പുഴ നീന്തി കാട്ടിലേക്ക്, ഉറച്ച മണ്ണ് മാന്തിയപ്പോൾ പെൺകുട്ടിയുടെ മൃതദേഹം; ‘ഇവനെ പൊലീസിൽ എടുക്കണം’
Mail This Article
വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. ഉറ്റവരെ തേടി ദുരന്തമുഖത്ത് മനുഷ്യരെപ്പോലെ മൃഗങ്ങളും എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നിലമ്പൂരിൽ നിന്ന് ഉൾവനമായ പോത്തുകല്ലിൽ തിരച്ചിൽ നടത്താൻ പോയ അഗ്നിരക്ഷാ സേനയ്ക്കു പിന്നാലെ ഒരു നായയും പോയിരുന്നു. നായ മണ്ണുമാന്തിയ ഇടം പരിശോധിച്ചപ്പോൾ കിട്ടിയത് ഒരു പെൺകുട്ടിയുടെ മൃതദേഹം ആയിരുന്നു.
നിലമ്പൂർ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥൻ രജിൻരാജും സംഘവും തലപ്പാലിയിൽ ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോഴാണ് ഒരു നായ അവിടെയെത്തിയത്. പിന്നീട് വനത്തിലേക്ക് പോകാനായി ബോട്ട് മാർഗം ചാലിയാർ പുഴ കടന്നപ്പോൾ നായ ഒറ്റയ്ക്ക് നീന്തി സംഘത്തിനൊപ്പം ചേർന്നു. പിന്നീട് 12 കിലോമീറ്റർ വരെ ഉൾവനത്തില്‍ രക്ഷാപ്രവർത്തകർക്ക് വഴികാട്ടിയായി നടന്നു. ഒരു സ്ഥലത്തെത്തിയപ്പോൾ നായ മണംപിടിച്ച് നിൽകുകയും അവിടത്തെ മണ്ണ് മാന്തുകയും ചെയ്തു. ഇതുകണ്ട രക്ഷാപ്രവർത്തകർ ആ ഭാഗം കുഴിച്ചുനോക്കിയപ്പോൾ കണ്ടത് ഒരു കൈ ആയിരുന്നു. വീണ്ടും ആഴത്തിൽ കുഴിച്ചപ്പോൾ ഒരു പെൺകുട്ടിയുടെ വയർഭാഗം വരെയുള്ള ശരീരമായിരുന്നു.
മൃതദേഹവുമായി അഗ്നിരക്ഷാ സേന ബോട്ടിലും നായ പുഴ നീന്തിയും മുണ്ടേരിയിൽ എത്തി. മൃതദേഹം ആംബുലൻസിൽ കയറ്റിയതോടെ നായ വീണ്ടും തിരിച്ച് വനത്തിലേക്ക് പോവുകയായിരുന്നു. രക്ഷാപ്രവർത്തന വിഡിയോ പുറത്തുവന്നതോടെ ആരോരുമില്ലാത്ത നായ ആളുകൾക്ക് പ്രിയങ്കരനായി മാറി. ഉറച്ച മണ്ണിൽനിന്നും മൃതദേഹം കണ്ടെത്താൻ കഴിഞ്ഞെങ്കിൽ ഈ നായ ചില്ലറക്കാരനല്ലെന്നും അവനെ പൊലീസിൽ എടുക്കണമെന്നും ചിലർ ആവശ്യപ്പെട്ടു.