കണ്ണുതുറന്നപ്പോൾ ഇരുട്ട്, വഴുവഴുപ്പുള്ള എന്തോ ഒന്നിൽ മുഖം തട്ടി; തിമിംഗല ആക്രമണത്തെക്കുറിച്ച് കയാക്കർ

Mail This Article
കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ ഏറ്റവും വൈറലായ വിഡിയോ ആണ് കയാക്കറിനെ തിമിംഗലം വിഴുങ്ങിയ സംഭവം. നിമിഷനേരം കൊണ്ട് യുവാവ് പുറത്തുവരികയും ചെയ്തു. അദ്ഭുതകരമായി രക്ഷപ്പെട്ട 23കാരനായ അഡ്രിയാൻ സിമാൻകസും പിതാവ് ഡെൽ സിമാൻകസും ആ ദുരനുഭവം ഇപ്പോൾ മാധ്യമങ്ങളുമായി പങ്കുവച്ചിരിക്കുകയാണ്. വെനസ്വേല സ്വദേശികളാണ് ഇവർ.
‘പിന്നിൽ നിന്ന് എന്തോ ഒന്ന് ശരീരത്തിൽ അടിക്കുകയും, ചുറ്റിവരിഞ്ഞ് വെള്ളത്തിൽ മുക്കുകയും ചെയ്തു. കണ്ണുകൾ അടച്ച് വീണ്ടും തുറന്നപ്പോൾ ഇരുട്ട്. ഒരു നിമിഷം എന്തോ ഒന്നിന്റെ വായിനുള്ളിലാണെന്ന് തിരിച്ചറിഞ്ഞു. വഴുവഴുപ്പുള്ള എന്തോ ഒന്നിൽ എന്റെ മുഖം ഉരസി. കറുത്ത നീലയും വെളുപ്പും മാത്രമേ എനിക്ക് കാണാൻ കഴിഞ്ഞുള്ളൂ. എത്ര ആഴത്തിലാണ് ഞാൻ പോയതെന്ന് അറിയില്ല. രണ്ടു സെക്കൻഡ് കൊണ്ട് ഞാൻ മുകളിലേക്ക് വന്നു. പക്ഷേ ഒരുപാട് സമയം കുടുങ്ങിയതുപോലെയാണ് തോന്നിയത്. ഉപരിതലത്തിലെത്തിയപ്പോഴാണ് അത് എന്നെ തിന്നുകയായിരുന്നില്ലെന്ന് മനസ്സിലായത്.’– അഡ്രിയാൻ പറഞ്ഞു.
അവിശ്വസനീയമായ കാഴ്ചയായിരുന്നുവെന്ന് പിതാവ് ഡെൽ പറയുന്നു. കയാക്കിന്റെ പിന്നിൽ ഉയരുന്ന തിരമാലകൾ രേഖപ്പെടുത്താൻ ക്യാമറ ഘടിപ്പിച്ചിട്ടുണ്ട്. ആ ക്യാമറയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. ചിലെയുടെ തെക്കേയറ്റത്തെ നഗരമായ പുന്റ അരേനാസിന്റെ തീരത്ത് നിന്ന് ഇഗിൾ ബേ കടന്നപ്പോൾ പിന്നിൽ വലിയൊരു ശബ്ദം കേട്ടു. തിരിഞ്ഞുനോക്കിയപ്പോൾ അഡ്രിയാനെ കാണാനില്ല. പെട്ടെന്ന് കടലിൽ നിന്ന് മകൻ മുകളിലേക്ക് ഉയർന്നപ്പോൾ പേടിച്ചുവിറച്ചു. പിന്നീട് ഒരു ശരീരം വെള്ളത്തിൽ കണ്ടു. അപ്പോഴാണ് തിമിംഗലമാണെന്ന് മനസ്സിലായത്. ഉടൻതന്നെ അവൻ തന്റെ കയാക്കിൽ പിടിത്തമിട്ടതോടെ കരയിലേക്ക് തിരിച്ചു. ക്യാമറയിലെ ദൃശ്യങ്ങൾ കണ്ടപ്പോഴാണ് എത്ര വലിയ അപകടമാണെന്ന് മനസ്സിലായതെന്ന് ഡെൽ വ്യക്തമാക്കി.
ഫെബ്രുവരി 8നായിരുന്നു അപകടം. പിതാവിന്റെ പിന്നിൽ കയാക്കിങ് നടത്തുന്നതിനിടെ തിമിംഗലം വെള്ളത്തിൽ നിന്ന് പൊങ്ങുകയും അഡ്രിയാനെ വായിലാക്കുകയുമായിരുന്നു. വിഡിയോ നിമിഷനേരം കൊണ്ടാണ് ലോകമെമ്പാടും പ്രചരിച്ചത്.