ADVERTISEMENT

വയനാട്ടിലെ നൂറുകണക്കിന് ആളുകളുടെ ജീവൻ കവർന്ന ഉരുൾപൊട്ടലിന്റെ ഭീതിയിലാണ് കേരളക്കര. കാലാവസ്ഥയിൽ ഉണ്ടായിരിക്കുന്ന ഗുരുതര വ്യതിയാനങ്ങളും ആഗോള താപനവും അടക്കമുള്ള പ്രതികൂല പരിതസ്ഥിതികൾ മൂലം കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ഭൂമിയുടെ നാനാഭാഗത്തും പ്രകൃതി ദുരന്തങ്ങൾ  അടിക്കടി ഉണ്ടാകുന്നുണ്ട്. കാട്ടുതീയും താപ തരംഗവും വരൾച്ചയും വെള്ളപ്പൊക്കവുമെല്ലാം അവയിൽ ഉൾപ്പെടുമെങ്കിലും ഉരുൾപൊട്ടലും മണ്ണിടിച്ചിലുമാണ് അതിവേഗതയിൽ  ആളുകളുടെ ജീവൻ എടുക്കുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ കാൽഭാഗത്തോട് അടുക്കുമ്പോൾ  കഴിഞ്ഞ 24 വർഷത്തിനുള്ളിൽ ലോകം നേരിട്ട പ്രധാന മണ്ണിടിച്ചിൽ ദുരന്തങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

∙ 2006 ഫെബ്രുവരി 17 ന് ഫിലിപ്പീൻസിലെ സതേൺ ലെയ്റ്റ് പ്രവിശ്യയിൽ ഉണ്ടായ മണ്ണിടിച്ചിൽ വ്യാപകമായ നാശനഷ്ടങ്ങൾക്കും ജീവഹാനിക്കും കാരണമായിരുന്നു. ആകെ 1126 പേരാണ് മണ്ണിനടിയിൽ പെട്ടത്. 10 ദിവസത്തെ കനത്ത മഴയെയും റിക്ടർ സ്കെയിലിൽ 2.36 രേഖപ്പെടുത്തിയ ഭൂചലനത്തെയും തുടർന്നാണ് ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായത്.

ഫിലിപ്പീൻസിലുണ്ടായ മണ്ണിടിച്ചിൽ (Photo: X/@enwikipedia)
ഫിലിപ്പീൻസിലുണ്ടായ മണ്ണിടിച്ചിൽ (Photo: X/@enwikipedia)

∙2007ൽ ബംഗ്ലാദേശിലെ തുറമുഖ നഗരമായ ചിറ്റഗോംഗിൽ മൺസൂൺ മഴയെ തുടർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഈ പ്രദേശത്ത് വലിയതോതിൽ കുന്നുകൾ ഇടിച്ചുനിരത്തുന്നത് തുടർക്കഥയായിരുന്നെങ്കിലും ഇതിന് ഭരണകൂടങ്ങൾ വേണ്ടത്ര പ്രാധാന്യം നൽകാഞ്ഞത് ദുരന്തം ഉണ്ടാകുന്നതിലേക്ക് വഴിവച്ചു എന്നാണ് വിലയിരുത്തൽ. 123 പേരാണ് അപകടത്തിൽ മരിച്ചത്.

∙ഈജിപ്തിലെ ദുവൈക്കയിൽ 2008 സെപ്റ്റംബർ ആറിന് ഒരു മുനമ്പിൽ നിന്നും ഏറെ വലുപ്പമുള്ള എട്ടു പാറകൾ പൊട്ടിയടർന്നതിനെ തുടർന്ന് വലിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായി.  166 വീടുകൾ തകർക്കപ്പെടുകയും  119 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. ഇത് ഔദ്യോഗിക കണക്കുകൾ മാത്രമാണെന്നും മരണസംഖ്യ  ഇതിലും അധികമാണെന്നും പ്രദേശവാസികൾ പറയുന്നു. 

