‘സാരമില്ല, അറിയാഞ്ഞിട്ടല്ലേ’: ബൊനോബോകൾക്ക് അറിവില്ലായ്മ തിരിച്ചറിഞ്ഞ് പെരുമാറാന്‍ കഴിയുമെന്ന് പഠനം

Mail This Article
ആൾക്കുരങ്ങുകളിലെ കുഞ്ഞൻ ജീവികളായ ബൊനോബോകളെപ്പറ്റി അദ്ഭുതപ്പെടുത്തുന്ന പഠനങ്ങളാണ് അടുത്തിടെ വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ അക്കൂട്ടത്തിലൊന്നുകൂടി. മറ്റുള്ളവരുടെ അറിവില്ലായ്മ തിരിച്ചറിഞ്ഞു പെരുമാറാന്‍ ഇവയ്ക്കു കഴിയുമെന്നാണു പുതിയ പഠനം സൂചിപ്പിക്കുന്നത്. യുഎസിലെ പ്രശസ്തമായ ജോൺ ഹോപ്കിൻസ് സർവകലാശാലയിലെ ഗവേഷകരാണു പഠനം നടത്തിയിരിക്കുന്നത്. ഒരുകൂട്ടം ബൊനോബോകളെ നിരീക്ഷിച്ചും ഇവയ്ക്കായി പരീക്ഷണ സമസ്യകൾ നൽകിയുമാണ് ഈ നിഗമനത്തിലേക്ക് ഗവേഷകർ എത്തിച്ചേർന്നത്. മറ്റുള്ളവരിലെ അറിവില്ലായ്മ കണ്ടു പെരുമാറുന്നത് മനുഷ്യരിൽ മാത്രം കാണപ്പെടുന്ന ഒരു സവിശേഷതയാണ്. ഇതാണ് ഇപ്പോൾ ബൊനോബോകളും പ്രകടിപ്പിച്ചിരിക്കുന്നത്.
കോംഗോ നദിയുടെ തെക്കൻതീരങ്ങളിൽ മാത്രം കണ്ടുവരുന്ന ആൾക്കുരങ്ങ് വിഭാഗമാണ് ബൊനോബോകൾ. പിഗ്മി ചിമ്പൻസികൾ എന്നും അറിയപ്പെടുന്ന ഇവയെ ആദ്യകാലത്ത് ചിമ്പൻസികളുടെ തന്നെ ഒരു വേറിട്ട വർഗമായാണ് ഗവേഷകർ കണക്കാക്കിയത്. എന്നാൽ 1933ൽ ഇവയെ ഗ്രേറ്റ് ഏപ്‌സിൽ തന്നെ ഒരു പ്രത്യേക വിഭാഗമായി കണക്കിലെടുത്തു.

31 മുതൽ 39 കിലോ വരെ ഭാരം വയ്ക്കുന്ന ബൊനോബോകൾക്ക് നാലടിയോളം ഉയരമുണ്ടാകും. മരങ്ങളിൽ താമസിക്കാൻ ഇഷ്ടപ്പെടുന്ന ഇവയുടെ പ്രധാന ആഹാരം പഴങ്ങളും, കിഴങ്ങുകളും വേരുകളുമൊക്കെയാണ്. ഭക്ഷണദൗർലഭ്യം നേരിടുന്ന അവസ്ഥയിൽ ചില വിരകളെയും പുഴുക്കളെയും അപൂർവമായി വവ്വാലുകളെയുമൊക്കെ ഇവ അകത്താക്കാറുണ്ട്. ചിമ്പൻസികളെ അപേക്ഷിച്ച് പൊതുവേ ശാന്തസ്വഭാവക്കാരായ ബൊനോബോകൾ തമ്മിലടി കൂടാറില്ല. ചിമ്പൻസികളുടെ പ്രവണതകളായ സ്വന്തം വർഗത്തെ കൊന്നുതിന്നൽ, അന്യഗോത്രങ്ങളെ ആക്രമിച്ചു കീഴ്‌പ്പെടുത്തൽ തുടങ്ങിയവ ബൊനോബോകൾക്കിടയിലില്ല.
30 മുതൽ 100 വരെ അംഗങ്ങളടങ്ങിയ ബൊനോബോ ഗോത്രങ്ങളിൽ പെൺ ബൊനോബോകൾക്കാണ് പ്രധാന സ്ഥാനം. ഗോത്രങ്ങളെ നിയന്ത്രിക്കുന്നതും പെണ്ണുങ്ങൾ തന്നെ. കോംഗോ വനങ്ങളിൽ നടമാടുന്ന ശക്തമായ വനനശീകരണവും ബൊനോബോ മാംസത്തിനു വേണ്ടിയുള്ള വേട്ടയും കാരണം ഇവയുടെ ജനസംഖ്യ കുറഞ്ഞുവരികയാണ്.

2021ൽ കോംഗോയിലെ ലൂ സയന്റിഫിക് റിസർവിലെ അന്തേവാസികളായ രണ്ട് പെൺ ബൊനോബോ ആൾക്കുരങ്ങുകൾ തങ്ങളുടേതല്ലാത്ത, തങ്ങളുടെ ഗോത്രത്തിൽ പോലും പെടാത്ത രണ്ട് ആൾക്കുരങ്ങിൻ കുട്ടികളെ ദത്തെടുത്തത് വലിയ വാർത്തയായിരുന്നു. ഗ്രേറ്റ് ഏപ്‌സ് എന്നറിയപ്പെടുന്ന ചിമ്പൻസികളും ഗൊറില്ലകളും ബൊനോബോകളും ഒറാങ്ങൂട്ടാനുകളും ഉൾപ്പെടുന്ന ആൾക്കുരങ്ങു വിഭാഗത്തിൽ ഇത്തരമൊരു ദത്തെടുക്കൽ ആദ്യമായിരുന്നു.
പരിണാമ ദശയിൽ മനുഷ്യരുടെ ഏറ്റവുമടുത്ത ബന്ധുക്കളും മൃഗലോകത്തെ ബുദ്ധിജീവികളുമായ ചിമ്പൻസികളും ദത്തെടുക്കാറുണ്ട്. എന്നാൽ ഇവ ബന്ധമുള്ളതോ അല്ലെങ്കിൽ സ്വന്തം ഗോത്രത്തിൽ പെടുന്നതോ ആയുള്ള കുട്ടികളെ മാത്രമേ സംരക്ഷിക്കാറുള്ളൂവെന്ന് ഗവേഷകർ പറയുന്നു. അക്രമണാത്മകതയും തൻകാര്യ ചിന്തയും കൂടുതലുള്ള ചിമ്പൻസികൾ അപര ഗോത്രങ്ങളിലെ ചിമ്പൻസിക്കുഞ്ഞുങ്ങളെ കൊന്നുകളയാൻ പോലും മടിക്കാറില്ല. എന്നാൽ ബൊനോബോകൾ പൊതുവേ ക്ഷമാശീലം കൂടിയ, ആക്രമണത്വര കുറഞ്ഞ ആൾക്കുരങ്ങ് വിഭാഗമാണ്. തങ്ങളുടെ വംശത്തിൽ പെട്ട, അന്യഗോത്രങ്ങളുമായി ഇവ ചങ്ങാത്തം കൂടാറുണ്ട്.