20 വർഷമായി വഴികാട്ടും ഗൂഗിൾ മാപ്പ്! ഒരിക്കൽ കൊടുംക്രിമിനലിനെയും അകത്താക്കി

Mail This Article
ഇന്നത്തെലോകം ഏറെ ആശ്രയിക്കുന്ന ഒരു സാങ്കേതികമാർഗമാണ് ഗൂഗിൾമാപ്. എങ്ങോട്ടുപോകണമെങ്കിലും വഴി പറഞ്ഞുതരാനും സ്ഥലങ്ങളെപ്പറ്റി റിവ്യൂ തരാനും അടുത്തുള്ള ഹോട്ടലുകളും മറ്റു സ്ഥാപനങ്ങളുമൊക്കെ കാട്ടിത്തരാനുമൊക്കെ ഗൂഗിൾമാപ് മിടുക്കനാണ്. 20 വർഷങ്ങൾക്കു മുൻപ് ഇതുപോലൊരു ഫെബ്രുവരിയിലാണ് ഗൂഗിൾമാപ്പ് പുറത്തിറങ്ങിയത്. പിന്നീടിങ്ങോട്ട് 2 പതിറ്റാണ്ട്.
ചിലപ്പോഴൊക്കെ വഴിതെറ്റിക്കുകയൊക്കെ ചെയ്തിട്ടുണ്ടെങ്കിലും ഗൂഗിളിന്റെ കുടുംബത്തിൽ മനുഷ്യർക്ക് ഏറ്റവും കൂടുതൽ സേവനം ചെയ്തുതന്നെ ഒരു സാങ്കേതികവിദ്യ ഗൂഗിൾമാപ്പാണ്. ഒരിക്കൽ ഒരു കൊടുംക്രിമിനലിനെ പിടിക്കാനും ഗൂഗിൾ മാപ് സഹായിച്ചു. 3 വർഷം മുൻപായിരുന്നു ഇത്. ഇരുപതു വർഷം പൊലീസിനെ വെട്ടിച്ച് നടന്ന പിടികിട്ടാപ്പുള്ളി മാഫിയാത്തലവൻ ജിയോച്ചിനോ ഗാമിനോയെയാണു ഗൂഗിൾ മാപ് ആപ്പിന്റെ സ്ട്രീറ്റ്‌വ്യൂവിൽ കണ്ടതിനെത്തുടർന്ന് പൊലീസ് വലയിലാക്കിയത്. സ്പെയിനിൽവച്ചായിരുന്നു ഇത്.
ഇറ്റലിയിലെ സിസിലിയിലുള്ള പ്രബല മാഫിയാ ഗ്രൂപ്പായ കോസ നോസ്ട്രയുമായി രക്തരൂക്ഷിതമായ സംഘർഷങ്ങൾ ഗാമിനോയും സംഘാംഗങ്ങളും നടത്തിയിരുന്നു. 1984ൽ ഗാമിനോ ഇറ്റാലിയൻ പൊലീസിന്റെ പിടിയിലായി. അന്നു തന്റെ വാദം കേട്ട ജഡ്ജിയെ 1992ൽ കാർബോംബ് സ്ഫോടനത്തിൽ ഗാമിനോയുടെ മാഫിയ കൊലപ്പെടുത്തി.ഇതുൾപ്പെടെ ഒട്ടേറെ കുറ്റകൃത്യങ്ങൾ ഇയാളുടെ പേരിൽ ഇറ്റലിയിലുണ്ട്. 1998ൽ ഇയാളെ വീണ്ടും അറസ്റ്റ് ചെയ്തു ജയിൽ ശിക്ഷയ്ക്കു വിധിച്ചു. എന്നാൽ റോമിലെ റബീബിയ ജയിലിൽ നിന്ന് ഇയാൾ 2002ൽ തടവുചാടി. പിന്നീട് ഇരുപതു വർഷത്തോളം പൊലീസിന്റെ നോട്ടംവെട്ടിച്ചു മുങ്ങിനടന്നു. ഇറ്റാലിയൻ സർക്കാരിന്റെ പിടികിട്ടാപ്പുള്ളികളുടെ ലിസ്റ്റിൽ മുൻനിരയിലായിരുന്നു ഗാമിനോയുടെ സ്ഥാനം.

ഇതിനിടെ രാജ്യം വിട്ട് സ്പെയിനിലേക്കു കടന്ന ഗാമിനോ, സ്പാനിഷ് തലസ്ഥാനനഗരം മഡ്രിഡിനു സമീപമുള്ള ഗാലപഗാർ എന്ന പട്ടണത്തിലെത്തി. ഇവിടെ വച്ചു തന്റെ പേരും വ്യക്തിത്വവും മാറ്റ് മാനുവൽ എന്ന പേരു സ്വീകരിച്ചു. പഴങ്ങളും പച്ചക്കറികളും വിൽക്കുന്ന ഒരു കട തുടങ്ങി, വിവാഹവും കഴിച്ച് അവിടെ ജീവിച്ചു വരികയായിരുന്നു. ഇപ്പോൾ 64 വയസ്സുണ്ട് ഇയാൾക്ക്.ഇതിനിടെയാണു ഗൂഗിൾ സ്ട്രീറ്റ്വ്യൂവിൽ തന്റെ കടയുടെ മുന്നിൽ നിൽക്കുന്ന ഗാമിനോയുടെ ചിത്രം പൊന്തിവരുന്നത്. യാദൃച്ഛികമായി ഇതു ശ്രദ്ധയിൽ പെട്ട പൊലീസ് അധികൃതർ സ്പെയിനിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു. രണ്ടുവർഷത്തോളം എല്ലാ പഴുതുകളുമടച്ച് അന്വേഷണം നടത്തിയ പൊലീസ് മാനുവൽ എന്ന കള്ളപ്പേരിലുള്ളത് ഗാമിനോ തന്നെയാണെന്ന് ഉറപ്പിച്ചു. ഒടുക്കം ഗാലപഗാറിലെത്തി മാനുവലെന്ന ഗാമിനോയെ അറസ്റ്റ് ചെയ്ത് ഇറ്റലിയിലെത്തിക്കുകയും ചെയ്തു.