ഓപ്പണിങ്ങിൽ മിന്നി സച്ചിൻ – റായുഡു സഖ്യം (67); റായ്പുരിൽ ലാറയെയും സംഘത്തെയും വീഴ്ത്തി സച്ചിന്റെ ഇന്ത്യ തന്നെ ‘മാസ്’റ്റേഴ്സ്– വിഡിയോ

Mail This Article
റായ്പുർ∙ രാജ്യാന്തര ക്രിക്കറ്റിൽ നിന്നു വിരമിച്ചെങ്കിലും പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനവുമായി പ്രിയതാരങ്ങൾ തകർത്തടിച്ച ആവേശപ്പോരാട്ടത്തിൽ, സാക്ഷാൽ ബ്രയാൻ ലാറയുടെ വെസ്റ്റിൻഡീസ് മാസ്റ്റേഴ്സിനെ കീഴടക്കി സച്ചിൻ തെൻഡുൽക്കറിന്റെ ഇന്ത്യ മാസ്റ്റേഴ്സിന് ഇന്റർനാഷനൽ മാസ്റ്റേഴ്സ് ലീഗ് ട്വന്റി20 കിരീടം. ബാറ്റിങ്ങിലും ബോളിങ്ങിലും ഇന്ത്യൻ താരങ്ങളുടെ സർവാധിപത്യം കണ്ട മത്സരത്തിൽ, ആറു വിക്കറ്റിനാണ് ഇന്ത്യ വിൻഡീസിനെ തകർത്തത്. മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വെസ്റ്റിൻഡീസ് മാസ്റ്റേഴ്സ് നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 148 റൺസ്. മറുപടി ബാറ്റിങ്ങിൽ 17 പന്തും ആറു വിക്കറ്റും ബാക്കിയാക്കി ഇന്ത്യ വിജയത്തിലെത്തി.
തകർത്തടിച്ച് അർധസെഞ്ചറി നേടിയ ഓപ്പണർ അമ്പാട്ടി റായുഡുവിന്റെ പ്രകടനമാണ് ഇന്ത്യ മാസ്റ്റേഴ്സിന് അനായാസ ജയം സമ്മാനിച്ചത്. റായുഡു 50 പന്തിൽ ഒൻപതു ഫോറും മൂന്നു സിക്സും സഹിതം 74 റൺസെടുത്ത് പുറത്തായി. ക്യാപ്റ്റൻ കൂടിയായ സൂപ്പർതാരം സച്ചിൻ തെൻഡുൽക്കർ 18 പന്തിൽ രണ്ടു ഫോറും ഒരു സിക്സും സഹിതം 25 റൺസെടുത്തു. ഓപ്പണിങ് വിക്കറ്റിൽ സച്ചിൻ – റായുഡു സഖ്യം 47 പന്തിൽ 67 റൺസ് കൂട്ടിച്ചേർത്ത് ഇന്ത്യൻ വിജയത്തിന് അടിത്തറയിട്ടു.
വണ്‍ഡൗണായി എത്തിയ ഗുർകീരത് മാൻ 12 പന്തിൽ രണ്ടു ഫോറുകളോടെ 14 റണ്‍സെടുത്ത് പുറത്തായി. സെമിയിൽ ഓസ്ട്രേലിയയ്‌ക്കെതിരായ മത്സരത്തിൽ ഉൾപ്പെടെ ഇന്ത്യൻ വിജയശിൽപിയായ യുവരാജ് സിങ് 11 പന്തിൽ ഒരു ഫോർ സഹിതം 13 റൺസുമായി പുറത്താകാതെ നിന്നു. റായുഡുവിനു പിന്നാലെ യൂസഫ് പഠാൻ (0) പെട്ടെന്നു തന്നെ പുറത്തായെങ്കിലും, ഇരട്ടസിക്സർ സഹിതം ഒൻപതു പന്തിൽ 16 റൺസുമായി പുറത്താകാതെ നിന്ന സ്റ്റുവാർട്ട് ബിന്നി ഇന്ത്യയെ വിജയത്തിലെത്തിച്ചു.
വിൻഡീസിനായി ആഷ്‍ലി നഴ്സി 3.1 ഓവറിൽ 22 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ടിനോ ബെസ്റ്റ്, സുലൈമാൻ ബെൻ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
∙ രക്ഷകനായി സിമ്മൺസ്
നേരത്തെ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വിൻഡീസിന് അർധസെഞ്ചറിയുമായി തിളങ്ങിയ ലെൻഡ്ൽ സിമ്മൺസിന്റെ പ്രകടനമാണ് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. 41 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം സിമ്മൺസ് 57 റൺസെടുത്തു. ഓപ്പണർ ഡ്വെയിൻ സ്മിത്ത് 45 റൺസെടുത്ത് പുറത്തായി. 35 പന്തിൽ ആറു ഫോറും രണ്ടു സിക്സും സഹിതമാണ് സ്മിത്ത് 45 റൺസെടുത്തത്. ഓപ്പണറായി ഇറങ്ങിയ ക്യാപ്റ്റൻ കൂടിയായ സൂപ്പർതാരം ബ്രയാൻ ലാറ ആറു പന്തിൽ ഒരു ഫോർ സഹിതം ആറു റൺസുമായി മടങ്ങി. 17 പന്തിൽ 12 റൺസെടുത്ത ദിനേഷ് രാംദിനാണ് രണ്ടക്കം കണ്ട മറ്റൊരു വിൻഡീസ് താരം.
വില്യം പെർകിൻസ് (ഏഴു പന്തിൽ ആറ്), രവി രാംപോൾ (അഞ്ച് പന്തിൽ രണ്ട്), ചാഡ്‌വിക് വാൾട്ടൻ (ആറു പന്തിൽ ആറ്), ആഷ്‍ലി നഴ്സ് (മൂന്നു പന്തിൽ ഒന്ന്) എന്നിവർ നിരാശപ്പെടുത്തി. ഇന്ത്യയ്‌ക്കായി വിനയ് കുമാർ മൂന്ന് ഓവറിൽ 26 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. നാല് ഓവറിൽ ഒരു മെയ്ഡൻ സഹിതം 12 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത സ്പിന്നർ ഷഹബാസ് നദീമിന്റെ പ്രകടനവും ശ്രദ്ധേയമായി. പവൻ നേഗി, സ്റ്റുവാർട്ട് ബിന്നി എന്നിവർ ഓരോ വിക്കറ്റ് സ്വന്തമാക്കി.
സച്ചിൻ തെൻഡുൽക്കറുടെ നേതൃത്വത്തിൽ ഇറങ്ങിയ ഇന്ത്യൻ ടീം സെമിയിൽ ഓസ്ട്രേലിയൻ മാസ്റ്റേഴ്സിനെ 94 റൺസിന് തോൽപിച്ചാണ് ഫൈനലിന് ടിക്കറ്റെടുത്തത്. രണ്ടാം സെമിയിൽ ശ്രീലങ്കൻ മാസ്റ്റേഴ്സിനെ 6 റൺസിന് മറികടന്നാണ് ബ്രയാൻ ലാറയുടെ നേതൃത്വത്തിലുള്ള വെസ്റ്റിൻഡീസ് ടീം ഫൈനലിൽ എത്തിയത്.