ADVERTISEMENT

ലോകത്തിൽ അനേക ലക്ഷം പ്രേക്ഷകരുടെ മനം കവർന്ന ഡിസ്നിയുടെ ക്ലാസിക് അനിമേഷൻ ചിത്രമായ ലയൺകിങ്. സിംബ എന്ന സിംഹക്കുട്ടിയുടെ കഥ പറയുന്ന സിനിമയാണ് ഇത്. ലയൺ കിങ് സിനിമാ പരമ്പരയിലെ ഏറ്റവും പുതിയ ചിത്രമായ മുഫാസയുടെ ആദ്യ ട്രെയിലർ പുറത്തിറങ്ങിയിരുന്നു. ഷാറുഖ് ഖാൻ, അദ്ദേഹത്തിന്റെ മക്കളായ ആര്യൻ, അബ്രാം എന്നിവരാണ് ഈ സിനിമയിൽ മുഫാസയ്ക്ക് ശബ്ദം കൊടുക്കുന്നതെന്നും വാർത്തകളിലിടം നേടിയിരുന്നു. സിംഗപ്പൂരിൽ ഒരു യഥാർഥ മുഫാസ ഉണ്ടായിരുന്നു.പേരിൽ സിംഹമൊക്കെയുണ്ടെങ്കിലും സിംഗപ്പൂർ ഒരുകാലത്തും സിംഹങ്ങളുടെ ആവാസ വ്യവസ്ഥയായിരുന്നിട്ടില്ല.ആഫ്രിക്കയിൽ നിന്നും മറ്റുമാണ് സിംഹങ്ങളെ ഇവിടത്തെ മൃഗശാലകളിൽ എത്തിക്കുന്നത്. വലിയ ശ്രദ്ധയാണ് മൃഗശാലകളിൽ ഇവയ്ക്ക് കിട്ടുന്നത്.ഇത്തരത്തിൽ സിംഗപ്പൂരിലെ മൃഗശാലയിൽ എത്തിയ ഒരു ആഫ്രിക്കൻ സിംഹമായിരുന്നു മുഫാസ.

കൂട്ടിലിട്ടതിനാലാണോ എന്തോ,തികച്ചും ഏകാകിയായിരുന്നു മുഫാസ.മറ്റുള്ള മൃഗങ്ങളോട് സഹവസിക്കാൻ താൽപര്യമില്ലാതിരുന്ന മുഫാസയ്ക്ക് പക്ഷേ മറ്റു സിംഹങ്ങളേക്കാൾ ആയുസ്സ് കൂടുതലായിരുന്നു. 20 വയസ്സായിരുന്നു മുഫാസയുടെ പ്രായം.സാധാരണ സിംഹങ്ങൾ 13–14 വയസ്സു വരെയെ ജീവിച്ചിരിക്കൂ. ഏകാന്തത ഇഷ്ടപ്പെടുന്ന സ്വഭാവമായതിനാൽ മുഫാസയ്ക്ക് കുട്ടികളൊന്നുമുണ്ടായിരുന്നില്ല.ഒടുവിൽ കൃത്രിമ ഗർഭധാരണത്തിലൂടെ മുഫാസയുടെ ജീനുകളുള്ള ഒരു സിംഹക്കുട്ടിയെ ജനിപ്പിക്കാൻ മൃഗശാല അധികൃതർ തീരുമാനിക്കുകയായിരുന്നു. കെയ്‌ല എന്ന പെൺ‌സിംഹത്തിനെയാണ് അമ്മയായി തീരുമാനിച്ചത്. ഏറെ പഠനങ്ങൾക്കു ശേഷം അവർ പ്രക്രിയ നടപ്പാക്കാൻ തുടങ്ങി.സിംഹങ്ങളിൽ കൃത്രിമ ഗർഭധാരണം നടത്തുന്നത് വളരെ അപൂർവമായാണ്. എന്നാൽ ഈ പ്രക്രിയയ്ക്ക് ശേഷം മുഫാസ മരിച്ചു.

മുഫാസ ഈ ലോകത്തിൽ നിന്ന് എന്നെന്നേക്കുമായി പോയെങ്കിലും മൃഗശാല അധികൃതരുടെ ശ്രമം വിജയിച്ചു.മുഫാസയുടെ ജീനുകളും അതേ കണ്ണുകളുമായി സുന്ദരൻ ആൺസിംഹക്കുട്ടി മൃഗശാലയിൽ ജനിച്ചു.മുഫാസയുടെ പുത്രൻ....അവന് പേരിടാൻ മൃഗശാലക്കാർക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.സിംബ...അവർ അവനെ അങ്ങനെ വിളിച്ചു.സിംബ എന്ന വാക്കിന് ആഫ്രിക്കയിലെ സ്വാഹിലി ഭാഷയിൽ സിംഹം എന്നാണ് അർഥം.

സിംബയുടെ ജനനശേഷം അണുബാധയുണ്ടായതിനാൽ അമ്മ കെയ്‌ലയ്ക്ക് സിംബയ്ക്ക് പാൽ കൊടുക്കാൻ പറ്റിയിരുന്നില്ല. ഇന്ന് സിംബ പഴയ കുട്ടിസിംഹമല്ല, മൂന്നുവയസ്സ് കഴിഞ്ഞിരിക്കുന്നു അവന്. സിംഗപ്പൂരിലെ മാൻഡെ വന്യജീവി സങ്കേതത്തിലാണ് ഇന്ന് സിംബയുള്ളത്.

English Summary:

Real-Life "Lion King" Drama: Mufasa's Legacy Lives on in Singapore

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com