ADVERTISEMENT

ജക്കാൽ അഥവാ കുറുനരി വളരെ പ്രശസ്തമായ ഒരു വന്യജീവിയാണ്. ഇന്ത്യയിൽ നിന്നുള്ള പല പ്രശസ്തമായ കഥകളിലും ഗുണപാഠ കഥകളിലുമൊക്കെ ഇവയുണ്ട്. സ്വർണക്കുറുനരി (ഗോൾഡൻ ജക്കാൽ) എന്നറിയപ്പെടുന്ന വിഭാഗത്തിലുള്ള കുറുനരികളാണ് ഇന്ത്യയിൽ അധികമായി കാണപ്പെടുന്നത്. കഴിഞ്ഞമാസം മുംബൈയിലെ സ്വർണക്കുറുനരികളെപ്പറ്റിയും ഇവയുടെ വാസസ്ഥലങ്ങളെക്കുറിച്ചുമൊരു പഠനം പുറത്തിറങ്ങിയിരുന്നു. മുംബൈയിൽ ഭാഭ അറ്റോമിക് റിസർച് സെന്റർ പരിസരങ്ങൾ, ഗൊറായ്, മനോരി തുടങ്ങിയ കണ്ടൽക്കാടുകൾ എന്നിവിടങ്ങളിലാണു സ്വർണക്കുറുനരികൾ കേന്ദ്രീകരിച്ചിരിക്കുന്നതെന്നാണു പഠനം പറഞ്ഞത്. നവി മുംബൈയിലെ തെരുവുകളിലും ഇവയെ കണ്ടിരുന്നു.

വന്യമൃഗമാണെങ്കിലും ഇന്ത്യയിലുടനീളം നഗരങ്ങളിലുൾപ്പെടെ ഇത്തരം കുറുനരികളുണ്ട്. ചെന്നായ്ക്കളെക്കാൾ വലുപ്പം കുറവാണ്. ജൈവമാലിന്യം ഭക്ഷിക്കാനായാണ് ഇവ പൊതുവെ നഗരങ്ങളിൽ എത്തുന്നത്. ആർണോ റിവർ ഡോഗ് എന്ന മൃഗത്തിൽ നിന്നു പരിണാമം സംഭവിച്ചാണ് ഇവ ഉണ്ടായതെന്നു കരുതപ്പെടുന്നത്. 20,000 വർഷങ്ങൾക്കു മുൻപ് ഈ ജീവിവർഗം ഇന്ത്യയിൽ നിന്നു വ്യാപിച്ചു തുടങ്ങിയെന്നു കരുതപ്പെടുന്നു. ഇന്ന് മെഡിറ്ററേനിയൻ, തുർക്കി, മധ്യേഷ്യ, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, തായ്‌ലൻഡ്, മ്യാൻമർ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഇവയുടെ സാന്നിധ്യമുണ്ട്. മധ്യയൂറോപ്പിലും സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിലും ഇവയെ കണ്ടതായി ധാരാളം റിപ്പോർട്ടുകൾ അടുത്തിടെയായി പുറത്തുവരുന്നുണ്ട്.

Golden Jackal (Photo:X/@BC_Gemma)
Golden Jackal (Photo:X/@BC_Gemma)

വിവിധതരത്തിലുള്ള ആഹാരങ്ങൾ കഴിച്ചു ജീവിക്കാനുള്ള ഇവയുടെ ശേഷിയാണ് ഈ വ്യാപനത്തിനു കാരണമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. പഴങ്ങൾ, വിവിധ പ്രാണികൾ, കോഴികൾ, എലി, അണ്ണാൻ തുടങ്ങി ഒട്ടേറെ ഭക്ഷണമാർഗങ്ങൾ ഇവയ്ക്കുണ്ട്. ഇന്ത്യൻ വൈൽ‍ഡ് ക്യാറ്റ് എന്നറിയപ്പെടുന്ന കാട്ടുപൂച്ചയാണ് ഇന്ത്യയിൽ ഇവരുടെ പ്രധാന പ്രതിയോഗികൾ. നീളമുള്ള കാലുകളും ഭാരം കുറഞ്ഞ ശരീരവും ഒരുപാടു ദൂരത്തേക്കു ഭക്ഷണം തേടിയോടാൻ ഇവയെ പ്രാപ്തരാക്കുന്നു. വെള്ളമുള്ള നദീതീരങ്ങളും താഴ്‌വരകളുമൊക്കെയാണ് ഇവയ്ക്ക് ഏറ്റവും താൽപര്യമുള്ള അധിവാസ മേഖലകൾ. മരുഭൂമികൾ ഇവ കഴിയുന്നതും ഒഴിവാക്കും. എന്നാൽ ഇന്ത്യയിൽ ഥാർ മരുഭൂമിയിൽ ഇവയെ കാണാമെന്നത് മറ്റൊരു യാഥാ‍ർഥ്യം.

വന്യമേഖലയിൽ ഇവ ചെറുമൃഗങ്ങളെ വേട്ടയാടുകയും അതുപോലെ തന്നെ വമ്പൻവേട്ടക്കാരായ സിംഹങ്ങളും കടുവകളും പുലികളുമൊക്കെ അവശേഷിപ്പിച്ചുപോയ ഭക്ഷണം കഴിക്കുകയും ചെയ്യും. ചില്ലറ രോഗങ്ങളും ഇവ മനുഷ്യർക്ക് വരുത്തുന്നതായി ശാസ്ത്രജ്ഞർ പറയുന്നു. ഇവയ്ക്കും പേവിഷം പരത്താനുള്ള കലിവുണ്ട് അതുപോലെ തന്നെ ലെയ്ഷ്മാനിയാസിസ്, വിരബാധ, പേൻശല്യം തുടങ്ങിയവയും ഇവ പരത്തും. ഇന്ത്യയിൽ പലയിടത്തും ഇവ കൃഷിനാശമുണ്ടാക്കുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. തെരുവുനായ്ക്കളുമായി ഇവ സഹവാസം നടത്തുന്നതിനാൽ പേവിഷബാധയേൽക്കാനും സാധ്യത കൂടുതലാണ്.

English Summary:

Golden Jackals of Mumbai: A Study Reveals Their Urban Habitats

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com