ഉറക്കമില്ലാത്ത കോഴി, കൂവിക്കൂവി നേരം വെളുപ്പിക്കുന്നത് ഹോബി: മാറിയിരുന്ന് കൂവണമെന്ന് ആർഡിഒ

Mail This Article
അടൂർ ∙ ഉറക്കമില്ലാതെ കോഴി കൂവിക്കൊണ്ടേയിരിക്കുന്നു. പക്ഷേ, അയൽക്കാർക്ക് എത്രനാൾ സഹിക്കാൻ പറ്റും? കോഴിയുടെ കൂവൽ അയൽവാസിയുടെ ആരോഗ്യത്തിനു ബുദ്ധിമുട്ടായപ്പോൾ മാറ്റിസ്ഥാപിക്കാൻ ആർഡിഒയുടെ ഉത്തരവ്. പഴകുളം ആലുംമൂട് പ്രണവം വീട്ടിൽ രാധാകൃഷ്ണക്കുറുപ്പിന്റെ പരാതിയെത്തുടർന്നാണു സമീപത്തെ വീടിനു മുകളിലുണ്ടായിരുന്ന കോഴിക്കൂട് മാറ്റി സ്ഥാപിക്കാൻ അടൂർ ആർഡിഒ ബി.രാധാകൃഷ്ണൻ ഉത്തരവിറക്കിയത്.
പുലർച്ചെ 3 മുതൽ കോഴി കൂവുമെന്നും പ്രായത്തിന്റെയും രോഗത്തിന്റെയും അവശതകളുള്ള രാധാകൃഷ്ണന് ഉറക്കം നഷ്ടപ്പെടുന്നുവെന്നുമായിരുന്നു പരാതി. നേരിട്ടു സ്ഥലപരിശോധന നടത്തി ഇറക്കിയ ഉത്തരവ് ഇങ്ങനെ: ‘14 ദിവസത്തിനുള്ളിൽ കോഴിക്കൂട് വീടിന്റെ മുകൾനിലയിൽനിന്നു മാറ്റി വീടിനുപിന്നിൽ തെക്കുവശത്തുള്ള അലക്കുകല്ലിന്റെ കിഴക്കു ഭാഗത്തായി അതിർത്തിയോട് ചേർന്നു ക്രമീകരിക്കുക’.