∙2009 ൽ തായ്‌വാനിലെ സിയോലിൻ ഗ്രാമത്തിൽ മൊറോക്കോട്ട് ചുഴലിക്കാറ്റിനെ തുടർന്ന് ശക്തമായ മഴ പെയ്തിരുന്നു. സിയോലിൻ നദിക്ക് മുകൾഭാഗത്തുള്ള മണ്ണിന് വെള്ളത്തിന്റെ മർദ്ദം താങ്ങാനാവാതെ വന്നതോടെ കനത്ത കനത്ത മണ്ണിടിച്ചിലുണ്ടായി. 471 പേരാണ് ഈ ദുരന്തത്തിൽ മരിച്ചത്.

തായ്‌വാനിൽ മൊറോക്കോട്ട് ചുഴലിക്കാറ്റിനുപിന്നാലെ ഉണ്ടായ മണ്ണിടിച്ചിൽ, കെട്ടിടം തകർന്നുവീഴുന്നു. Photo: X/@mtWiGRV1DBE6fPZ)
തായ്‌വാനിൽ മൊറോക്കോട്ട് ചുഴലിക്കാറ്റിനുപിന്നാലെ ഉണ്ടായ മണ്ണിടിച്ചിൽ, കെട്ടിടം തകർന്നുവീഴുന്നു. Photo: X/@mtWiGRV1DBE6fPZ)

∙ 2010 ഓഗസ്റ്റ് എട്ടിന് ചൈനയിലെ ഷൗക് കൗണ്ടിയിലെ ഗാൻസുവിൽ ഉണ്ടായ മാരകമായ മണ്ണിടിച്ചിലിനെ തുടർന്ന് 1471 ആളുകളാണ് മരണപ്പെട്ടത്. 294 പേരെ കാണാതായി. പതിറ്റാണ്ടുകളായി തുടർന്നുവന്ന അശാസ്ത്രീയമായ മരം മുറിക്കലാണ് മണ്ണിടിച്ചിലിലേക്ക് വഴിവച്ചത്. 

∙ 2013 ജൂണിൽ ഉത്തരാഖണ്ഡിൽ ഉണ്ടായ മിന്നൽ പ്രളയവും മണ്ണിടിച്ചിലും സുനാമിക്ക് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ദുരന്തമായിരുന്നു. തകർന്ന കെട്ടിടങ്ങളും മണ്ണും നിറഞ്ഞ് നദിയുടെ ഒഴുക്ക് തടസ്സപ്പെട്ടത് വെള്ളപ്പൊക്കത്തിൻ്റെ വ്യാപ്തി വർധിപ്പിച്ചു. ജൂൺ 13നാണ് ദുരന്തം അതിന്റെ രൗദ്രഭാവത്തിൽ എത്തിയത്. ഒരു മാസത്തിനിപ്പുറം അപകടത്തിൽ 5700 ന് മുകളിൽ ആളുകൾ മരണപ്പെട്ടതായി അനുമാനിക്കുന്നു എന്ന റിപ്പോർട്ട് പുറത്തുവന്നു. എന്നാൽ പിന്നീട് 6054 പേർ ദുരന്തത്തിൽ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണവും നടത്തിയിരുന്നു.

കേദാർനാഥിലുണ്ടായ ഉരുൾപൊട്ടലും പ്രളയവും (Photo: X/@HarishGariyaBJP)
കേദാർനാഥിലുണ്ടായ ഉരുൾപൊട്ടലും പ്രളയവും (Photo: X/@HarishGariyaBJP)

∙ അഫ്ഗാനിസ്ഥാനിലെ ആർഗോ ജില്ലയിൽ 2014 മെയ് രണ്ടിനുണ്ടായ രണ്ട് മണ്ണിടിച്ചിലുകൾ 2700 ഓളം ആളുകളുടെ ജീവൻ കവർന്നതായാണ് കണക്ക്. 14000 ജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കിക്കൊണ്ടായിരുന്നു ഈ ദുരന്തം. 300 ഓളം വീടുകളും ദുരന്തത്തിൽ നാമാവശേഷമായി.

