കെഎസ്ആർടിസി ബസ് തടഞ്ഞ് വിരിക്കൊമ്പൻ; വീടുകൾ ആക്രമിച്ച് ചക്കക്കൊമ്പൻ, പടയപ്പ കരിക്ക് കട തകർത്തു

Mail This Article
ഇടുക്കിയിൽ കാട്ടാനക്കലിയുടെ വാർത്തകൾ അവസാനിക്കുന്നില്ല. ശനിയാഴ്ച രാത്രിയും ഞായറാഴ്ചയും കാട്ടാനയാക്രമണമുണ്ടായി. ജില്ലയിൽ പകൽ ചൂടു കൂടുന്നത് ആനകളെ കാടുവിട്ടിറങ്ങാൻ പ്രേരിപ്പിക്കുന്നെന്നാണ് വിദഗ്ധരുടെ നിഗമനം. വീടുകൾക്കും കരിക്ക് വിൽക്കുന്ന കടയ്ക്കും നേരെയാണ് അവസാനമായി ആക്രമണമുണ്ടായത്. ആളപായമില്ല എന്നതു മാത്രമാണ് ആശ്വാസം.
പടയപ്പ ജനവാസ മേഖലയിൽ; കരിക്ക് കട തകർത്തു
മൂന്നാർ ∙ കഴിഞ്ഞദിവസം രാത്രി മറയൂർ റോഡിൽ വാഹനങ്ങൾക്ക് നേരെ ആക്രമണം നടത്തിയ പടയപ്പ ഞായറാഴ്ച രാവിലെ മാട്ടുപ്പെട്ടി റോഡിലെ ജനവാസ മേഖലയായ ഗ്രഹാംസ് ലാൻഡിൽ എത്തി. രാവിലെ ഏഴുമണിയോടെ ഗ്രഹാംസ് ലാൻഡിലെത്തിയ പടയപ്പ വഴിയോരത്തുണ്ടായിരുന്ന കരിക്ക് വിൽക്കുന്ന കട തകർത്തു. തുടർന്ന് പ്രധാന റോഡിൽ തന്നെ നിന്ന പടയപ്പയെ ചില പ്രദേശവാസികൾ കല്ലെറിഞ്ഞ് ഓടിച്ചു.
പ്രദേശവാസികൾ കല്ലെറിയുന്ന വിഡിയോ മേഖലയിൽ വ്യാപകമായി പ്രചരിക്കുകയാണ്. നാട്ടുകാർ കല്ലെറിയാനാരംഭിച്ചതോടെ ഇവിടെനിന്നു മടങ്ങിയ പടയപ്പ ഗ്രഹാംസ് ലാൻഡ് എസ്റ്റേറ്റിലാണുള്ളത്. ശനിയാഴ്ച രാവിലെ ദേശീയ പാതയിൽ ദേവികുളത്തുവച്ച് ജർമൻ സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനം ആക്രമിച്ച മോഴയാന ഞായറാഴ്ച ചൊക്കനാട് ഈസ്റ്റ് ഡിവിഷനിലായിരുന്നു. കാട്ടാനകൾ ജനവാസ മേഖലയിലിറങ്ങുന്നത് പതിവായതോടെ വനം വകുപ്പിന്റെ ആർആർടി സംഘത്തിന്റെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
വീടുകൾ ആക്രമിച്ച് ചക്കക്കൊമ്പൻ
ചിന്നക്കനാൽ ∙ 301 കോളനിയിൽ വീണ്ടും വീടുകൾക്ക് നേരെ കാട്ടാനയാക്രമണം. ശനിയാഴ്ച രാത്രി 301 കോളനി ഇടിക്കുഴി സ്വദേശികളായ സാവിത്രി, ലക്ഷ്മി എന്നിവരുടെ വീടുകൾക്ക് നേരെയാണ് ചക്കക്കാെമ്പന്റെ ആക്രമണമുണ്ടായത്. ഇൗ സമയം 2 വീടുകളിലും ആരും ഉണ്ടായിരുന്നില്ല. 2 വീടുകളുടെയും ഭിത്തി തകർത്ത ചക്കക്കാെമ്പൻ വീട്ടുപകരണങ്ങളും തകർത്തു. ഒരിടവേളയ്ക്ക് ശേഷമാണ് 301 കോളനിയിൽ കാട്ടാനയാക്രമണമുണ്ടാകുന്നത്.
