ജഴ്സി വലിച്ചുയർത്തി മുഖം മറച്ചോടുന്ന ഈ കളിക്കാരൻ ആരെന്നു പേരു പറയാതെ അറിയാമോ? ‘കലങ്ങി’യവർ ലെജൻഡ്സ്!

Mail This Article
ജഴ്സി വലിച്ചുയർത്തി മുഖം മറച്ചോടുന്ന ഈ കളിക്കാരൻ ആരെന്നു പേരു പറയാതെ തന്നെ ‘കലങ്ങി’യവർ ലെജൻഡ്സ് ആണ്. മുംബൈ ഇന്ത്യൻസിന്റെ വിക്കറ്റ് കീപ്പർ ബാറ്ററായിരുന്ന ആദിത്യ താരെയാണ് ഈ ചിത്രത്തിൽ കാണുന്ന താരം. ഐപിഎൽ ചരിത്രത്തിൽ താരെ ഇന്നും അനശ്വരനായി തുടരുന്നതു സെഞ്ചറി കൊണ്ടോ അമാനുഷിക ഇന്നിങ്സ് കൊണ്ടോ ഒന്നുമല്ല, ഒരൊറ്റ സിക്സർ കൊണ്ടാണ്. ആ സിക്സറിനു മുൻപും ശേഷവും വലുതായൊന്നും അടയാളപ്പെടുത്താൻ താരെയ്ക്കു കഴിഞ്ഞിട്ടുമില്ല.
2014 സീസണിൽ ഗ്രൂപ്പ് ഘട്ടത്തിൽ രാജസ്ഥാൻ റോയൽസും മുംബൈ ഇന്ത്യൻസും തമ്മിലെ അവസാന മത്സരത്തിലായിരുന്നു താരെ താരമായത്. ഒരു സാധാരണ ജയം കൊണ്ട് എത്തിപ്പിടിക്കാവുന്നതിലും അകലെയായിരുന്നു മുംബൈയുടെ പ്ലേഓഫ് സാധ്യതകൾ.
നേരിയ മാർജിനിൽ തോറ്റാൽ പോലും രാജസ്ഥാനു പ്ലേ ഓഫ് ഉറപ്പ്. ബാറ്റിങ് ലഭിച്ച രാജസ്ഥാനു വേണ്ടി മലയാളി താരങ്ങളായ സഞ്ജു സാംസണും (74) കരുൺ നായരും (50) തകർത്തടിച്ചു. 189 റൺസെന്ന വിജയലക്ഷ്യമല്ല മുംബൈയെ വിറപ്പിച്ചത്. രാജസ്ഥാനെ തോൽപിക്കുന്നതിനൊപ്പം നെറ്റ് റൺറേറ്റിൽ അവരെ മറികടക്കുകയും വേണം. 14.3 ഓവർ അഥവാ 87 പന്തിൽ 190 റൺസ് നേടിയാലേ പ്ലേഓഫ് സാധ്യതയുള്ളൂ.
അസാധ്യ വിജയലക്ഷ്യം തേടിയിറങ്ങിയ മുംബൈയെ കോറി ആൻഡേഴ്സൻ ഒറ്റയ്ക്കു തോളിലേറ്റി (44 പന്തിൽ പുറത്താകാതെ 95). മറുവശത്തു വിക്കറ്റുകൾ പൊഴിഞ്ഞു കൊണ്ടിരുന്നു. 14 ഓവർ പൂർത്തിയായപ്പോൾ മുംബൈയുടെ സ്കോർ ബോർഡിൽ 4 വിക്കറ്റിന് 181 റൺസ്. 3 പന്തിൽ വേണ്ടത് 9 റൺസ്. ആദ്യ പന്തിൽ ആൻഡേഴ്സന് നേടാനായത് സിംഗിൾ. രണ്ടാം പന്തിൽ അമ്പാട്ടി റായിഡുവിന്റെ സിക്സർ. അടുത്ത പന്തിൽ സിംഗിൾ ഡബിളാക്കാനുള്ള ശ്രമത്തിൽ റായിഡു റണ്ണൗട്ട്.

രാജസ്ഥാൻ ക്യാംപിൽ ആഘോഷം. രാജസ്ഥാന്റെ സ്കോറിനൊപ്പം മുംബൈ ഇതിനകം എത്തിയിരുന്നു. അടുത്ത പന്തിൽ ഒരു ബൗണ്ടറി കുറിച്ചാൽ പ്ലേഓഫ് എന്ന വിദൂര സാധ്യത മാത്രം മുംബൈയ്ക്കു മുന്നിൽ ശേഷിക്കെ ആദിത്യ താരെ ക്രീസിൽ. ജെയിംസ് ഫോക്നർ ലെഗ് സൈഡിൽ വൈഡ് ലക്ഷ്യമാക്കി എറിഞ്ഞ ഫുൾടോസ് താരെ സിക്സിനു തൂക്കി. അവിശ്വസനീയ ജയം. മുംബൈ പ്ലേഓഫിൽ.
ജഴ്സി ഉയർത്തി മുഖം മറച്ച് താരെ വാങ്കഡെ സ്റ്റേഡിയത്തിലൂടെ ഓടി. ആ വണ്ടർ സിക്സർ ഒഴിവാക്കിയാൽ താരെയുടെ ഐപിഎൽ ജീവിതം ഇങ്ങനെ ചുരുക്കാം; 3 ടീമിലായി 35 കളികൾ, 14.3 ശരാശരിയിൽ 339 റൺസ്. മുംബൈയിൽ ജനിച്ചുവളർന്ന താരെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മുംബൈയ്ക്കു വേണ്ടി സ്ഥിരതയോടെ ഏറെക്കാലം കളിച്ചെങ്കിലും ദേശീയ ശ്രദ്ധയിലേക്കു പിന്നീടുയർന്നില്ല. ഇപ്പോൾ ഉത്തരാഖണ്ഡിനു വേണ്ടി ഫസ്റ്റ് ക്ലാസ് കളിക്കുന്നു.