ഫോർമുല വൺ കാറോട്ട സീസണിന് ഇന്നു മെൽബണിൽ തുടക്കം; മക്‌ലാരന്റെ ലാൻഡോ നോറിസിന് പോൾ പൊസിഷൻ: ഗെറ്റ്, സെറ്റ്, ഗോ!

Mail This Article
2025 ഫോർമുല വൺ കാറോട്ട മത്സര സീസണിന് ഇന്ന് ഓസ്ട്രേലിയയിലെ മെൽബണിൽ തുടക്കം. രാവിലെ 9.30ന് ആൽബർട്ട് പാർക്കിലാണു മത്സരം. റെഡ്ബുളിന്റെയും മാക്സ് വേർസ്റ്റപ്പന്റെയും തുടർ വിജയങ്ങൾക്ക് ഇത്തവണ മക്‌ലാരൻ കടിഞ്ഞാണിടും എന്ന പ്രവചനങ്ങൾ ശരിവയ്ക്കുന്നതാണ് ഇന്നത്തെ മത്സരത്തിന്റെ ലൈനപ്പ്.
മക്‌ലാരൻ താരം ലാൻഡോ നോറിസാണ് പോൾ പൊസിഷനിൽ മത്സരം തുടങ്ങുക. ഗ്രിഡിൽ രണ്ടാം സ്ഥാനത്തും മക്‌ലാരനാണ്. ഓസ്കർ പിയാസ്ട്രി. മൂന്നാമത് മാക്സ് വേർസ്റ്റപ്പനും നാലാമതു ജോർജ് റസലും. പോൾ പൊസിഷനിൽ നിന്നു പോഡിയത്തിൽ ഒന്നാമതെത്തിയാൽ നോറിസിനും മക്‌ലാരനും കിരീടപ്പോരാട്ടത്തിൽ അതു മികച്ച തുടക്കമാകും.
കഴിഞ്ഞ 3 സീസണിലും ഓസ്ട്രേലിയൻ ഗ്രാൻപ്രി മൂന്നാം റൗണ്ട് ആയിരുന്നു. ഇത്തവണ റമസാൻ മാസമായതിനാൽ ബഹ്റൈൻ, സൗദി അറേബ്യ ഗ്രാൻപ്രികൾ നീട്ടിവച്ചതിനാലാണ് ഓസ്ട്രേലിയയ്ക്കു ആദ്യ നറുക്കു വീണത്. ഏപ്രിൽ 13നും 20നുമാണു ബഹ്റൈൻ, സൗദി മത്സരങ്ങൾ നടക്കുക. സീസണിൽ ആകെ 24 മത്സരങ്ങളുണ്ടാകും. പത്തു ടീമുകളിലായി 20 മത്സരാർഥികൾ സർക്യൂട്ടിലിറങ്ങും.
പുതിയ സീസൺ അവകാശപ്പെടുന്നത് ഇക്കുറി മത്സരങ്ങൾ ഏകപക്ഷീയം ആകില്ലെന്നാണ്. ആരാകും ജേതാവ് എന്ന കാര്യത്തിൽ മുൻകൂർ ഉറപ്പു നൽകാനും വിദഗ്ധർ തയാറല്ല. എങ്കിലും പുതിയ സീസണിൽ പുതിയ ചാംപ്യനുണ്ടാകും എന്ന വാദത്തിനാണു മുൻതൂക്കം. മക്‌ലാരന്റെ ലാൻഡോ നോറിസിനാണു കൂടുതൽ സാധ്യത കൽപിക്കുന്നത്.
റെഡ്ബുളിനെയും അവരുടെ ചാംപ്യൻ താരം മാക്സ് വേർസ്റ്റപ്പനെയും എഴുതിത്തള്ളാനും വയ്യ. സാധ്യത കൽപിക്കപ്പെടുന്ന മറ്റൊരു ടീം ഫെറാറി തന്നെ. പല മത്സരങ്ങളിലും സാങ്കേതികപ്പിഴവു കൊണ്ടും ദൗർഭാഗ്യം കൊണ്ടും വിജയം വഴിമാറിപ്പോയ ചാൾസ് ലെക്ലയറിനു ഇത്തവണ സാധ്യതാപ്പട്ടികയിൽ ഇടം നൽകാം. മെഴ്സിഡീസ് വിട്ടു ഫെറാറിയിലെത്തിയ, ഏഴു തവണ ചാംപ്യനായ ലൂയിസ് ഹാമിൽട്ടന് പക്ഷേ, വാതുവയ്ക്കാൻ ആരാധകർ കുറവാണ്.
∙ മാറ്റങ്ങളുടെ ഫോർമുല
നിർണായകമായ ഒട്ടേറെ മാറ്റങ്ങളുമായാണു ഫോർമുല വൺ പുതിയ സീസൺ തുടങ്ങുന്നത്. ആദ്യ 10 സ്ഥാനത്തു മത്സരം പൂർത്തിയാക്കുന്ന ഡ്രൈവർമാരിൽ ഏറ്റവും വേഗമേറിയ ലാപ്പിനു നൽകിയിരുന്ന ബോണസ് പോയിന്റ് ഇനിയില്ല. ഗിയർ ബോക്സ് മാറ്റത്തിനു പരിധിയില്ല എന്നതാണു മറ്റൊരു പരിഷ്കാരം. ഇതു താരങ്ങൾക്കു ടീമുകൾക്കും ഏറെ അനുഗ്രഹമാകും. ഇതുവരെ അഞ്ചിൽ കൂടുതൽ തവണ ഗിയർ ബോക്സ് മാറ്റിയാൽ ഗ്രിഡ് പെനൽറ്റി വിധിക്കുമായിരുന്നു.
മൊണാക്കോ ഗ്രാൻപ്രിയിൽ രണ്ടു പിറ്റ് സ്റ്റോപ് അനുവദിച്ചതാണു മറ്റൊരു മാറ്റം. ഇതോടെ രണ്ടു തവണ ടയർ മാറ്റത്തിനുള്ള അവസരമായി. പ്രതികൂല കാലാവസ്ഥയിൽ ക്വാളിഫയിങ് മത്സരങ്ങൾ നടന്നില്ലെങ്കിൽ മത്സരദിനം രാവിലെ നടത്തിയിരുന്ന രീതിക്കും മാറ്റം വന്നു. അത്തരം സാഹചര്യങ്ങളിൽ ചാംപ്യൻഷിപ് സ്റ്റാൻഡിങ് നോക്കിയാകും ഗ്രിഡ് നിശ്ചയിക്കുക.