പൂമ്പാറ്റയുടെ അവശിഷ്ടം ശരീരത്തിൽ കുത്തിവച്ച 14കാരന് ദാരുണാന്ത്യം; എന്താണ് സംഭവിച്ചത്?

Mail This Article
ബ്രസീലിൽ വൈറൽ ചലഞ്ചിന്റെ ഭാഗമായി പൂമ്പാറ്റയുടെ അവശിഷ്ടം ശരീരത്തിൽ കുത്തിവച്ച 14കാരൻ മരിച്ചു. ഡേവി ന്യൂൺ മെറേറ ചത്ത പൂമ്പാറ്റയുടെ അവശിഷ്ടങ്ങളും വെള്ളവും ചേർത്ത് ശരീരത്തിൽ കുത്തിവയ്ക്കുകയായിരുന്നു.
കുത്തിവയ്പ്പിനുശേഷം കാലിൽ ശക്തമായ വേദന അനുഭവപ്പെട്ടിരുന്നു. വീട്ടുകാർ ചോദിച്ചപ്പോൾ കളിക്കിടെ പരുക്കേറ്റതാണെന്ന് പറഞ്ഞു. പിന്നീട് ഡേവിയെ വിറ്റോറിയ ഡി കോൺക്വിസ്റ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തം കട്ടപിടിക്കുന്ന അവസ്ഥയും അലർജിപ്രശ്നങ്ങളും ഡേവിയെ അലട്ടി. ആരോഗ്യനില ഗുരുതരവുമായപ്പോഴാണ് പൂമ്പാറ്റയുടെ അവശിഷ്ടങ്ങൾ വെള്ളത്തിൽ കലർത്തി കാൽ ഞരമ്പിൽ കുത്തിവച്ച കാര്യം ഡേവി വെളിപ്പെടുത്തിയത്. മുറി വൃത്തിയാക്കുന്നതിനിടെ തലയിണയ്ക്കിടയിൽ നിന്ന് പിതാവിന് സിറിഞ്ച് ലഭിച്ചിരുന്നു.
ഏഴ് ദിവസം അതികഠിനമായ വേദന അനുഭവിച്ചശേഷമാണ് ബുധനാഴ്ച ഡേവി മരണത്തിന് കീഴടങ്ങിയത്. മനുഷ്യ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് പൂർണമായി പഠിച്ചിട്ടില്ലാത്ത ശരീരദ്രവങ്ങൾ ചിത്രശലഭങ്ങളിൽ അടങ്ങിയിട്ടുണ്ടെന്ന് വിദഗ്ധർ പറയുന്നു. തേൻ കുടിക്കാനായി വിഷ ചെടികളിലേക്ക് പോകുമ്പോൾ പൂമ്പാറ്റയുടെ ശരീരത്തിലും വിഷാംശം ഉണ്ടായേക്കാം. എങ്കിലും ഒരു മനുഷ്യന്റെ ജീവൻ എടുക്കാവുന്നത്ര വിഷം ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഏത് പൂമ്പാറ്റ ഇനമാണ് ഡേവി കുത്തിവയ്‌പ്പിന് ഉപയോഗിച്ചതെന്ന് വ്യക്തമല്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ മരണകാരണം വ്യക്തമാകൂ.