ശ്രീലങ്കയ്ക്കും തമിഴ്നാടിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെടുന്നു; കേരളത്തില്‍ അതിശക്തമായ മഴ
Mail This Article
ഓഗസ്റ്റ് 12,13ഓടെ ബംഗാൾ ഉൾകടലിൽ ശ്രീലങ്കയ്ക്കും തമിഴ്നാടിനും മുകളിലായി ഏകദേശം 3 കി.മീ ഉയരത്തില്‍ ചക്രവാതചുഴി രൂപപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥാ വിദഗ്ധർ. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് വരും ദിവസങ്ങളിൽ കേരളത്തിൽ മലയോര മേഖലയിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മധ്യ-തെക്കൻ ജില്ലകളിൽ ഒട്ടുമിക്ക സ്ഥലങ്ങളിലും കുറഞ്ഞ സമയത്തിൽ കൂടുതൽ മഴ ലഭിക്കുന്ന ശക്തമായ മഴ പ്രതീക്ഷിക്കുന്നതായും വിദഗ്ധർ വ്യക്തമാക്കി.
നിലവിലെ സൂചന പ്രകാരം ഓഗസ്റ്റ് 12,13 തീയതികളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. ചക്രവാതച്ചുഴിയുടെ രൂപീകരണവും സഞ്ചാര പാതയ്ക്കും അനുസരിച്ച് മഴയുടെ അളവിൽ മാറ്റമുണ്ടായേക്കും. ഓഗസ്റ്റ് 12നു ശേഷം ആഗോള മഴപാത്തി (Maadden Julian Oscillation ( MJO)) അനുകൂല മേഖലയിൽ എത്തുന്നത്തോടെ ഈ മാസം അവസാനം വരെ കേരളത്തിൽ കാലവർഷം സജീവമാകാനുള്ള സാധ്യതയുണ്ടെന്ന് വിവിധ ഏജൻസികൾ പറയുന്നു.
പത്തനംതിട്ട, ഇടുക്കി, മലപ്പുറം, പാലക്കാട് ജില്ലകളിലാണ് വരും ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 115.6 മി.മീ മുതൽ 204.4 മി.മീ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നതുകൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർഥമാക്കുന്നത്. മലയോര മേഖലയിൽ പ്രത്യേക ജാഗ്രത വേണമെന്ന് മുന്നറിയിപ്പുണ്ട്.