വഴിതെറ്റി യുപിയിലെ തെരുവിലെത്തിയ മുതല; വാലിൽ ചവിട്ടി യുവാവിന്റെ ഉപദ്രവം: വിമർശനം
Mail This Article
ഉത്തർപ്രദേശിലെ ബിജ്നോറിലെ നംഗൽസോട്ടി ഗ്രാമത്തിൽ അപ്രതീക്ഷിതമായി മുതലയെത്തി. കനത്ത മഴയ്ക്കു പിന്നാലെ വഴിതെറ്റി ജനവാസമേഖലയിലേക്ക് എത്തിയതാണ് മുതല. എന്നാൽ അതിനെ യാതൊരു കൂസലുമില്ലാതെ നാട്ടുകാർ ഉപദ്രവിക്കുകയായിരുന്നു. ജീവനുവേണ്ടി പായുന്ന മുതലയുടെ വാലിൽ ഒരാൾ ചവിട്ടി ഉപദ്രവിച്ചു.
റോഡിനു ഒരു വശത്ത് വീടുകളോട് ചേർന്ന ഭാഗത്ത് ഇഴഞ്ഞുപോവുകയായിരുന്നു മുതല. ഇതിനു മുന്നിലും പിന്നിലുമായി നിരവധിപ്പേർ ഉണ്ടായിരുന്നു. ആർക്കും ഭയമില്ലായിരുന്നു. തെരുവിലെ ഒരു നായ ആക്രമിക്കാൻ അടുത്തെത്തിയെങ്കിലും മുതല ഒന്ന് തിരിഞ്ഞതോടെ നായ പേടിച്ചോടി. എന്നാൽ തൊട്ടുപിന്നാെല വന്നയാൾ മുതലയുടെ വാലിൽ ആഞ്ഞു ചവിട്ടിയതോടെ അത് വേഗത്തിൽ പാഞ്ഞു. ഇതോടെ മുൻപിലുണ്ടായിരുന്ന ആളുകൾ വീടുകളിലേക്ക് ഓടിയൊളിച്ചു. മുതലയെ വിരട്ടാനായി ആളുകൾ കൂകിവിളിക്കുകയും മറ്റും ചെയ്യുന്നുണ്ടായിരുന്നു.
ഒടുവിൽ വനംവകുപ്പ് എത്തി മുതലയെ പിടികൂടി. വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നാട്ടുകാരെ വിമർശിച്ച് നിരവധിപ്പേർ രംഗത്തെത്തി. വഴിതെറ്റി വന്ന മുതല എങ്ങനെയെങ്കിലും രക്ഷപ്പെടാനുള്ള ശ്രമത്തിലാണ്. എന്നാൽ അതിനെ ഇങ്ങനെ ഉപദ്രവിച്ച് ഭയപ്പെടുത്തുന്നതെന്തിനാണെന്ന് ചിലർ ചോദിച്ചു.