ജനിച്ചനാൾ മുതൽ പൊന്നുപോലെ നോക്കി; ഒടുവിൽ മൃഗശാല ജീവനക്കാരനെ കടിച്ചുകൊന്ന് സിംഹം
Mail This Article
ജനിച്ചതു മുതൽ പരിചരിച്ചുവന്നിരുന്ന മൃഗശാല ജീവനക്കാരനെ കടിച്ചുകൊന്ന് സിംഹം. നൈജീരിയയിലെ ഒബാഫെമി അവോലോവോ സർവകലാശാലയിലെ മൃഗശാലയിലാണ് സംഭവം. വെറ്ററിനറി ടെക്നോളജിസ്റ്റായ ഒലബോഡെ ഒലാവുയി എന്നയാളാണ് അതിദാരുണമായി കൊല്ലപ്പെട്ടത്.
തിങ്കളാഴ്ചയാണ് സംഭവം. സിംഹങ്ങൾക്ക് ഭക്ഷണം കൊടുക്കുന്നതിനിടെയാണ് ആക്രമിച്ചത്. സഹപ്രവർത്തകർ രക്ഷിക്കാൻ എത്തുമ്പോഴേക്കും സിംഹങ്ങളിലൊന്ന് ഒലാവുയിയെ മാരകമായി പരിക്കേൽപിച്ചിരുന്നു. ഒൻപത് വർഷം മുൻപാണ് ഈ സിംഹങ്ങൾ ജനിച്ചതെന്നും അന്ന് മുതൽ ഒലാവുയി തന്നെയാണ് ഇവരെ പരിചരിച്ചുവരുന്നതെന്നും അധികൃതർ പറഞ്ഞു. ഇത്രയും കാലം ഇടപഴകിയ ആളെ കൊല്ലാൻ മാത്രം ആ സിംഹത്തെ പ്രകോപിപ്പിച്ചത് എന്താണെന്ന് തങ്ങൾക്ക് അറിയില്ലെന്നും അവർ വ്യക്തമാക്കി.
സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി സർവകലാശാല വൈസ് ചാൻസലർ പ്രഫ. അഡെബയോ സിമിയോൺ ബാമിരെ പറഞ്ഞു. ഭക്ഷണം കൊടുത്ത ശേഷം സിംഹങ്ങളുടെ കൂട് അടയ്ക്കാൻ ഒലാവുയി വിട്ടുപോയതാണ് ആക്രമണത്തിനു കാരണമായതെന്ന് വിദ്യാർഥി യൂണിയൻ നേതാവ് അബ്ബാസ് അക്കിന്റേമി പറഞ്ഞു.