മണ്ണിനടിയിലെ ജീവൻ കണ്ടെത്താൻ ഡോഗ് സ്ക്വാഡിലെ ‘മാഗി’; മരിച്ചവർക്കായി മായയും മർഫിയും
Mail This Article
വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. മണ്ണിനടിയിൽപ്പെട്ടവരെ കണ്ടെത്താനായി ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ തന്നെ ഇടുക്കി പൊലീസ് സ്ക്വാഡിലുള്ള മാഗി എന്ന നായ സ്ഥലത്ത് എത്തിയിരുന്നു. ലാബ്രഡോർ ഇനത്തിൽപ്പെട്ട നായ ചൂരൽമല വെള്ളാർമല സ്കൂൾ പരിസരത്താണ് ആദ്യം തിരച്ചിൽ നടത്തിയത്. ജീവനുള്ളവരെ തിരയാനും കണ്ടെത്താനുമാണ് മാഗി പരിശീലിച്ചിരിക്കുന്നത്. ചെളിയും വെള്ളക്കെട്ടും നിറഞ്ഞ പ്രദേശം ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും പത്തടി താഴ്ചയിലുള്ളതുവരെ മാഗി മണത്തറിഞ്ഞു. ഡോഗ് സ്‌ക്വാഡ് ഇൻ ചാർജ് കെ സുധീഷിന്റെ നേതൃത്വത്തിൽ എൻ.കെ വിനീഷ്, പി. അനൂപ് എന്നിവരാണ് മാഗിയെ പരിപാലിക്കുന്നത്.
പെട്ടിമുടി ദുരന്തത്തിൽ മൃതദേഹം കണ്ടെത്താൻ ഏറെ സഹായിച്ച മായയും മർഫിയും വയനാട് രക്ഷാപ്രവർത്തിന് എത്തിയിട്ടുണ്ട്. ബല്‍ജിയൻ മലിന്വ ഇനത്തിൽപ്പെട്ട ഇവർ കൊച്ചി സിറ്റി പൊലീസിന്റെ കീഴിലുള്ളവരാണ്. പഞ്ചാബ് ഹോംഗാർഡിൽനിന്നാണ് കേരള പൊലീസ് ഇവരെ സ്വന്തമാക്കിയത്. 2020 മാര്‍ച്ചിലാണ് ഇവർ സേനയില്‍ ചേർന്നത്. മണ്ണിനടിയിലെ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനുള്ള വിദഗ്ധ (കഡാവർ) പരിശീലനം ലഭിച്ചിട്ടുള്ള ഇവർക്ക് 40 അടി താഴെ വരെ ആഴത്തിലുളള മൃതദേഹങ്ങളും അവയുടെ അവശിഷ്ടങ്ങളും കണ്ടെത്താനുള്ള കഴിവുണ്ട്. എത്രമാത്രം പഴകിയതും അഴുകിയതുമായ മൃതദേഹങ്ങളും കണ്ടെത്താന്‍ ഈ കഡാവർ നായ്ക്കള്‍ക്ക് കഴിയും. തൃശൂരിലെ കേരള പൊലീസ് അക്കാദമിയിലാണ് മായ എന്ന് വിളിപ്പേരുളള ലില്ലിയും മര്‍ഫിയും പരിശീലനം നേടിയത്.
ഊര്‍ജ്വസ്വലതയിലും ബുദ്ധികൂര്‍മതയിലും വളരെ മുന്നിലാണ് ബല്‍ജിയൻ മലിന്വ നായ്ക്കള്‍. വിശ്രമമില്ലാതെ മണിക്കൂറുകളോളം തുടര്‍ച്ചയായി ജോലി ചെയ്യാന്‍ ഇവയ്ക്ക് കഴിയുമെന്നത് പൊലീസ്-മിലിറ്ററി സേനകളിൽ ഇവയെ വ്യാപകമായി ഉപയോഗിക്കാൻ കാരണമായി. പ്രകൃതിദുരന്തം നാശം വിതച്ച പെട്ടിമുടിയില്‍ എട്ടു മൃതദേഹങ്ങള്‍ മണ്ണിനടിയില്‍ നിന്ന് കണ്ടെത്തിയത് മായ ആയിരുന്നു. വെറും മൂന്നു മാസത്തെ പരിശീലനത്തിനു ശേഷമാണ് മായ അന്നത്തെ ദൗത്യത്തിന് ഇറങ്ങിത്തിരിച്ചത്. കൊക്കിയാറിലെ ഉരുള്‍പൊട്ടല്‍ മേഖലയില്‍നിന്ന് നാലു മൃതദേഹങ്ങള്‍ കണ്ടെത്താന്‍ മായയോടൊപ്പം മര്‍ഫിയും ഉണ്ടായിരുന്നു. പ്രഭാത്, മനേഷ്, ജോർജ് മാനുവൽ എന്നിവരാണ് ഇവരുടെ ഹാൻഡലർമാർ.
കേരള പൊലീസിന്റെ ഡോഗ് സ്ക്വാഡിനെ കൂടാതെ ഡൽഹിയിൽ നിന്ന് മൂന്ന് സ്‌നിഫർ ഡോഗുകളും വയനാട്ടിൽ രക്ഷാപ്രവർത്തനത്തിനെത്തിയിട്ടുണ്ട്.