ഭക്ഷണമോ വെള്ളമോയില്ല, മൂത്രമൊഴിക്കാൻ ഇടവേളയുമില്ല: ഹിറ്റായി ‘സ്പോട്ടി’യുടെ ബിസിനസ് ക്ലാസ് യാത്ര

Mail This Article
വളർത്തുമൃഗങ്ങൾക്ക് വിമാനത്തിൽ കയറാൻ കർശന നിയന്ത്രണങ്ങളാണ് പല എയർലൈൻസും ഏർപ്പെടുത്തിയിരിക്കുന്നത്. വളരെ ശാന്തമായി യാത്ര ചെയ്യുന്ന നിരവധി അരുമകളുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. അക്കൂട്ടത്തിൽ ഇപ്പോൾ ഹിറ്റായിരിക്കുന്നത് സ്പോട്ടിയാണ്. നാല് വയസുള്ള സ്വിസ് ഡാൽമേഷ്യൻ നായ! ഉടമയ്ക്കൊപ്പം സിംഗപ്പൂരിൽ നിന്ന് ടോക്കിയോയിലേക്ക് ബിസിനസ് ക്ലാസിൽ യാത്ര ചെയ്യുകയായിരുന്നു സ്പോട്ടി.
അഞ്ചര മണിക്കൂർ യാത്രയിൽ മൂത്രമൊഴിക്കാൻ പോലും ഇടവേളയില്ലാതെയാണ് സ്പോട്ടി യാത്ര ചെയ്തത്. വിമാനത്തിൽ കയറിയ സ്പോട്ടി തന്റെ സീറ്റിൽ ശാന്തനായി ഇരുന്നു. ഇടയ്ക്ക് എയർഹോസ്റ്റസ് ഭക്ഷണവുമായി പോകുന്നുണ്ടെങ്കിലും ശ്രദ്ധിക്കാൻ നിന്നില്ല. വാലാട്ടികൊണ്ട് ചുറ്റും വീക്ഷിച്ചു. കുറച്ചുകഴിഞ്ഞപ്പോൾ സിനിമ കണ്ട് ഉറങ്ങിപ്പോകുന്നതും വിഡിയോയിൽ കാണാം.
എങ്ങനെയാണ് ഉടമ നായയെ ശാന്തതയോടെ നിലനിർത്തിയതെന്ന് വിഡിയോ കണ്ടവർ പലരും ചോദിച്ചു. ഇതിനുമറുപടിയായി ഉടമ രംഗത്തെത്തി. ‘ സിംഗപ്പൂരിൽ നിന്നുള്ള 5.5 മണിക്കൂർ യാത്ര ആരംഭിച്ചത് രാവിലെ 8നായിരുന്നു. ലാൻഡ് ചെയ്യുന്നതിന് ഒരു മണിക്കൂർ മുൻപ് വരെ പ്രഭാതഭക്ഷണമോ വെള്ളമോ ഉണ്ടായിരുന്നില്ല. അവൾക്ക് യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ല. മികച്ച പരിശീലനമാണ് സ്പോട്ടിക്ക് നൽകിയിരുന്നത്. ടോക്കിയോയിൽ വിമാനം ലാൻഡ് ചെയ്തയുടൻ ഞങ്ങൾ സാധാരണപോലെ ഭക്ഷണം കഴിച്ചു. യാത്രയ്ക്കിടെ മൂത്രമൊഴിക്കുകയോ മറ്റോ ചെയ്താലോ എന്ന് ചിന്തിച്ച് മുൻകരുതലായി പാഡുകൾ കരുതിയിരുന്നു.’–ഉടമ വ്യക്തമാക്കി.