∙ 2014 ജൂലൈ 30ന് മഹാരാഷ്ട്രയിലെ മാലിൻ ഗ്രാമത്തിൽ ഭൂകമ്പത്തെ തുടർന്ന് കനത്ത മണ്ണിടിച്ചിലാണ് ഉണ്ടായത്. ശക്തമായ മഴ ദുരന്തത്തിന്റെ ആഘാതം വർദ്ധിപ്പിച്ചു. പുലർച്ചെ സമയത്ത് മണ്ണിടിച്ചിൽ ഉണ്ടായതുമൂലം ആളുകൾ വീടുകൾക്കുള്ളിൽ തന്നെ കുടുങ്ങി പോവുകയായിരുന്നു . 151 പേരാണ് മണ്ണിനടിയിൽപെട്ട് മരണമടഞ്ഞത്.

∙ 2014 ഓഗസ്റ്റിൽ നേപ്പാളിലുണ്ടായ ശക്തമായ മഴയും മണ്ണിടിച്ചിലും 156 പേരുടെ ജീവനെടുത്തു. അവശിഷ്ടങ്ങൾ വന്നടിഞ്ഞ് നദിയുടെ ഒഴുക്ക് തടസ്സപ്പെട്ടതിനെ തുടർന്ന് ഒരു പ്രദേശമാകെ തടാകം പോലെ രൂപപ്പെടുകയായിരുന്നു. 5 കിലോമീറ്റർ ഹൈവേ ദുരന്തത്തിൽ തകർന്നു. 22 കെട്ടിടങ്ങളും ഒലിച്ചു പോയിരുന്നു.

∙ 2015 ഒക്ടോബർ ഒന്നിനുണ്ടായ കനത്ത മഴയെ തുടർന്ന് ഗ്വാട്ടിമാലയിലെ എൽ കാംബ്രേ ഡോസ് ഗ്രാമത്തിൽ മണ്ണിടിച്ചിൽ ഉണ്ടായി. 280 പേരുടെ ജീവൻ അപഹരിച്ച മണ്ണിടിച്ചിലിൽ 70 പേരെ കാണാതാവുകയും ചെയ്തു. ആ ഗ്രാമത്തിന്റെ ഭൂപ്രദേശം ആകെ ഇടിച്ചു നിരത്തി കൊണ്ടായിരുന്നു മണ്ണിടിച്ചിൽ സംഹാര താണ്ഡവമാടിയത്

ഫ്രീടൗണിലുണ്ടായ മണ്ണിടിച്ചിലിൽപ്പെട്ടവരെ തിരയുന്ന രക്ഷാപ്രവർത്തകരും നാട്ടുകാരും
(Photo: X/@AfricaNewsEye)
ഫ്രീടൗണിലുണ്ടായ മണ്ണിടിച്ചിലിൽപ്പെട്ടവരെ തിരയുന്ന രക്ഷാപ്രവർത്തകരും നാട്ടുകാരും (Photo: X/@AfricaNewsEye)

∙ പശ്ചിമ ആഫ്രിക്കൻ രാജ്യമായ സിയേരാ ലിയോണിലെ ഫ്രീടൗൺ എന്ന പ്രദേശത്ത് 2017 ഓഗസ്റ്റ് 14ന് മണ്ണിടിച്ചിൽ ഉണ്ടായി. അതിശക്തമായ മഴയാണ് മണ്ണിടിച്ചിലിലേക്ക് നയിച്ചത്. 1141 പേർക്ക് ജീവൻ നഷ്ടമായി. നഗരത്തിലെ നൂറുകണക്കിന് കെട്ടിടങ്ങൾ നാമാവശേഷമാവുകയും മൂവായിരത്തിലധികം ആളുകൾ ഭവന രഹിതരാവുകയും ചെയ്തു.

