കഴിഞ്ഞ 17 സീസണുകളിലും ആർസിബിക്കൊപ്പം കോലിയുടെ സ്വപ്നം, കന്നിക്കിരീടം; 18–ാം സീസണിലും അതേ ലക്ഷ്യം, ഇത് ഒരു 18കാരന്റെ സ്വപ്നം!

Mail This Article
18–ാം വർഷത്തിലേക്കു കടക്കുന്ന പ്രഫഷനൽ ക്രിക്കറ്റ് കരിയറിൽ രണ്ടു തവണ മാത്രമേ വിരാട് കോലിയെന്ന അതികായന്റെ നെഞ്ചുലഞ്ഞിട്ടുള്ളൂ. ആദ്യത്തേത് 2016 ട്വന്റി20 ലോകകപ്പിൽ ടീം ഇന്ത്യ പുറത്തായപ്പോൾ. രണ്ടാമത്തേത് അതേ വർഷം ഐപിഎലിൽ ഫൈനലിൽ തോറ്റപ്പോൾ. കഴിഞ്ഞ വർഷം ട്വന്റി20 കിരീടം ഉയർത്തിയതോടെ 2016ലെ ലോകകപ്പ് നഷ്ടം കോലി പലിശ സഹിതം നികത്തി.
എന്നാൽ 18–ാം സീസണിലേക്കു കടക്കുന്ന ഐപിഎലിൽ കന്നിക്കിരീടമെന്ന മോഹം 18–ാം നമ്പർ ജഴ്സിക്കാരനായ കോലിക്ക് ഇന്നും ബാക്കിയാണ്. 18 വർഷം നീണ്ട കാത്തിരിപ്പിന് ഈ സീസണിലെങ്കിലും ഫലമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കോലിയും ബെംഗളൂരു ആരാധകരും.
∙ കോലിയുടെ തുടക്കം
2008ലെ പ്രഥമ ഐപിഎൽ താരലേലം. രാജ്യാന്തര താരങ്ങളും ആഭ്യന്തര താരങ്ങളും ലേലത്തിൽ പോയതിനു പിന്നാലെ ആ വർഷം നടന്ന അണ്ടർ 19 ലോകകപ്പിൽ ജേതാക്കളായ ഇന്ത്യൻ ടീമംഗങ്ങളെ ലേലത്തിൽ ഉൾപ്പെടുത്താൻ സംഘാടകർ തീരുമാനിക്കുന്നു. നേരിട്ട് ലേലം നടത്താതെ ഓരോ ടീമിനും ഇഷ്ടമുള്ള താരത്തെ അടിസ്ഥാന വിലയ്ക്ക് എടുക്കാൻ അവസരമുണ്ടായിരുന്നു.
ടീം ക്യാപ്റ്റനായ വിരാട് കോലിയെന്ന ഡൽഹിക്കാരൻ പയ്യനെ ഡൽഹി ഡെയർ ഡെവിൾസ് (ഇന്നത്തെ ഡൽഹി ക്യാപിറ്റൽസ്) ഉറപ്പായും സ്വന്തമാക്കുമെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാൽ ടീമിൽ ആവശ്യത്തിനു ബാറ്റർമാർ ഉണ്ടെന്നും അതിനാൽ ഒരു പേസ് ബോളറെയാണ് തങ്ങൾക്കു വേണ്ടതെന്നും തീരുമാനിച്ച ഡൽഹി, കോലിക്കു പകരം പ്രദീപ് സാങ്‌വാനെ ടീമിലെത്തിച്ചു. ഡൽഹി ടീം തഴഞ്ഞ കോലിയെ തേടി റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ വിളിയെത്തി.

