ഡാമിൽ മർദം കൂടിയാൽ പ്രകമ്പനം, വയനാട്ടിലേത് ഭൂകമ്പമല്ല! പേടിക്കേണ്ട, ഉത്തരേന്ത്യ പോലെയല്ല കേരളം
Mail This Article
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ആഘാതം തീരും മുൻപേ ഭൂചലനം എത്തിയോ? അമ്പലവയലിൽ വലിയ ശബ്ദം കേട്ടതായും ചെറുതായി ഭൂമികുലുക്കം ഉണ്ടായതായും നാട്ടുകാർ പറയുന്നുണ്ട്. എടക്കൽ 19 എന്ന സ്ഥലത്തുനിന്നാണു ശബ്ദം കേട്ടതെന്നാണു വിവരം. എന്നാൽ ഡൽഹിയിലെ നാഷനൽ സെന്റർ ഫോർ സൈസ്മോളജി (NCS) ഇത് രേഖപ്പെടുത്തിയിട്ടില്ലെന്ന് കുസാറ്റ് മറൈന്‍ ജിയോളജി & ജിയോഫിസിക്സ് വകുപ്പിലെ പ്രഫസറും ഭൗമശാസ്ത്രജ്ഞനുമായ ഡോ. പി.എസ്. സുനിൽ പറയുന്നു. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, തൊടുപുഴ, മംഗലാപുരം എന്നിവിടങ്ങളിലാണ് എൻസിഎസിന്റെ ഭൂകമ്പമാപിനികൾ ഉള്ളത്. വയനാടിന് ഏറ്റവും അടുത്തായി സ്ഥിതി ചെയ്യുന്ന മംഗലാപുരത്തെ മാപിനിയിൽ ഈ പ്രകമ്പനം രേഖപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം ‘മനോരമ ഓൺലൈനോട്’ പറഞ്ഞു.
സാധാരണ ഭൂകമ്പമാപിനിയിൽ റിക്ടർ സ്കെയിൽ രണ്ടോ മൂന്നോ തീവ്രത ഉണ്ടായാൽ റെക്കോർഡ് ചെയ്യപ്പെടുന്നതാണ്. വയനാട്ടിൽ ഭൂകമ്പവുമായി ബന്ധപ്പെട്ട ഒരു സിഗ്നലും ലഭിച്ചിട്ടില്ലെന്നാണ് എൻസിഎസ് വ്യക്തമാക്കുന്നത്. അങ്ങനെയെങ്കില്‍ ചിലപ്പോൾ ഉൾവനത്തിലെ മലകൾ ഇടിയുകയോ മറ്റോ ചെയ്തതിന്റെ ശബ്ദവും പ്രകമ്പനവുമാകാം. മഴയെ തുടർന്നാണ് തൃശൂർ, പാലക്കാട് എന്നിവിടങ്ങളിൽ നേരിയ ഭൂചലനങ്ങൾ ഉണ്ടായത്. ഇത് എൻസിഎസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കേരളത്തിലുണ്ടാകുന്ന ഭൂകമ്പവും ഹിമാലയത്തിലും ആൻഡമാനിലും ഉണ്ടാകുന്ന ഭൂകമ്പവും തമ്മിൽ വ്യത്യാസമുണ്ട്. ഭൂമിയുടെ ഉപരിതല പാളികൾ തമ്മിൽ കൂട്ടിയിടിക്കാറുണ്ട്. ഇന്ത്യൻ പ്ലേറ്റും യുറേഷ്യൻ പ്ലേറ്റും തമ്മിൽ കൂട്ടിയിടിച്ചാണ് ഹിമാലയത്തിലും ഡൽഹിയിലും ഭൂകമ്പങ്ങൾ ഉണ്ടാകുന്നത്. ഇത് കെട്ടിടങ്ങള്‍ തകരാനും മറ്റും കാരണമാകുന്നു. അവിടെനിന്നും 3000ത്തിലധികം കിലോമീറ്റർ ദൂരത്തായാണ് കേരളം സ്ഥിതി ചെയ്യുന്നത്.
ഇടുക്കിയിലെ ഡാമുകളിൽ അധികമഴ പെയ്താൽ വെള്ളമെത്തുകയും ഇത് കൂടുതൽ മർദത്തിനു കാരണമാവുകയും ചെയ്യുന്നു. ഇത് നേരിയ ഭൂകമ്പത്തിനു കാരണമാകുന്നു. എന്നാൽ കുന്നംകുളം പോലുള്ള സ്ഥലങ്ങളിൽ ഭൂകമ്പം ഉണ്ടാകുന്നത് മറ്റൊരു കാരണം കൊണ്ടാണ്. അവിടെ ഡാമുകളൊന്നുമില്ലെങ്കിലും ആ പ്രദേശത്ത് ഭൂമി വിണ്ടുകീറൽ റിപ്പോർട്ട് ചെയ്യാറുണ്ട്. ജിയോളജിയിൽ ഇതിനെ ഫോൾഡുകൾ എന്ന് പറയുന്നു. ഇത്തരം ഫോൾഡുകളുള്ള പ്രദേശങ്ങളിൽ അമിതമഴ പെയ്യുമ്പോൾ വിള്ളലുകളിൽ വെള്ളം എത്തുകയും ഉള്ളിൽ മർദം കൂടി ഭൂചലനം ഉണ്ടാവുകയും ചെയ്യുന്നു.
‘‘കേരളത്തിലെ ഭൂകമ്പങ്ങളെ പേടിക്കേണ്ടതില്ല. ഉത്തരേന്ത്യയിൽ കാണുന്നതുപോലെ കെട്ടിടങ്ങൾ തകർന്നുവീഴുന്നതുപോലെയുള്ള വലിയ ഭൂകമ്പങ്ങളൊന്നും ഇവിടെ ഉണ്ടാകില്ല. പക്ഷേ മഴ സമയത്ത് മണ്ണ് കുതിർന്നിരിക്കുന്ന സമയത്ത് ചെറിയ ഭൂചലനം ഉണ്ടായാൽ അത് മറ്റൊരു ദുരന്തമായി മാറിയേക്കാം. ചെറിയ കുലുക്കമാണെങ്കിലും നനഞ്ഞ മണ്ണ് ഇളകിയാൽ അത് മണ്ണിടിച്ചിലിന് കാരണമാകും. പൊട്ടാനായി കാത്തുനിൽക്കുന്ന മലകൾക്ക് ചെറിയ വൈബ്രേഷനുണ്ടായാൽ അവ ഇടിഞ്ഞുവീഴാൻ സാധ്യതയുണ്ട്.’’– പി.എസ്. സുനിൽ പറഞ്ഞു.