∙ 2017 ലെ മണ്ണിടിച്ചിൽ ദുരന്തങ്ങളിൽ വലിയ നാശംവിതച്ച മറ്റൊന്ന് അരങ്ങേറിയത് കൊളംബിയയിലെ മൊക്കോവയിലാണ്. കനത്ത മഴ തന്നെയായിരുന്നു മണ്ണിടിച്ചിലിനു പിന്നിലെ കാരണം. 336 പേർ ദുരന്തത്തിൽ കൊല്ലപ്പെട്ടു. 400 ലധികം ആളുകൾക്ക് സാരമായി പരിക്കേൽക്കുകയും 200 പേരെ കാണാതാവുകയും ചെയ്തു. കൊളംബിയയുടെ ചരിത്രത്തിലെ മൂന്നാമത്തെ വലിയ മണ്ണിടിച്ചിൽ ദുരന്തമായിരുന്നു ഇത്.

∙ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ മണ്ണിടിച്ചിൽ ബംഗ്ലാദേശിൽ തുടർക്കഥയായിരുന്നു. 2017 ജൂണിൽ ബംഗ്ലാദേശിലെ മൂന്ന് മലയോര മേഖലകളാണ് മണ്ണിടിച്ചിലിന് ഇരകളായത്. രംഗമാട്ടി, ചിറ്റഗോംഗ് , ബാന്ദർബൻ എന്നിവിടങ്ങളിലുണ്ടായ മണ്ണിടിച്ചിലുകളിൽ 152 പേരാണ് മരിച്ചത്. വൈദ്യുതി ബന്ധവും ആശയവിനിമയ സംവിധാനങ്ങളുമെല്ലാം താറുമാറാക്കപ്പെട്ടു. ബംഗ്ലാദേശിൻ്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ദുരന്തമായാണ് ഈ മണ്ണിടിച്ചിൽ വിശേഷിപ്പിക്കപ്പെട്ടത്. 

ബംഗ്ലാദേശിലുണ്ടായ മണ്ണിടിച്ചിൽ (Photo:X/@RayMecxtell)
ബംഗ്ലാദേശിലുണ്ടായ മണ്ണിടിച്ചിൽ (Photo:X/@RayMecxtell)

∙ 116 പേരുടെ ജീവനപഹരിച്ച മ്യാൻമാറിലെ ഹ്പാകാന്ത് ജേഡ് ഖനി ദുരന്തം നടന്ന് അര പതിറ്റാണ്ടിന് ശേഷം 2020 ജൂലൈയിൽ വീണ്ടും ദുരന്തം ഹ്പാകാന്തിനെ വരിഞ്ഞു മുറുക്കി. കനത്ത മഴയെ തുടർന്ന്  ഖനന മേഖലയിലെ മണ്ണും മാലിന്യങ്ങളും വലിയതോതിൽ തടാകത്തിൽ വന്ന് പതിച്ചു.  തടാകത്തിലെ ജലവും ചെളിയും വലിയ തിരമാലകളായി വന്നു മൂടിയതിനെ തുടർന്ന് സമീപത്ത് ജോലി ചെയ്തിരുന്ന ഇരുനൂറോളം തൊഴിലാളികൾ അതിൽ അകപ്പെട്ട് മരണമടയുകയായിരുന്നു.

∙ വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രം കൂടിയായ ബ്രസീലിലെ പെട്രോപൊലിസിൽ 2022 ഫെബ്രുവരിയിലാണ് മണ്ണിടിച്ചിൽ നാശം വിതച്ചത്. കനത്ത മഴയെ തുടർന്ന് വലിയ തോതിലുള്ള വെള്ളപ്പൊക്കവും ഉണ്ടായി. നഗരത്തിന്റെ പല മേഖലകളും മണ്ണ് വന്നു മൂടി സമതലങ്ങളായി. 231 പേരാണ് ദുരന്തത്തിൽ മരണമടഞ്ഞത്.

English Summary:

Tragedies Unforgotten: The Deadliest Landslides of the Last 24 Years That Claimed Over a Thousand Lives

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com