'സ്കൂളിലും പോയില്ല, ഒന്നും കഴിച്ചുമില്ല; പക്ഷേ, ആ ബാഗ് അച്ചുവിന്റേതാണ്' - ഹൃദയം കീഴടക്കി അയാൻ

Mail This Article
അഭിനേതാക്കളായ ചന്ദ്ര ലക്ഷ്മമണിന്റേയും ടോഷ് ക്രിസ്റ്റിയുടെയും കുഞ്ഞുമകനാണ് അയാൻ. രണ്ടു വയസ് മാത്രമാണ് പ്രായമെങ്കിലും കുഞ്ഞ് അയാൻ സ്കൂളിൽ പോകുന്നുണ്ട്. സ്കൂളിൽ പോകുന്നതും കളിക്കുന്നതും കൂട്ടുകാർക്ക് ഒപ്പം സമയം ചെലവഴിക്കുന്നതുമെല്ലാം അയാൻ എന്ന അച്ചുവിന് വളരെ ഇഷ്ടമാണ്. അച്ചു സ്കൂളിൽ നിന്ന് വന്നതിനു ശേഷമുള്ള ഒരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ് ചന്ദ്ര ലക്ഷ്മൺ സോഷ്യൽ മീഡിയയിൽ. സ്കൂളിൽ പോയി ഓരോ കാര്യവും ചെയ്തോ എന്ന് ചോദിക്കുമ്പോൾ ഒന്നും ചെയ്തില്ല എന്ന് പറയുകയും ബാഗ് ആരുടേതാണെന്ന് ചോദിക്കുമ്പോൾ അത് അച്ചുവിന്റേതാണെന്ന് പറയുകയും ചെയ്യുന്ന മനോഹരമായ വിഡിയോ ആണ് ചന്ദ്ര ലക്ഷ്മൺ പങ്കുവെച്ചിരിക്കുന്നത്.
തമിഴിലാണ് ആശയവിനിമയം. പെയിന്റിഗ് പണ്ണിയോ എന്ന് ചോദിക്കുമ്പോൾ ‘പെയിന്റിഗ് പണ്ണലേ’ എന്ന് ക്യൂട്ട് ആയി പറയുകാണ് അയാൻ. ‘വെളയാടിയോ’ എന്ന ചോദ്യത്തിന് ‘വെളയാടിയില്ലെ’ന്നും മറുപടി നൽകുന്നു. ‘നടന്നോ’ എന്ന് ചോദിക്കുമ്പോൾ നടന്നില്ലെന്നും ‘സ്കൂളിൽ പോയോ’ എന്ന് ചോദിച്ചപ്പോൾ ‘സ്കൂളിൽ പോയില്ലെ’ന്നും പറയുകയാണ് അയാൻ എന്ന അച്ചുക്കുട്ടൻ. അപ്പോൾ, ഈ ബാഗ് ആരുടേതാണെന്ന് ചോദിക്കുമ്പോൾ ‘അച്ചുവിന്റേത്’ ആണെന്ന് പറയുന്നു. ബാഗ് അച്ചുവിന്റേയാണ് പക്ഷേ, സ്കൂളിൽ പോയിട്ടില്ല എന്ന് പറയുമ്പോഴേക്കും 'അച്ചൂടെ ബാഗ്' എന്ന് പറഞ്ഞ് ബാഗുമായി ഓടി മറയുന്ന അച്ചുക്കുട്ടനെയാണ് കാണാൻ കഴിയുന്നത്. ആകെ മൊത്തം ഒന്നും ചെയ്തിട്ടില്ലെങ്കിലും ബാഗ് അച്ചുവിന്റേതാണെന്നാണ് കുഞ്ഞ് വ്യക്തമാക്കുന്നത്.
കമന്റ് ബോക്സിൽ അച്ചുവിനെ സ്നേഹം കൊണ്ട് പൊതിയുകയാണ് എല്ലാവരും. 'ഒന്നും പണ്ണലേ, എന്നാ ബാഗ് അച്ചുവോട്' എന്ന അടിക്കുറിപ്പുമായാണ് വിഡിയോ ചന്ദ്ര ലക്ഷ്മൺ പങ്കുവെച്ചിരിക്കുന്നത്. രണ്ടു വയസ് തികഞ്ഞതിനു പിന്നാലെ കഴിഞ്ഞവർഷം നവംബറിലാണ് അച്ചു സ്കൂളിലേക്ക് പോയി തുടങ്ങിയത്. സ്വന്തം സുജാത എന്ന സീരിയലിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ ആയിരുന്നു ചന്ദ്ര ലക്ഷ്മണും ടോഷ് ക്രിസ്റ്റിയും വിവാഹിതരായത്. 2022 ലാണ് താരദമ്പതികൾക്ക് കുഞ്ഞ് പിറന്നത്. മകന് അയാൻ എന്ന് പേരു നൽകിയെങ്കിലും അച്ചു എന്നാണ് സ്നേഹപൂർവം വിളിക്കുന്നത്.