വയനാട്ടിലേത് 2500 ദശലക്ഷം വര്‍ഷം പഴക്കമുള്ള ശിലാപാളി; അതീവ ഉരുള്‍പൊട്ടല്‍ മേഖലയായി മാനന്തവാടി, പൊഴുതന, വൈത്തിരി
Mail This Article
‘വയനാടിന്‍റെ വടക്കുഭാഗത്തുള്ള തിരുനെല്ലി, മാനന്തവാടി പഞ്ചായത്തുകളുടെ വിവിധഭാഗങ്ങളില്‍ ഭൂമി വിണ്ടു കീറുകയും നിരങ്ങി നീങ്ങുകയും ചെയ്തിട്ടുണ്ട്. ഏകദേശം 2500 ദശലക്ഷം വര്‍ഷം പഴക്കമുള്ള ദക്ഷിണേന്ത്യയിലെ തന്നെ അതിപ്രാചീനമായ ശിലാപാളികളുടെ ഒരു അടരാണ് ഇവിടെ കാണുന്നത്. ദശലക്ഷക്കണക്കിനു വര്‍ഷങ്ങളായി നിരവധി രാസ ജൈവ ഭൗതിക മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുന്ന ഈ പാറകള്‍ പലതും ദുര്‍ബലമായിരിക്കാൻ സാധ്യതയുണ്ട്’.– 2020ൽ ഹ്യൂം സെന്‍റര്‍ ഫോര്‍ എക്കോളജി ആൻഡ് വൈല്‍ഡ് ലൈഫ് ബയോളജിയും കേരള ശാസ്ത്രസാഹിത്യ പരിഷത്തും ചേർന്ന് തയാറാക്കിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
പാറകള്‍ക്കിടയില്‍ എക്കലും കളിമണ്ണും രൂപപ്പെട്ടിട്ടുണ്ടാവാം. ശൂന്യമായ സ്ഥലങ്ങളും അക്വിഫെറുകളും രൂപപ്പെട്ടിട്ടുണ്ടാവാം. അതിശക്തമായ മഴവെള്ളം ഭൂമിക്കടിയിലേക്കിറങ്ങി ദ്രവിച്ച പാറയിടുക്കുകളിലേക്കു പ്രവേശിക്കുമ്പോൾ പാറകള്‍ക്കും മുകളിലെ മണ്ണടരിനും സ്ഥാനഭ്രംശം സംഭവിക്കാനുള്ള സാധ്യതകളുണ്ടെന്ന് പഠനം വ്യക്തമാക്കുന്നു. മേപ്പാടി, മുൈപ്പനാട്, വൈത്തിരി, പൊഴുതന, വെള്ളമുണ്ട, തൊണ്ടര്‍നാട്, മാനന്തവാടി, തിരുനെല്ലി, മുട്ടില്‍, കോട്ടത്തറ എന്നീ പഞ്ചായത്തുകള്‍ അതീവ ഉരുള്‍പൊട്ടല്‍ സാധ്യതാപ്രദേശങ്ങളില്‍ ഉള്‍െപ്പടുന്ന പഞ്ചായത്തുകളാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇത്തരം പ്രദേശങ്ങളില്‍ നടത്തുന്ന അശാസ്ത്രീയമായ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഭൂവിനിയോഗവും അപകടങ്ങളുടെ ആക്കം കൂട്ടുന്നു. കരിങ്കല്‍ ഖനനം പാറകളേയും മണ്ണടരുകളേയും ദുര്‍ബലപ്പെടുത്തുന്നു. കുഴല്‍ കിണറുകള്‍ പലതും സ്ഥിരമായ ഭൂഗര്‍ഭ ജല അറകളെ കാലിയാക്കിക്കൊണ്ട് ഭൂമിയുടെ ആന്തരിക സ്ഥിരതയെ താറുമാറാക്കുന്നു.
ചെരിവുള്ള മലമുകളിലെ വികസനം
∙ 25 ഡിഗ്രിയിലധികം ചരിവുകൂടിയ പ്രദേശ ത്തു താമസിക്കുന്ന ആളുകളുടെ എണ്ണം കണക്കാക്കി അവരെ പുനരധിവസി പ്പിക്കുതിനുള്ള പദ്ധതികള്‍ തയ്യാറാക്കി സമയബന്ധിതമായി നടപ്പാക്കണം.
∙പല യൂറോപ്പ്യൻ രാജ്യങ്ങളും നടപ്പാക്കിക്കൊണ്ടിരിക്കുന്നതുപോലെ ചെരിവിനും മണ്ണിന്‍റെ സ്വഭാവത്തിനും അനുസരിച്ച് ഭൂമി മേഖല വല്‍ക്കരിക്കുകയും ഓരോ മേഖലയ്ക്കനുസരിച്ച് ഉപയോഗത്തിനുള്ള മാനദണ്ഡങ്ങള്‍ ഉണ്ടാക്കുകയും വേണം.