അടിസ്ഥാന വിലയായ 12 ലക്ഷം രൂപയ്ക്ക് കോലി ബെംഗളൂരുവിൽ. ഐപിഎലിലെ ആദ്യ 3 സീസണുകളിൽ കാര്യമായ നേട്ടമുണ്ടാക്കാൻ സാധിച്ചില്ലെങ്കിലും കോലിയിൽ ഒരു ഭാവിയുണ്ടെന്ന് ബെംഗളൂരു മാനേജ്മെന്റിന് ഉറപ്പായിരുന്നു. അതുകൊണ്ടുതന്നെ 2011ൽ ടീം പൂർണമായും പൊളിച്ചെഴുതിയപ്പോൾ കോലിയെ മാത്രം അവർ നിലനിർത്തി. ടീമിന്റെ വൈസ് ക്യാപ്റ്റനാക്കി.
∙ ക്യാപ്റ്റൻ കോലി
വൈസ് ക്യാപ്റ്റനായി 2 വർഷം മികവു തെളിയിച്ചതോടെ 2013ൽ ബെംഗളൂരു ക്യാപ്റ്റനായി കോലിയെ ടീം മാനേജ്മെന്റ് നിയമിച്ചു. അപ്പോഴേക്കും രാജ്യാന്തര ക്രിക്കറ്റിലെ സൂപ്പർ താരമായി കോലി വളർന്നിരുന്നു. ഈ താരപ്പകിട്ടു കൂടി പരിഗണിച്ചാണ് ബെംഗളൂരു കോലിക്ക് നായകസ്ഥാനം കൈമാറിയത്. ക്യാപ്റ്റനായ ആദ്യം വർഷം ടീമിനെ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്ത് എത്തിക്കാനേ കോലിക്കു സാധിച്ചുള്ളൂ.

തൊട്ടടുത്ത വർഷം ടീം ഏഴാം സ്ഥാനത്തേക്കു വീണു. ഇതോടെ കോലിയുടെ ക്യാപ്റ്റൻസിയെ ചൊല്ലി വിമർശനങ്ങൾ ഉയർന്നെങ്കിലും 2015ൽ ടീമിനെ മൂന്നാം സ്ഥാനത്ത് എത്തിച്ച് കോലി മികവു കാട്ടി.
∙ മധുരപ്പതിനാറ്
‘നക്ഷത്രങ്ങളിൽ എഴുതപ്പെട്ടത്’ എന്നായിരുന്നു 2016 ഐപിഎൽ സീസണിനെ വിരാട് കോലി വിശേഷിപ്പിച്ചത്. ആർസിബി ടീമിന്റെ അപരാജിത കുതിപ്പിനും വിരാട് കോലിയുടെ റൺമഴയ്ക്കും സാക്ഷിയായ സീസൺ. ഗ്രൂപ്പ് ഘട്ടത്തിൽ 14ൽ 8 മത്സരങ്ങളും ജയിച്ച് രണ്ടാം സ്ഥാനക്കാരായി പ്ലേഓഫിൽ കടന്ന ആർസിബി, പ്ലേഓഫിലെ 4 വിക്കറ്റ് ജയത്തോടെ ഫൈനലിൽ കയറി.
ഫൈനലിൽ അനായാസം കിരീടമുയർത്തുമെന്നു തോന്നിച്ചെങ്കിലും സൺറൈസേഴ്സ് ഹൈദരാബാദിനോട് 8 റൺസിന് തോൽക്കാനായിരുന്നു വിധി. 16 മത്സരങ്ങളിൽ നിന്ന് 81.08 ശരാശരിയിൽ 152.03 സ്ട്രൈക്ക് റേറ്റോടെ 4 സെഞ്ചറിയും 7 അർധ സെഞ്ചറിയുമടക്കം 973 റൺസായിരുന്നു കോലിയുടെ സീസണിലെ നേട്ടം.

2013 മുതൽ തുടർച്ചയായി 9 വർഷം ആർസിബിയുടെ നായകായ കോലി 2022ൽ ക്യാപ്റ്റൻസി ഉപേക്ഷിച്ചു. കോലിക്കു പകരം ക്യാപ്റ്റനായി എത്തിയ ഫാഫ് ഡുപ്ലസിക്കും ടീമിന് കിരീടം സമ്മാനിക്കാൻ സാധിച്ചില്ല. ഇത്തവണ ഫാഫിനു പകരം ക്യാപ്റ്റനായി എത്തുന്ന രജത് പാട്ടിദാറിലൂടെ തങ്ങളുടെ കിരീടമോഹം പൂവണിയുമെന്ന പ്രതീക്ഷയിലാണ് ആർസിബി ആരാധകർ.
∙ കോലി @ ഐപിഎൽ
മത്സരം – 252
റൺസ് – 8004
ഉയർന്ന സ്കോർ – 113
ശരാശരി – 38.67
സ്ട്രൈക്ക് റേറ്റ് – 131.97
സെഞ്ചറി – 8
അർധ സെഞ്ചറി – 55