ഗംബൂസിയ മത്സ്യത്തിനെതിരെ ഹർജി; സ്വന്തമായി സ്മാരകമുള്ള കൊതുകുതീനി

Mail This Article
കഴിഞ്ഞ ദിവസം ദേശീയ ഹരിത ട്രൈബ്യൂണൽ കേന്ദ്രത്തോട് വിശദീകരണം തേടി–രണ്ട് മത്സ്യങ്ങളുടെ കാര്യത്തിലായിരുന്നു അത്. അതിലൊന്ന് ഗംബൂസിയയാണ്. കൊതുകുനിവാരണത്തിനായി വ്യാപകമായി ഉപയോഗിക്കുന്ന മത്സ്യം. 11 സംസ്ഥാനങ്ങളിൽ കൊതുകുകളെ നിയന്ത്രിക്കാനായി ഗംബൂസിയയെ ഉപയോഗിക്കുന്നുണ്ടെന്നും ഇവ അധിനിവേശ മത്സ്യങ്ങളാണെന്നും ചൂണ്ടിക്കാട്ടി ഇൻവേസീവ് സ്പീഷീസ് സ്പെഷലിസ്റ്റ് ഗ്രൂപ്പ് എന്ന സംഘടന നൽകിയ ഹർജിയിലായിരുന്നു ട്രൈബ്യൂണലിന്റെ നടപടി.
മോസ്ക്വിറ്റോഫിഷ് എന്നും അറിയപ്പെടുന്ന മീനാണു ഗംബൂസിയ. കൊതുകുകളുടെ കൂത്താടികളാണ് ഇവയുടെ ഇഷ്ടഭക്ഷണം. ഒരു ഗംബൂസിയ ഒരു ദിവസം ഏകദേശം 100 കൂത്താടികളെ തിന്നുമെന്നാണു കണക്ക്. കൊതുകുകളുടെ പ്രജനനത്തിനു പ്രകൃതിദത്തമായ ഒരു നിവാരണമാർഗമായി കണക്കാക്കാൻ കാരണമിതാണ്. മീൻ മുട്ടകൾ വെള്ളത്തിലേക്കിട്ടുകൊണ്ടാണ് ഗംബൂസിയകളെ ജലാശയങ്ങളിലെത്തിക്കുന്നത്. ഈ മുട്ടവിരിഞ്ഞെത്തുന്ന കുഞ്ഞുമത്സ്യം ഒരുമാസത്തിനുള്ളിൽ വലുതാകും. പിന്നെ ഇതിനു വലിയ വിശപ്പാണ്. കൂത്താടികളെ മാത്രമല്ല, മറ്റു പലതരം പ്രാണികളെയും ഇവ നിർലോഭം അകത്താക്കാറുണ്ട്. പരമാവധി 7 സെന്റിമീറ്റർ വരെ നീളം വയ്ക്കുന്ന ചെറുമീനുകളായ ഇവയ്ക്ക് തീരെ ആഴം കുറഞ്ഞ ജലാശയങ്ങളിൽ പോലും കഴിയുവാനാകും. ഇത്തരം ആഴം കുറഞ്ഞ ജലാശയങ്ങളാണു പൊതുവെ കൊതുകുകളുടെ പ്രഭവകേന്ദ്രം.

ഇന്ത്യയിൽ മാത്രമല്ല, രാജ്യാന്തര തലത്തിലും ഈ മീനുകളുടെ കൊതുകു നിവാരണ ശേഷി ഉപയോഗിക്കപ്പെടാറുണ്ട്. ലോകാരോഗ്യ തന്നെ ഇവയിൽ പഠനം നടത്തിയിരുന്നു. കലിഫോർണിയയിൽ മത്സ്യക്കുളമുണ്ടാക്കുന്നവർക്ക് ഗംബൂസിയ മത്സ്യങ്ങളെ അധികൃതർ സൗജന്യമായി കൊടുക്കാറുണ്ട്. മത്സ്യക്കുളത്തിൽ കൂത്താടികൾ പെറ്റു പെരുകാനുള്ള സാധ്യത ഇങ്ങനെ കുറയ്ക്കാൻ കഴിയും എന്നതിനാലാണിത്. ന്യൂസീലൻഡ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ ഗംബൂസിയ മത്സ്യങ്ങളെ നിരോധിച്ചിരിക്കുകയാണ്. അധിനിവേശ മത്സ്യങ്ങളായ ഇവ തദ്ദേശീയ മത്സ്യങ്ങളുടെ സംഖ്യയെ കുറയ്ക്കുമെന്നതിനാലാണ് ഇത്.
പക്ഷേ ഗംബൂസിയകൾ ലോക ആരോഗ്യമേഖലയ്ക്ക് വലിയ സംഭാവനകൾ നൽകിയിട്ടുണ്ടെന്നത് ഒരു വസ്തുത. 1920 മുതൽ 1950 വരെയുള്ള കാലയളവിൽ തെക്കൻ അമേരിക്കയിൽ മലേറിയ നിർമാർജനം ചെയ്യാൻ ഇവ ഉപകരിച്ചിരുന്നു. റഷ്യയിൽ കരിങ്കടൽ തീരത്തുള്ള സോച്ചി നഗരത്തിലും മലേറിയ രോഗത്തെ ചെറുക്കാൻ ഇവ സഹായിച്ചു. ഇതിന്റെ സ്മരണാർഥം മത്സ്യത്തിന്റെ പേരിൽ സ്മാരകവും സോച്ചിയിൽ പണിഞ്ഞിട്ടുണ്ട്.