ADVERTISEMENT

170 വർഷം മുൻപ് തകർന്ന ഒരു കപ്പൽ ബാൾട്ടിക് കടലിൽ കണ്ടെത്തി.  ബാൾട്ടിക് ടെക് എന്ന ഡൈവിങ് സംഘമാണ് തകർന്ന കപ്പൽ സ്വീഡിഷ് ദ്വീപായ ഒലൻഡിന് 37 കിലോമീറ്റർ അകലെയായി കണ്ടെത്തിയത്. ഇതിനുള്ളിൽനിന്ന് 100 ഷാംപെയ്ൻ മദ്യക്കുപ്പികളും ലഭിച്ചു. മദ്യക്കുപ്പികൾക്കു പുറമേ മിനറൽ വാട്ടർ, കളിമൺ പാത്രങ്ങൾ എന്നിവയും കപ്പലിൽ നിന്നു കണ്ടെത്തി.

എന്നാൽ ഷാംപെയ്ൻ മദ്യം കണ്ടെടുത്തതിലല്ല, മറിച്ച് മിനറൽ വാട്ടർ കണ്ടെത്തിയതിലാണ് കൂടുതൽ ചരിത്രപരമായ പ്രാധാന്യമുള്ളതെന്ന് ഗവേഷകർ പറയുന്നു. പത്തൊൻപതാം നൂറ്റാണ്ടിൽ മിനറൽ വാട്ടർ കുടിക്കുന്നത് യൂറോപ്പിലെ ധനാഢ്യർക്കും ഉന്നത സ്ഥാനങ്ങളിലുള്ളവർക്കും ഒരു ഫാഷനായിരുന്നു. ഇതിനായാണ് കപ്പലിൽ ഇവ നിറച്ചുകൊണ്ടുപോയതെന്ന് കരുതുന്നു.

കളിമൺ കുപ്പികളിലായിരുന്നു ഈ മിനറൽ വാട്ടർ സൂക്ഷിച്ചിരുന്നത്. 1850 മുതൽ 1867 വരെയുള്ള കാലയളവിലായിരുന്നു ഇതു നിർമിച്ചത്. ജർമൻ കമ്പനിയായ സെൽട്ടേഴ്‌സായിരുന്നു ഇതിന്റെ നിർമാതാക്കൾ. ജർമനിയിലെ ഫ്രാങ്ക്ഫർട്ടിനു വടക്കുള്ള ടോനസ് മലനിരകളിൽ നിന്നായിരുന്നു ഇതിന്‌റെ സ്രോതസ്സ്. ഇന്നും ഈ കമ്പനി ഉണ്ട്.

ഷാംപെയ്ൻ മദ്യക്കുപ്പികൾ 19, 20 നൂറ്റാണ്ടുകളിൽ സംഭവിച്ച പല കപ്പൽ തകർച്ചകളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. 2010ൽ ഒരു ഡൈവിങ് സംഘം ഫിൻലൻഡിന്റെ അലൻഡ് ദ്വീപസമൂഹത്തിനു സമീപം 168 ഷാംപെയ്ൻ കുപ്പികൾ കണ്ടെത്തി. തകർന്ന ടൈറ്റാനിക്കിനുള്ളിൽ നിന്നും ഷാംപെയ്ൻ കുപ്പികൾ കണ്ടെത്തിയിരുന്നു. 3800 മീറ്റർ താഴ്ചയിൽ സ്ഥിതി ചെയ്തതു മൂലം കടുത്ത സമുദ്രസമ്മർദ്ദത്തിന് അടിപ്പെട്ടിരുന്നെങ്കിലും ഇവ പൊട്ടിയിരുന്നില്ലെന്നതു ശ്രദ്ധേയമായിരുന്നു.

English Summary:

170-Year-Old Shipwreck Uncovered in Baltic Sea Reveals Rare 19th Century Mineral Water

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com