ADVERTISEMENT

കാസർകോട് ജില്ലയിൽ നീർപക്ഷികളുടെ എണ്ണത്തിൽ വർധന. നീർപക്ഷികൾ കൂടൊരുക്കുന്ന കൊറ്റില്ലങ്ങളുടെ സർവേ പൂർത്തിയായതോടെയാണ് നീർപക്ഷികളുടെ എണ്ണത്തിലെ‍ വർധന കണ്ടെത്തിയത്. ദേശീയപാത വികസനത്തിന്റെ ഭാഗമായി മരങ്ങൾ മുറിച്ചു മാറ്റിയതിനാൽ കൊറ്റില്ലങ്ങളുടെ എണ്ണത്തിൽ കുറവ് പ്രതീക്ഷിച്ച അധികൃതരെ ആശ്ചര്യപ്പെടുത്തിയാണ് ഈ വർധന. കഴിഞ്ഞ വർഷം കുറവുണ്ടായിരുന്നു. 556 കൊറ്റില്ലങ്ങളാണ് കഴിഞ്ഞ വർഷം കണ്ടെത്തിയതെങ്കിൽ ഈ വർഷം അവയുടെ എണ്ണം 848 ആയി.

അനുകൂല സാഹചര്യങ്ങളും നല്ല മഴയുമാണ് എണ്ണത്തിൽ വർധന വരാൻ കാരണം. കുളക്കൊക്ക്, പാതിരാക്കൊക്ക്, ചെറിയ നീർകാക്ക, കിന്നരി നീർക്കാക്ക എന്നിവയുടെ എണ്ണം ജില്ലയിൽ വർധിച്ചിട്ടുണ്ട്. ഇതിൽ കിന്നരി നീർകാക്കയുടെ എണ്ണം 167 ശതമാനം കൂടിയതായി സർവേയിൽ കണ്ടെത്തി. ചെറിയ നീർകാക്കയുടെ എണ്ണം 40 ശതമാനവും കുളക്കൊക്കുകളുടെ എണ്ണം 32 ശതമാനവും പാതിരകൊക്കുകളുടെ എണ്ണം 11 ശതമാനവും കൂടി. കാസർകോട് സാമൂഹിക വനവൽക്കരണ വിഭാഗവും മലബാർ അവെയർനെസ് ആൻഡ് റെസ്ക്യൂ സെന്റർ ഫോർ വൈൽഡ്‌ ലൈഫും (മാർക്) ചേർന്നാണ് സർവേ നടത്തിയത്.

ഉളിയത്തടുക്കയിൽ മരച്ചില്ലയിലെ കൂട്ടിലിരിക്കുന്ന കുളക്കൊക്കും കുഞ്ഞും. ചിത്രം: മനോരമ
ഉളിയത്തടുക്കയിൽ മരച്ചില്ലയിലെ കൂട്ടിലിരിക്കുന്ന കുളക്കൊക്കും കുഞ്ഞും. ചിത്രം: മനോരമ

ഹൊസങ്കടി, ബായിക്കട്ട, ഉപ്പള, ഉളിയത്തട്ക്ക, നീർച്ചാൽ, നെല്ലിക്കട്ട, ബോവിക്കാനം, മൂലക്കണ്ടം, കാഞ്ഞങ്ങാട്, പള്ളിക്കര, തൈക്കടപ്പുറം എന്നിവിടങ്ങളിലാണ് നീർപക്ഷികൾ കൂടൊരുക്കിയതായി സർവേയിൽ കണ്ടെത്തിയത്. കഴിഞ്ഞ വർഷം ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് പാതയോരത്തെ മരങ്ങൾ മുറിച്ചു മാറ്റിയപ്പോൾ നീർപക്ഷികളുടെ എണ്ണത്തിൽ ക്രമാതീതമായ കുറവ് കണ്ടെത്തിയിരുന്നു. ജില്ലയിലെ ജലാശയ ആവാസ വ്യവസ്ഥയുടെ ആരോഗ്യകരമായ നിലനിൽപ് ഉറപ്പുവരുത്തുന്നതാണ് സർവേ ഫലം എന്ന് അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ ഷജ്ന കരീം, ഡോ. റോഷ്നാഥ് രമേശ് എന്നിവർ അഭിപ്രായപ്പെട്ടു.

റേഞ്ച് ഫോറസ്റ്റ് ഓഫിസർമാരായ സോളമൻ ടി.ജോർജ്, കെ.ഗിരീഷ്, ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ എൻ.വി.സത്യൻ, താഹിർ അഹമ്മദ്, രാജു കിദൂർ, ടി.യു.ത്രിനിഷ എന്നിവർ സർവേയിൽ പങ്കെടുത്തു. സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർമാരായ കെ.കെ.ബാലകൃഷ്ണൻ, കെ.ആർ.വിജയനാഥ്, എം.സുന്ദരൻ, എം.ബിജു, ബീറ്റ് ഫോറസ്റ്റ് ഓഫിസർ എം.ജെ.അഞ്ജു എന്നിവർ നേതൃത്വം നൽകി.

info
English Summary:

Survey records rise in water bird population in Kasaragod

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com