‘എല്ലാം പ്രകൃതിദുരന്തമല്ല; ഇൻസ്റ്റഗ്രാമിൽ സ്റ്റോറി ഇടുന്നതിനേക്കാൾ എന്തുചെയ്തുവെന്ന് നോക്കണം’
Mail This Article
തുടർച്ചയായി പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുന്നതിനെക്കുറിച്ച് ആഴത്തിൽ നാം ചിന്തിക്കേണ്ടതുണ്ടെന്ന് നടി പാർവതി തിരുവോത്ത്. എപ്പോഴും ഒരു ദുരന്തം നടക്കുമ്പോഴാണ് ‘വേക്കപ്പ് കാൾ’ ലഭിക്കുന്നത്. അയ്യോ, ഇതെങ്ങനെ സംഭവിച്ചു, എന്താണ് കാരണം, പരിസ്ഥിതി പഠനങ്ങൾ എന്തുപറയുന്നു, എന്നൊക്കെ ചിന്തിക്കുന്നത് ദുരന്തം നടന്നശേഷമാണ്. ആ വിഷയം കെട്ടടങ്ങുമ്പോൾ അതിനെക്കുറിച്ചുള്ള ചിന്തകളും അവിടെ അവസാനിക്കുന്നുവെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പാർവതി പറഞ്ഞു.
പക്ഷേ കേരളത്തിൽ സ്ഥിരമായി ഇത് നടന്നുവരുന്നുണ്ട്. ഈ വിഷയത്തെക്കുറിച്ച് വെറുതെ സംസാരിക്കുന്നതിനേക്കാളും ഇൻസ്റ്റഗ്രാമിൽ സ്റ്റോറി ഇടുന്നതിനേക്കാളും കൂടുതൽ താൻ എന്തെങ്കിലും പ്രാവർത്തികമായി ചെയ്യുന്നുണ്ടോ എന്നുകൂടി നോക്കണം. കുറച്ചു കഴിയുമ്പോൾ നമുക്ക് ഒരു ചമ്മൽ തോന്നില്ലേ.. ഇതിനെക്കുറിച്ച് സംസാരിക്കുകയല്ലാതെ ഒന്നും ചെയ്യുന്നില്ല എന്നോർത്ത്.
വലിയ വാഗ്ദാനങ്ങൾ ഒന്നുമില്ലാതെ ചെറിയ കാര്യങ്ങൾ എന്തെല്ലാം നമുക്ക് ചെയ്യാനാകും?. അതിൽനിന്ന് തുടങ്ങണമെന്നാണ് എന്റെ അഭിപ്രായം. വയനാട്ടിലും കോഴിക്കോടും നടന്ന ദുരന്തത്തെക്കുറിച്ച് കൂടുതൽ പഠിക്കേണ്ടതുണ്ട്. തിരുവനന്തപുരത്ത് ദുരന്തം നടന്നാൽ കോഴിക്കോടുള്ളവർക്ക് അതറിയേണ്ട ആവശ്യമില്ലെന്ന പോലെയാണ്.
കേരളത്തിൽ 2015 മുതൽ 22 വരെ രണ്ടായിരത്തിലധികം ഉരുൾപൊട്ടൽ ഉണ്ടായതായി ഒരു പഠനത്തിൽ പറയുന്നു. ഇതെല്ലാം പൂർണമായും പ്രകൃതിദുരന്തമാണെന്ന് പറയാനാകില്ല. എത്രത്തോളം മനുഷ്യനിർമിതമാണെന്ന് പരിശോധിക്കേണ്ടതുണ്ട്. ഇത് സർക്കാരിന്റെ മാത്രം ഉത്തരവാദിത്തമല്ല. ഓരോ പൗരന്റെയും ഉത്തരവാദിത്തമാണ്. എന്നെയും കൂടി ഉൾപ്പെടുത്തിയാണ് ഇത് പറയുന്നത്. പരസ്പരം പഴിചാരിയതുകൊണ്ട് ഇത് എവിടെയും എത്തുകയില്ല.
ഒരു താരമെന്ന നിലയ്ക്ക് എത്ര ചെയ്യാനാകുമെന്ന് ചിലർ പറയും. പക്ഷേ ചെറിയ കാര്യങ്ങൾ നമുക്ക് സ്വയം തീരുമാനിക്കാവുന്നതാണ്. ദൂരയാത്രയ്ക്ക് കാർ ഉപയോഗിക്കുന്നുണ്ടെങ്കിൽ അതുമാറ്റി ട്രെയിനിൽ യാത്ര ചെയ്യാവുന്നതാണ്. ഇതിലൂടെ ഇന്ധനം ലാഭിക്കാം. ഇങ്ങനെ പെട്ടെന്ന് ചെയ്യാനാകുന്ന കാര്യങ്ങളിലേക്ക് ഞാൻ മാറിയിട്ടുണ്ട്. വലിയ ചർച്ചകളൊക്കെ അവിടെ നിൽക്കട്ടെ. പകരം ദൈന്യംദിന പ്രവൃത്തികളിൽ പ്രകൃതിക്കനുയോജ്യമായ രീതിയിൽ എന്തുചെയ്യാമെന്ന് ആദ്യം ചിന്തിക്കാം.– പാർവതി വ്യക്തമാക്കി.