തരിശായി കിടന്ന ഒരു മലയെ മരങ്ങൾ നട്ടു പച്ചയാക്കി; ഇനിയില്ല ആ ‘പച്ചമനുഷ്യൻ’

Mail This Article
കാൽനൂറ്റാണ്ടായി മരം നട്ടും കാട്ടിലെ ജീവികൾക്കു ഭക്ഷണം നൽകിയും തനിക്കു ചുറ്റുമുള്ള പച്ചപ്പിനു കാവൽ നിന്ന കല്ലൂർ ബാലൻ (മങ്കര കല്ലൂർ അരങ്ങാട്ടു ബാലകൃഷ്ണൻ – 75) അന്തരിച്ചു. നൂറേക്കറിലധികം തരിശായി കിടന്ന ഒരു മല മരങ്ങൾ നട്ടു പച്ചയാക്കിയ ബാലൻ, ‘പച്ചമനുഷ്യൻ’ എന്ന വിളിപ്പേരിനൊത്ത വേഷം കൊണ്ടും പ്രവർത്തനം കൊണ്ടും വേറിട്ടു നിന്നയാളായിരുന്നു.

പച്ച ഷർട്ടും പച്ച ലുങ്കിയും പച്ചനിറമുള്ള തലേക്കെട്ടുമായി ജീപ്പിൽ വെള്ളവും പണിയായുധങ്ങളും ചെടികളും നിറച്ച് എന്നും പുലർച്ചെ വീട്ടിൽ നിന്നിറങ്ങുന്ന ബാലൻ സാധിക്കുന്ന സ്ഥലങ്ങളിലെല്ലാം തൈകൾ നടുമായിരുന്നു. തരിശായിക്കിടന്ന നൂറേക്കറിലധികം വിസ്തൃതിയുള്ള ചൂടിയൻമല താഴ്‌വരയെ കാടാക്കി മാറ്റിയത് അങ്ങനെയാണ്. നാട്ടിൽ പന്നികളുടെയും കുരങ്ങുകളുടെയും ശല്യം രൂക്ഷമായപ്പോൾ അവയ്ക്കു കാട്ടിൽ തന്നെ വെള്ളവും ഭക്ഷണവുമെത്തിച്ചു.
ചന്തയിലെ കച്ചവടക്കാരിൽ നിന്നു മാങ്ങ, ചക്ക, നേന്ത്രപ്പഴം, സപ്പോട്ട, ആപ്പിൾ, തണ്ണിമത്തൻ, മുന്തിരി എന്നിവ ശേഖരിച്ചു വൃത്തിയാക്കി കാട്ടിലെത്തിക്കുന്നതാണു പതിവ്. വഴിയരികിൽ വാഹനം നിർത്തി മൂന്നു തവണ ഉറക്കെ കൂവുമ്പോൾ മരച്ചില്ലകളിലും വള്ളികളിലും തൂങ്ങിയാടി, തീറ്റ തേടി എത്തുന്ന കുരങ്ങുകൾ പതിവു കാഴ്ചയായിരുന്നു. കുട്ടികളിൽ പരിസ്ഥിതിബോധം വളർത്താൻ വിദ്യാലയങ്ങളിൽ കവി സുഗതകുമാരിയുടെ സ്മരണയ്ക്കായി സുഗതവനം വളർത്തി. ബാലന്റെ പ്രവർത്തനത്തിനു പ്രോത്സാഹനമായി മലപ്പുറത്തു നിന്നു സംഭാവനയായി കിട്ടിയതാണു പച്ച ജീപ്പ്.
വനം വകുപ്പിന്റെയും പരിസ്ഥിതി പ്രവർത്തകരുടെയും സഹകരണത്തോടെ 25 ലക്ഷത്തിലധികം മരങ്ങളാണു പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലായി വച്ചു പിടിപ്പിച്ചത്. സംസ്ഥാന സർക്കാരിന്റെ വനമിത്ര പുരസ്കാരം, പി.വി. തമ്പി മെമ്മോറിയിൽ അവാർഡ്, കേരള ജൈവ വൈവിധ്യ ബോർഡ് പുരസ്കാരം തുടങ്ങിയവയും ലഭിച്ചു.