14 ടെന്നിസ് കോർട്ടുകളുടെ വിസ്തീർണം; ‘ഭൂമിയിലെ ജൈവവൈവിധ്യം സംരക്ഷിക്കാൻ ചന്ദ്രനിലെ കുഴികളിൽ അറ തുറക്കണം’
Mail This Article
കാലാവസ്ഥാ വ്യതിയാനമോ അല്ലെങ്കിൽ പ്രകൃതിദുരന്തമോ കാരണം ഭൂമിയിലെ ജൈവവൈവിധ്യത്തിന് നിലനിൽക്കാൻ പ്രതിസന്ധിയുണ്ടാകുന്ന ഒരു ഘട്ടം. സംഭവിക്കാൻ സാധ്യത തീരെക്കുറവാണെങ്കിലും ശാസ്ത്രലോകം വളരെ ശ്രദ്ധയോടെ നോക്കുന്ന ഒരു കാര്യമാണിത്. നമ്മുടെ ഗ്രഹത്തിന്റെ ചരിത്രത്തിൽ ഒട്ടേറെ ജീവിവർഗങ്ങൾ അപ്രത്യക്ഷമായിട്ടുണ്ട്. വിവിധ പരിസ്ഥിതി കാരണങ്ങളും മനുഷ്യരുടെ പ്രവർത്തനങ്ങളും ഇതിനു വഴിവച്ചിട്ടുണ്ട്.
ജൈവവൈവിധ്യത്തെ സംരക്ഷിക്കുകയെന്നത് സങ്കീർണവും അതേസമയവും പ്രാധാന്യമുള്ളതുമായ ദൗത്യമാണ്. ഭൂമിയിലെ ജീവിവർഗങ്ങളുടെ സ്പെസിമനുകൾ സൂക്ഷിക്കുന്ന വിവിധ വോൾട്ടുകൾ ഭൂമിയിലുണ്ട്. എന്നാൽ ഇതുപോരായെന്നും ചന്ദ്രനിലും ഇത്തരമൊരു വോൾട്ട് പണികഴിപ്പിക്കണമെന്നാണ് ശാസ്ത്രജ്ഞരുടെ ഒരു രാജ്യാന്തര സംഘം ആവശ്യപ്പെടുന്നത്. ചന്ദ്രനിൽ വിവിധ ഗർത്തങ്ങളുണ്ടെന്നും ഇവയിൽ താപനില വളരെ കുറവായിരിക്കുമെന്നും അതിനാൽ തന്നെ ഇവയിൽ ഈ സ്പെസിമെനുകൾ സൂക്ഷിക്കാൻ എളുപ്പമായിരിക്കുമെന്നുമാണ് ശാസ്ത്രജ്ഞരുടെ വാദം.
നാസ ഉൾപ്പെടെ ലോകത്തെ പല ബഹിരാകാശ ഏജൻസികളും ചന്ദ്രനെ വീ്ണ്ടും ലക്ഷ്യമിട്ടുകൊണ്ടിരിക്കുകയാണ്. സൗരയൂഥത്തിന്റെ വിദൂരമേഖലകളിലേക്കും ഒരു പക്ഷേ പുറത്തേക്കുമൊക്കെ സംഭവിച്ചേക്കാവുന്ന വിദൂരകാല ദൗത്യങ്ങളുടെ ആദ്യകവാടവും തുറമുഖവുമൊക്കൊയി ചന്ദ്രനെ മാറ്റാമെന്ന് പലർക്കും പ്ലാനുണ്ട്. നാസ അടുത്തിടെ വിടാൻ പോകുന്ന ആർട്ടിമിസ് ചന്ദ്രദൗത്യമൊക്കെ ആ ലക്ഷ്യം മുൻനിർത്തിയുള്ളതുമാണ്. ഇനി ഇതിനപ്പുറം ചന്ദ്രന്‌റെ മണ്ണിൽ നിന്നു ലഭിച്ചേക്കാവുന്ന ഹീലിയം ത്രീ പോലുള്ള ഉപയോഗപ്രദമായ വസ്തുക്കളെയും മനുഷ്യർ നോട്ടമിടുന്നുണ്ട്. ഭൂമിയിലെ ഊർജമേഖലയ്ക്ക് വലിയ കുതിപ്പുനൽകുന്നതാകും ഹീലിയം ത്രീ.
എന്നാൽ ചന്ദ്രനിൽ ചെല്ലാനും അവിടെ കോളനികൾ സ്ഥാപിക്കാനുമൊക്കെ ഇടങ്ങൾ വേണം. ചന്ദ്രനിലുള്ള കുഴികൾ ഇതിനുള്ള അവസരം ഒരുക്കിയേക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. അടുത്തിടെ ചന്ദ്രനിലെ ഒരു കുഴിയെപ്പറ്റി പുതിയൊരു നാഴികക്കല്ലായ വിവരം പുറത്തുവന്നിരുന്നു. അപ്പോളോ ദൗത്യത്തിലൂടെ നീൽ ആംസ്‌ട്രോങ്ങും സംഘവുമൊക്കെ ലാൻഡ് ചെയ്ത പ്രശാന്തിയുടെ കടൽ എന്ന മേഖലയ്ക്ക് സമീപമാണ് ഈ കുഴി.
ഒരു കുഴി എന്നതിനപ്പുറം ഒരു ഭൂഗർഭ അറ എന്നു തന്നെ വിളിക്കാവുന്ന ഗർത്തമാണ് ഇതെന്നാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്. 45 മീറ്റർ വീതിയും 80 മീറ്റർ നീളവും ഉള്ള ഒരു ഭൂഗർഭ അറയിലേക്കാണ് ഇതു നയിക്കുന്നത്. ഏകദേശം 14 ടെന്നിസ് കോർട്ടുകളുടെ വിസ്തീർണമുണ്ട് ഭൂഗർഭ അറയ്ക്ക്. ഒരു ചന്ദ്രത്താവളം പ്രവർത്തിക്കാനുള്ള എല്ലാ സാധ്യതയും ഇവിടെയുണ്ട്.
ചന്ദ്രോപരിതലത്തിലെ കുഴികളെപ്പറ്റിയുള്ള അഭ്യൂഹങ്ങൾ ഏകദേശം 50 വർഷമായുണ്ട്. എന്നാൽ അടുത്തിടെയാണ് ഇവയുടെ ഉപയോഗസാധ്യതകൾ ചർച്ചയായത്. താപസ്ഥിരതയുള്ള കുഴികൾ ആണിവ. എസി മുറിയിൽ ഇരിക്കുന്നതു പോലെ ഇരിക്കാം. ചന്ദ്രോപരിതലത്തിൽ പകൽ സമയം 127 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാം. രാത്രി സമയങ്ങളിൽ -173 ഡിഗ്രി വരെ താപനില താഴുകയും ചെയ്യാറുണ്ട്. 15 ഭൗമദിനങ്ങൾക്കു തുല്യമാണ് ഒരു ചാന്ദ്രദിനമെന്നതിനാൽ ഇതിന്റെ ആഘാതം വളരെ വലുതാണ്. എന്നാൽ ചന്ദ്രനിലെ ഈ കുഴികളിൽ 17 ഡിഗ്രി സെൽഷ്യസ് എന്ന സ്ഥിരമായ താപനിലയാണ് അനുഭവപ്പെടാറുള്ളതെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഇത് താരതമ്യേന സുരക്ഷിതവും സൗകര്യപ്രദവുമായ താപനിലയാണ്.