ലോകത്തെ മുഴുവൻ നശിപ്പിക്കുന്ന വൻദുരന്തം എത്തുന്നു? തകർന്ന് യുഎസിലെ പാറയും മെക്‌സിക്കോയിലെ പിരമിഡും
Mail This Article
ലോകം മുഴുവൻ നശിപ്പിക്കുന്ന ഒരു മഹാദുരന്തം. ഇത്തരം നിഗൂഢതാ സിദ്ധാന്തങ്ങൾ നന്നായി ചെലവാകുന്ന രാജ്യമാണ് യുഎസ്. മയൻ കലണ്ടറുമായി ബന്ധപ്പെട്ട് ലോകാവസാനമെന്ന് പറഞ്ഞ് അമേരിക്കക്കാർ പണ്ടുണ്ടാക്കിയ ബഹളമൊക്കെ എല്ലാവർക്കും അറിയാവുന്നതാണ്. ഇപ്പോഴിതാ പുതിയൊരു നിഗൂഢവാദ കോലാഹലം തരംഗമാകുകയാണ് യുഎസിൽ. അതിനു കാരണമായിരിക്കുന്നത് യുഎസിലെ യൂട്ടാ സംസ്ഥാനത്ത് കമാനത്തിന്റെ രൂപത്തിലുള്ള ഒരു പാറ ഘടന തകർന്നതാണ്.
ഡബിൾ ആർച്ച് എന്നറിയപ്പെടുന്ന ഈ ഘടന സ്ഥിതി ചെയ്യുന്നത് യൂട്ടായിലെ ഗ്ലെൻ കാന്യോൺ റിക്രിയേഷൻ മേഖലയിലാണ്. 19 കോടി വർഷം പഴക്കമുള്ള പ്രാചീന ഘടനയാണ് ഈ ആർച്ചെന്ന് ഗവേഷകർ പറയുന്നു. ട്രയാസിക് കാലഘട്ടത്തിന്റെ അവസാന പാദത്തിലും ജുറാസിക് കാലഘട്ടത്തിന്റെ ആദ്യപാദത്തിലുമായി രൂപംകൊണ്ട ഈ ആർച്ച് നവാജോ സാൻഡ്‌സ്‌റ്റോൺ എന്നയിനം ചുണ്ണാമ്പുകല്ലിലാണ് നിർമിക്കപ്പെട്ടിരിക്കുന്നത്. മേഖലയിലെ ജലനിരപ്പ് മാറിമറിയുന്നതും തിരകൾ മൂലം പാറകൾക്കുണ്ടായ ശോഷണവുമാണു തകർച്ചയ്ക്ക് കാരണമായി ഗവേഷകർ പറയുന്നത്. മാനുഷിക പ്രവർത്തനങ്ങളും ഇതിന്റെ തകർച്ചയ്ക്ക് വഴിവച്ചിരിക്കാമെന്ന് ഗവേഷകർ സംശയിക്കുന്നു. ഏതായാലും യൂട്ടായിലെ തദ്ദേശീയ ഗോത്രവർഗക്കാർ ഇതു വരാനിരിക്കുന്ന ഏതോ മഹാദുരന്തത്തിന്റെ സൂചനയായിട്ടാണ് വ്യാഖ്യാനിക്കുന്നത്. ഇത് ഗൂഢസിദ്ധാന്തങ്ങൾക്കും വഴിവച്ചു.
യൂട്ടായിൽ പാറക്കെട്ട് തകരുന്നതിന് 9 ദിവസം മുൻപ് മെക്‌സിക്കോയിലെ ഇഹാത്സിയോ ആർക്കയോളജിക്കൽ സോണിൽ സ്ഥിതി ചെയ്യുന്ന പ്രാചീന പിരമിഡിനും തകർച്ച നേരിട്ടിരുന്നു. മെക്‌സിക്കൻ സംസ്ഥാനമായ മികോകാനിലാണ് ഈ പിരമിഡ് സ്ഥിതി ചെയ്തിരുന്നത്. വരൾച്ച മൂലമുണ്ടായ ഘടനാമാറ്റങ്ങളാണ് ഈ പിരമിഡിന്റെ തകർച്ചയ്ക്ക് വഴിവച്ചതെന്നാണ് ഗവേഷകരുടെ പ്രാഥമിക അനുമാനം. എന്നാൽ ഇവിടെ ജീവിക്കുന്ന പുറെപെക ഗോത്രവർഗക്കാർ ഇതിനെ ഒരു ദുരന്തസൂചനായായിട്ടാണ് കാണുന്നത്.
ഏതായാലും രണ്ടു സംഭവങ്ങളെയും കൂട്ടിയിണക്കി പുതിയ സിദ്ധാന്തങ്ങൾ രൂപീകരിക്കുന്ന തിരക്കിലാണ് ഗൂഢവാദക്കാർ.