∙ വയനാടിന്‍റെ പശ്ചിമഘട്ട ഭാഗത്തുള്ള മലമ്പ്രദേശത്ത് 30 ഡിഗ്രിയില്‍ കൂടുതല്‍ ചെരിവുള്ള സ്ഥലങ്ങളില്‍ താമസിക്കുന്ന എല്ലാ കുടുംബങ്ങളെയും മാറ്റിപാര്‍പ്പിക്കേണ്ടതാണ്. അവരുടെ ഉടമസ്ഥതയില്‍ ഉള്ള ഭൂമികളില്‍ കൃഷി അനുവദിക്കാമെങ്കിലും, വിളകളുടെ തിരഞ്ഞെടുപ്പും ഭൂപരിപാലന രീതികളും മണ്ണിളക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കിയുള്ളവ ആയിരിക്കണം.
∙25 ഡിഗ്രിയില്‍ കൂടുതല്‍ ചെരിവുള്ള പ്രദേശങ്ങളില്‍ സ്വാഭാവിക നീര്‍ച്ചാലുകള്‍ പൂര്‍ണ്ണമായും മാപ്പു ചെയ്തു നഷ്ടപ്പെട്ടുപോയവ പുനരുദ്ധരിക്കാൻ സാധ്യമെങ്കില്‍ അങ്ങനെ ചെയ്യേണ്ടതാണ്. തുടര്‍ന്ന് നീര്‍ചാലുകളെ ഇല്ലാതാക്കിക്കൊണ്ടുള്ള എല്ലാ നിര്‍മാണങ്ങളും കാര്‍ഷിക പ്രവര്‍ ത്തനങ്ങളും നിരോധിക്കേണ്ടതാണ്.
∙ 25 ഡിഗ്രിയിലധികം ചെരിവുള്ള പ്രദേശത്തു നടത്തുന്ന മണ്ണ് ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ മഴ കുറവു ലഭിക്കുന്ന പ്രദേശങ്ങളില്‍ മാത്രമേ നടത്താവൂ. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ സ്ഥലങ്ങളില്‍ നിന്നും ഉടനടി മണ്ണ് നീക്കുന്നത് അത്തരം സ്ഥലങ്ങളെ കൂടുതല്‍ ദുര്‍ബലമാക്കുന്നതിനാല്‍ അത് നിയ ന്ത്രിക്കുന്നതിന് വ്യക്തമായ മാര്‍ഗനിദേശങ്ങള്‍ പുറപ്പെടുവിക്കണം.
∙ 30 ശതമാനത്തിലധികം ചെരിവുള്ള ഭൂപ്രദേശങ്ങളില്‍ മണ്ണിടിച്ചുനീക്കി കെട്ടിടങ്ങളും റോഡുകളും നിര്‍മിക്കുന്നതിനുള്ള അനുമതികള്‍ നിര്‍ത്തിവെക്കണം.
∙ 25 ശതമാന ത്തിലധികം ചെരിവുള്ള ഭൂപ്രദേശങ്ങളില്‍ ഹ്രസ്വകാല വിളകള്‍ ക്രമേണ കുറച്ചുവരികയും ദീര്‍ഘകാല വിളകള്‍ പ്രോത്സാഹിപ്പിക്കുകയും വേണം
∙മലഞ്ചെരിവുകളിലെ നീര്‍ച്ചാലുകള്‍ ഉള്ളസ്ഥലങ്ങളില്‍ ഒരുകാരണവശാലും വീടുകളോ മറ്റു കെട്ടിടങ്ങളോ നിര്‍മിക്കാൻ അനുമതി നൽകാൻ പാടില്ല.
∙ ഉരുള്‍പൊട്ടിയ സ്ഥലങ്ങള്‍ അനുയോജ്യമായ സസ്യങ്ങള്‍ നട്ടുപിടിപ്പിച്ചു പുനര്‍നിര്‍മിക്കേണ്ടതാണ്. ഇതിനു റീസ്റ്റോറേഷൻ വിദഗ്ധരുടെ സേവനം ഉപയോഗപ്പെടുത്തണം.
∙ കുന്നിൻ ചെരിവുകളില്‍ വിള്ളലുകള്‍ കാണുന്ന സ്ഥലങ്ങളില്‍, അതിനുള്ളിലേക്ക്, മഴവെള്ളം ഒലിച്ചിറങ്ങാതെ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തണം.
പഞ്ചായത്തുകളിലെ ദുർബലമായ പ്രദേശങ്ങളെ പ്രത്യേകമായി അടയാളപ്പെടുത്തിക്കൊണ്ടുള്ള മാപ്പ് ( 2020ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ നിന്ന്)