തടാകത്തിനു മുകളിൽ ചിറകുവിരിച്ച ഭീമൻ പക്ഷി! അത് ‘ഒരു പക്ഷിയല്ല’

Mail This Article
കോവിഡ് ലോക്ഡൗൺ കാലത്താണ് അയർലൻഡുകാരനായ ജയിംസ് ക്രോംബി വന്യജീവി ഫൊട്ടോഗ്രഫിയിൽ ആകൃഷ്ടനായത്. പക്ഷികളുടെ ചിത്രങ്ങളെടുക്കുന്നതായിരുന്നു ഇഷ്ടമേഖല. അയർലൻഡിലെ ‘ലൗ എന്നൽ’ എന്ന തടാകക്കരയിൽ എല്ലാദിവസവും പക്ഷിക്കൂട്ടങ്ങളുടെ ചിത്രങ്ങളെടുക്കാനായി ക്രോംബി പോയിരുന്നു. ഒടുവിൽ 2020 ഡിസംബറിൽ ക്രോംബി കാത്തുകാത്തിരുന്ന ആ ചിത്രം പതിഞ്ഞു. ഭീമാകാരനായ ഒരു പക്ഷിയുടെ രൂപത്തിൽ ആയിരക്കണക്കിനു പക്ഷികൾ അണിചേർന്ന അവിസ്മരണീയമായ ചിത്രമായിരുന്നു അത്.
ഈ ചിത്രം ക്രോംബിയുടെ കരിയറിനെത്തന്നെ മാറ്റിമറിച്ചു. പല മാസികകളിലും പത്രങ്ങളിലുമൊക്കെ ഇത് അച്ചടിച്ചുവന്നു. ഓസ്ട്രേലിയയിലും നോർവേയിലുമൊക്കെ ഇതു കലാസൃഷ്ടിയായി. കൂട്ടമായി പറക്കുന്ന സ്റ്റാർലിങ്സ് പക്ഷികൾ ആകാശത്തു പലവിധ ആകൃതികൾ സൃഷ്ടിക്കാറുണ്ട്. ഇസ്പൂണിന്റെ ആകൃതിയിൽ പക്ഷികൾ പറന്നത് 2022ലെ പ്രശസ്തമായ മറ്റൊരു ചിത്രമായിരുന്നു. വടക്കൻ ജോർദാൻ താഴ്‌വരയിൽ നിന്നായിരുന്നു ചിത്രം പകർത്തിയത്.
നമ്മുടെ നാട്ടിലെ മൈനകൾ ഉൾപ്പെടുന്ന പക്ഷിവിഭാഗമാണ് സ്റ്റാർലിങ്‌സ്. സ്റ്റർണിഡെ എന്ന പക്ഷികുടുംബത്തിലാണ് ഈ പക്ഷികൾ ഉൾപ്പെടുന്നത്. ഏഷ്യയും ആഫ്രിക്കയുമാണ് ഇവയുടെ അധിവാസ മേഖലകൾ. ഏഷ്യയിൽ പ്രധാനമായും മൈനകളും ആഫ്രിക്കയിൽ ഗ്ലോസി സ്റ്റാർലിങ് എന്ന മറ്റൊരു വിഭാഗവുമാണ് ഈ കുടുംബത്തിൽ നിന്നുള്ളത്. ഏഷ്യയും ആഫ്രിക്കയുമാണു ജന്മദേശമെങ്കിലും വടക്കേ അമേരിക്ക, യൂറോപ്പ് , ഓസ്‌ട്രേലിയ, ന്യൂസീലൻഡ് എന്നിവിടങ്ങളിലും ഈ പക്ഷികൾ ധാരാളമായുണ്ട്. ഇവിടങ്ങളിൽ ഇവ അൽപം കുപ്രസിദ്ധവുമാണ്. പെട്ടെന്നു പെറ്റുപെരുകുന്ന ഈ പക്ഷികളെ ഇൻവേസീവ് സ്പീഷീസ് അഥവാ അതിക്രമിച്ചു കയറിയ ജീവിവംശം എന്ന നിലയിലാണ് ഇവിടങ്ങളിലെ ജന്തുശാസ്ത്ര വിദഗ്ധർ കണ്ടുപോരുന്നത്. തദ്ദേശീയമായ പല പക്ഷികളും ഇവയുടെ കടന്നുകയറ്റം മൂലം നില പരുങ്ങലിലായ അവസ്ഥയിലാണെന്നും വിദഗ്ധർ പറയുന്നു.
സാമൂഹിക ജീവിത രീതി ശക്തമായി തുടരുന്ന ഈ പക്ഷികൾ ആകാശത്ത് വിവിധ തരം പറക്കൽ ഘടനകളുണ്ടാക്കുന്നതിനെ മർമറേഷൻ എന്നാണു വിളിക്കുന്നത്. ഈ പ്രക്രിയയുടെ ചിത്രങ്ങളെടുക്കാനായി മാത്രം ക്യാമറയുമായി അലയുന്ന വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫർമാർ ഒട്ടേറെയുണ്ട്. തങ്ങളെ ആക്രമിക്കുന്ന പക്ഷികളെ പറ്റിക്കാനായാണ് ഇവയുടെ ഈ വിദ്യയെന്നു ശാസ്ത്രജ്ഞർ സംശയിക്കുന്നു.