്തെ സ്വോഡ്ഫിഷുമായി ചെറിയ സാമ്യം ഇവ പുലർത്തിയിരുന്നെന്നും ഗവേഷകർ പറയുന്നു.