ക്ഷേത്രവും വീടുകളും തകർന്ന് ഒഴുകുമ്പോഴും അടിപതറാതെ ആൽമരം; രക്ഷാദൗത്യത്തിലും പങ്കാളി: ശ്മശാനഭൂമിയിലെ സാക്ഷി!
Mail This Article
പുഞ്ചിരിമട്ടത്ത് പൊട്ടിയ ഉരുൾ മുണ്ടക്കൈയെ തൂത്തുവാരി ആർത്തലച്ച് ചൂരൽമലയിലേക്ക് വരുമ്പോൾ എല്ലാം തലയുയർത്തി നിന്നുകൊണ്ട് കണ്ടത് ഒരു ആൽമരമായിരുന്നു. ചൂരൽമലക്കാരുടെ ക്ഷേത്രമുറ്റത്തെ പ്രിയപ്പെട്ട ആൽമരം! മുൻപിലെ ശിവക്ഷേത്രവും പരിസരത്തെ വീടുകളും അതിനിടയിൽ പ്രാണനുവേണ്ടിയുള്ള നിലവിളിയുമെല്ലാം ചെളിമണ്ണിൽ പുതഞ്ഞപ്പോഴും അടിയുറച്ച് ആൽമരം അവിടെ തന്നെനിന്നു.
∙ അതിജീവനത്തിന്റെ അടയാളം
മലവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയ മരങ്ങളുടെ തായ്ത്തടികളും പാറകളുമെല്ലാം ആലിൽ തട്ടിയാണ് താഴേക്ക് ഒഴുകിയത്. അതിനാൽ തന്നെ ചെറിയ മുറിവുകളും ആൽമരത്തിനുണ്ടായിട്ടുണ്ട്. തായ്ത്തടിയിലെ തോലുകൾ അടർന്നുപോയി, താഴത്തെ ചില്ലകൾ ഒടിഞ്ഞുവീണു. എങ്കിലും എന്തിനെയും അതിജീവിക്കുന്ന ദൃഢനിശ്ചയത്തോടെയെന്നതു പോലെയാണ് ആൽമരം അവിടെ നിൽക്കുന്നത്.
ചെളിയിൽ എങ്ങനെ രക്ഷാപ്രവർത്തനം എന്നാലോചിച്ചു നിൽക്കുമ്പോൾ രക്ഷാപ്രവർത്തകർക്ക് വഴികാട്ടിയായി മാറിയത് ഈ ആൽമരമായിരുന്നു. മരത്തിൽ വടംകെട്ടിയാണ് മൂന്നുമാസം പ്രായമുള്ള കുഞ്ഞുൾപ്പെടെ നിരവധിപ്പേരെ രക്ഷിക്കാനായതെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സൈന്യത്തിന് ബെയ്‌ലി പാലം പണിയാനായി പ്രാഥമിക പ്രവർത്തനങ്ങൾക്ക് ആശ്രയിച്ചതും ഈ ആൽമരത്തെയാണ്.
∙ എവിടെയും മുളപൊട്ടുന്ന ആലുകൾ
വളരെക്കാലം ആയുസ്സുള്ളവയാണ് ആൽമരം. ലോകത്ത് അറുനൂളോളം ഇനം ആലുകളുണ്ട്. കേരളത്തിൽ മാത്രം 45 തരം ആലുകൾ കാണപ്പെടുന്നു. അവയിൽ പ്രധാനപ്പെട്ടവയാണ് അരയാൽ, പേരാൽ, കല്ലാൽ, കാരാൽ, ഇത്തിയാൽ, ചിറ്റാൽ, കൃഷ്ണനാൽ തുടങ്ങിയവ. ചൂരൽമലയിലേത് അരയാലാണ്.
മണ്ണിലല്ലാതെയും ആൽമരത്തിന്റെ വിത്തു മുളച്ച് തൈ വളരും. അരയാലിന്റെ വിത്തുകൾ ഭാരം കുറഞ്ഞവയാണ്. പൂന്തോടു പൊട്ടിയാൽ ഈ വിത്തുകൾ കാറ്റത്തു പറന്നുപോവുകയും വിത്തുവിതരണം നടക്കുകയും ചെയ്യുന്നു. വീടിന്റെ ഭിത്തികളിലോ ഓടകളിലോ മറ്റോ വന്നു പതിക്കാനിടയായാൽപ്പോലും അവ മുളച്ച് വളർന്നു തുടങ്ങും. മണ്ണില്ലെങ്കിലും അവ വായുവിൽ നിന്ന് ജലാംശവും കഴിയുന്നത്ര പോഷണങ്ങളും വലിച്ചെടുക്കും.
വലിയ വൃക്ഷങ്ങൾക്ക് ശാഖകളിൽ നിന്ന് വേരുകൾ മുളയ്ക്കാറണ്ട്. ഇത് കൂടുതൽ പോഷണം ലഭ്യമാക്കാനുളള മരത്തിന്റെ ശ്രമമാണ്. ഈ വേരുകൾ വായുവിൽ നിന്ന് ഈർപ്പവും പൊടി, ചത്ത പ്രാണികൾ എന്നിവയിൽ നിന്ന് നൈട്രജനും സ്വീകരിക്കുന്നു. ആൽമരങ്ങളെപ്പോലെ മണ്ണിന് ആഴത്തിൽ വേരോട്ടമുള്ള മരങ്ങളും ചെടികളുമായിരിക്കും ദുരിതമേഖലയിൽ കാവലായി നിൽക്കുകയെന്നതാണ് ചൂരൽമലയിലെ ആൽ പകരുന്ന പാഠവും.