ADVERTISEMENT

വാണിജ്യാടിസ്ഥാനത്തിലുള്ള തിമിംഗലവേട്ട നിർത്താൻ ഉദ്ദേശ്യമില്ലെന്ന് വെളിവാക്കി ഐസ്‍ലൻഡിന്റെ പുതിയ നീക്കം. വൻതോതിൽ തിമിംഗലവേട്ട ലോകത്ത് പല രാജ്യങ്ങളിലും നടപ്പാക്കിയിരുന്നെങ്കിലും തിമിംഗലങ്ങൾ സമുദ്രത്തിൽ വഹിക്കുന്ന പ്രധാന്യവും അതിന്റെ പാരിസ്ഥിതികമായ പ്രാധാന്യവും കണക്കിലെടുത്ത് ഇതു നിർത്താനോ നിയന്ത്രിക്കാനോ പല രാജ്യങ്ങളും നിർബന്ധിതരായിരുന്നു. എന്നാൽ ജപ്പാൻ, നോർവേ, ഐസ്‌ലൻഡ് എന്നീ രാജ്യങ്ങൾ തിമിംഗല വേട്ട തുടർന്നു.

തങ്ങളുടെ രാജ്യങ്ങളുടെ സംസ്‌കാരവുമായിട്ടും സമൂഹവുമായിട്ടും തിമിംഗല വേട്ട ഇഴുകിച്ചേർന്നിരിക്കുന്നു എന്നതായിരുന്നു ഇവർ മുന്നോട്ടുവച്ച ന്യായം. നോർവേയും ജപ്പാനും തിമിംഗല വേട്ട തുടർന്നപ്പോഴും ഐസ്‌ലൻഡ് ഈ വർഷം തങ്ങളുടെ നയങ്ങളിൽ മാറ്റം വരുത്തുമെന്ന് പ്രഖ്യാപിച്ചത് പരിസ്ഥിതി സ്‌നേഹികൾക്ക് പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ വേട്ട നിർത്താൻ ഉദ്ദേശമില്ലെന്ന് സൂചിപ്പിച്ച് കൊണ്ട് ഹ്വാലുർ എന്ന കമ്പനിക്ക് ലൈസൻസ് നൽകിയിരിക്കുകയാണ് ഐസ്‌ലൻഡ്. ഈ വർഷം 128 ഫിൻ തിമിംഗലങ്ങളെ വേട്ടയാടാനുള്ള പെർമിറ്റാണ് കമ്പനിക്കു നൽകിയിരിക്കുന്നത്.

(Photo: X/ @XposeTrophyHunt)
(Photo: X/ @XposeTrophyHunt)

എന്നാൽ നീക്കത്തിനെതിരെ വൻതോതിലുള്ള വിമർശനം ലോകമെമ്പാടും ഉയർന്നു കഴിഞ്ഞു. ഹ്യുമൻ സൊസൈറ്റി ഇന്റർനാഷനൽ ആനിമൽ പ്രൊട്ടക്ഷൻ ചാരിറ്റി എന്ന സംഘടന സർക്കാരിനെ നിശിതമായി വിമർശിച്ചു. തിമിംഗലവേട്ട അതീവ ക്രൂരമാണെന്നു മനസ്സിലായശേഷവും ഇതുമായി മുന്നോട്ടു പോകുകയാണ് സർക്കാരെന്നാണ് അവരുടെ വാദം. വേട്ടയ്ക്കിരയാകുന്ന തിമിംഗലങ്ങളിൽ പലതും രണ്ടു മണിക്കൂറൊക്കെ കഴിഞ്ഞാണ് ചാവുന്നത്. ഓരോ തിമിംഗലവും ശരാശരി 11.5 മിനിറ്റെങ്കിലും കടുത്ത വേദനയിലൂടെ കടന്നുപോകുന്നുണ്ടെന്നും ഈ സംഘടനയുമായി ബന്ധപ്പെട്ടുള്ള ഗവേഷകർ പറയുന്നു.

രണ്ട് തിമിംഗലവേട്ട കപ്പലുകൾ ഉള്ള കമ്പനിയാണ് ഹ്വാലുർ. ഇവർക്ക് കഴിഞ്ഞ വർഷം 161 ഫിൻ തിമിംഗലങ്ങളെ വേട്ടയാടാനുള്ള അനുമതി സർക്കാർ നൽകിയിരുന്നു. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് ഐസ്‌ലൻഡിൽ തിമിംഗലവേട്ട നടക്കുന്നത്. ഇങ്ങനെ വേട്ടയാടുന്ന തിമിംഗലങ്ങളുടെ മാംസം ജപ്പാനിലേക്ക് കയറ്റുമതി ചെയ്യും. ജപ്പാനിൽ തിമിംഗല മാംസത്തിന് വൻ ഡിമാൻഡാണ്.

രാജ്യത്തിന്റെ സംസ്‌കാരവുമായി ബന്ധപ്പെട്ടാണ് തിമിംഗലവേട്ട എന്നൊക്കെ ഐസ്‌ലൻഡ് പറയുമ്പോഴും അവിടത്തെ 51 ശതമാനം പൗരൻമാരും ഈ നടപടിക്കെതിരാണ്. ലോകത്തേറ്റവും വലിയ തോതിൽ വാണിജ്യാധിഷ്ഠിത തിമിംഗലവേട്ട നടത്തുന്ന രാജ്യം നോർവേയാണ്.

English Summary:

Iceland Defies Global Criticism: Renewed Whaling Permits Signal No End to Controversial Hunting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com