301 കോളനിക്ക് സമീപം ഞായറാഴ്ച പകലും ചക്കക്കാെമ്പൻ നിലയുറപ്പിച്ചിട്ടുണ്ടായിരുന്നു. ആനയിറങ്കൽ ജലാശയത്തിന് മറുകരയിൽ ശങ്കരപാണ്ഡ്യമെട്ടിന് സമീപം മറ്റാെരു കാട്ടാനക്കൂട്ടവും ഞായറാഴ്ച തമ്പടിച്ചിരുന്നു.
ഒറ്റക്കൊമ്പന്റെ കാലിലെ മുറിവ് നിരീക്ഷിക്കും
ഒരാഴ്ച മുൻപ് പടയപ്പയുമായി കന്നിമല ടോപ് ഡിവിഷനിൽ വച്ച് ഏറ്റുമുട്ടിയ ഒറ്റക്കൊമ്പന്റെ കാലിൽ ഉണ്ടായ മുറിവ് സംബന്ധിച്ച് നിരീക്ഷണം നടത്തുമെന്ന് റേഞ്ചർ എസ്.ബിജു പറഞ്ഞു. ഡ്രോൺ ഉപയോഗിച്ചെടുത്ത ചിത്രങ്ങൾ ഫോറസ്റ്റ് വെറ്ററിനറി അസിസ്റ്റന്റ് സർജൻ പരിശോധിച്ചതിൽ നിന്നു ഏറ്റുമുട്ടലിൽ പടയപ്പയ്ക്കു പരുക്കേറ്റിട്ടില്ലെന്ന് തെളിഞ്ഞു. എന്നാൽ, ഒറ്റക്കൊമ്പന്റെ മുൻ ഇടതുകാലിൽ കൊമ്പു കൊണ്ടുള്ള കുത്തേറ്റ് ആഴത്തിലുള്ള മുറിവേറ്റതായി കണ്ടെത്തി.
മുറിവ് സംബന്ധിച്ചുള്ള ചിത്രങ്ങൾ വെറ്ററിനറി സർജൻ പരിശോധിച്ച ശേഷം ഒറ്റക്കൊമ്പന്റെ ചികിത്സ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുമെന്നും റേഞ്ചർ പറഞ്ഞു. അതുവരെ ആനയെ നിരീക്ഷിക്കും.
കെഎസ്ആർടിസി ബസ് തടഞ്ഞ് വിരിക്കൊമ്പൻ
മറയൂർ ∙ ചിന്നാർ റോഡിൽ ഭീതി പരത്തി ‘വിരിക്കൊമ്പൻ’ എന്ന് വിളിപ്പേരുള്ള കാട്ടാന. തിരുവനന്തപുരം–പഴനി സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിന് മുൻപിൽ കാട്ടാന യാത്രാതടസ്സം തീർത്തു. കഴിഞ്ഞദിവസം രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. ഏറെനേരം റോഡിൽ നിലയുറപ്പിച്ചെങ്കിലും കാട്ടാന മറ്റ് പരാക്രമങ്ങൾക്ക് മുതിരാതിരുന്നത് ആശ്വാസമായി. വേനൽ കനത്തതോടെ മറയൂർ, മൂന്നാർ മേഖലകളിൽ റോഡിൽ കാട്ടാനകളുടെ സാന്നിധ്യം വർധിക്കുകയാണ്. മൂന്നാർ–ഉദുമൽപേട്ട സംസ്ഥാനാന്തര പാതയിലാണ് കാട്ടാനകളുടെ സാന്നിധ്യം കൂടുതലായി ഉള്ളത്.