ഉത്തർപ്രദേശിൽ വെള്ളത്തവളയെ കണ്ടെത്തി; ഇന്ത്യയിൽ ആദ്യത്തെ സംഭവം
Mail This Article
പൂർണമായും വെളുത്ത നിറമുള്ള തവളയെ ഡൽഹി സർവകലാശാലാ ഗവേഷകർ ഉത്തർ പ്രദേശിൽ കണ്ടെത്തി. ഇതാദ്യമായാണ് രാജ്യത്ത് ഇങ്ങനെയൊരു തവളയെ കിട്ടുന്നത്. ഇന്ത്യൻ ബുൾഫ്രോഗ് വിഭാഗത്തിൽപെട്ടതാണ് ഈ തവള. ഹോപ്ലോബാട്രക്കസ് ടൈഗെറിനസ് എന്നാണ് ഇന്ത്യൻ ബുൾഫ്രോഗുകളുടെ ശാസ്ത്രനാമം. ല്യൂഷിസം എന്ന അവസ്ഥയാണ് ഈ തവളകളെ പൂർണമായും വെള്ളനിറത്തിലാക്കിയതെന്ന് ഗവേഷകർ പറഞ്ഞു. ജനിതകമായ കാരണങ്ങളാണ് ല്യൂഷിസത്തിന്‌റെ പ്രധാന കാരണം. എന്നാൽ രോഗങ്ങൾ മുതൽ അന്തരീക്ഷ ഈർപ്പവും ഭക്ഷണവും വരെ ഈ അവസ്ഥയെ സ്വാധീനിക്കാം. ഹെർപറ്റോളജി നോട്ട്‌സ് എന്ന ജേണലിൽ ഈ പഠനത്തിന്‌റെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു.
റോബിൻ സുയേഷ്, സ്വസ്തിക് പി പാദി, ഹർഷിത് ചാവ്‌ല എന്നീ ഗവേഷകരാണ് ഈ വെളുത്ത തവളയെ ഫീൽഡ് വിസിറ്റിനിടെ കണ്ടെത്തിയത്. കണ്ണുകൾ ഒഴിച്ച് ഈ ജീവിയുടെ എല്ലാ ഭാഗങ്ങളും വെള്ളയാണെന്ന് ഗവേഷകർ പറഞ്ഞു.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വളരെ വ്യാപകമായി കാണപ്പെടുന്ന തവളയാണ് ഇന്ത്യൻ ബുൾഫ്രോഗ്. ഇന്ത്യ കൂടാതെ നേപ്പാൾ,ബംഗ്ലദേശ്, ഭൂട്ടാൻ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലും ഇവയുണ്ട്. ഒലീവ് പച്ച അല്ലെങ്കിൽ മഞ്ഞ നിറത്തിലാണ് ഇവ പൊതുവെ കാണപ്പെടുന്നത്. ശരീരവലുപ്പം കൂടുതലുള്ള തവളകളാണ് ഇവ. ചെറിയ കീടങ്ങൾ, പക്ഷികൾ, ചെറുജീവികൾ തുടങ്ങി വളരെ വൈവിധ്യപൂർണമായ ഒരു ഡയറ്റാണ് ഈ തവളകൾക്കുള്ളത്.
ആൽബിനിസം എന്ന മറ്റൊരു അവസ്ഥയും ജീവികളിൽ സമാനമായ മാറ്റങ്ങൾ ഉണ്ടാക്കാറുണ്ട്. എന്നാൽ ഇത് ആൽബിനിസമല്ലെന്നും മറിച്ച് ല്യൂഷിസം തന്നെയാണെന്നും ഗവേഷകർ പറഞ്ഞു.