ADVERTISEMENT

ഇത്തവണ കേന്ദ്ര ബജറ്റിലെ താരമായിരുന്നു മഖാന (Makhana). സസ്യാഹാരികളുടെ പ്രോട്ടീനായ മഖാനയുടെ ഉൽപാദനവും സംഭരണവും വിതരണവും വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രത്യേക ബോര്‍ഡ് പ്രഖ്യാപിച്ചിരുന്നു. ഇതൊരു താമരവിത്ത് എന്നാണ് പലരും വിശ്വസിച്ചിരുന്നത്. എന്നാൽ ഇതിന് താമരയുമായി അടുത്ത ബന്ധം പോലുമില്ല. ഉർയാലെ ഫെറോക്സ് എന്ന് ശാസ്ത്രനാമമുള്ള ഒരിനം ആമ്പലാണ് മഖാന. ആമ്പലിന്റെ സസ്യ കുടുംബമായ നിംഫയേസിയേയിലാണ് ഇതും ഉൾപ്പെടുന്നത്. താമര നെലുംബോ (Nelumbo) എന്ന ജനുസിൽ ആണ്, കുടുംബം നെലുംബോനെസിയെ.

ആമ്പലിന്റെ പോലെ വട്ടത്തിലുള്ളതും എന്നാൽ താരതമ്യേന വലുപ്പം കൂടിയതുമായ ഇലകളാണ് ഇവയ്ക്കുള്ളത്. ഇലകളിലും തണ്ടുകളിലും ധാരാളം മുള്ളുകളും ഉണ്ടാവും. ഇലകളുടെ നാരുകൾ പർപ്പിൾ മുതൽ വയലറ്റ് നിറം വരെ കാണാറുണ്ട്. ആമ്പൽ പൂവിനോട് സാമ്യമുള്ള വളരെ ചെറിയ പൂക്കൾ ആണ് ഇവയ്ക്കുള്ളത്. പുറമേയുള്ള ഇതളുകൾ വയലറ്റ് നിറത്തിലും നടുവിലുള്ളവ വെള്ള നിറത്തിലും കാണുന്നു. പൂവ് വിരിയുന്നതിന് മുൻപ് തന്നെ കേസരങ്ങളിൽ നിന്നും പൂമ്പൊടികൾ പുറത്തേക്ക് വരികയും വിരിയാത്ത പൂവിന് അകത്തുവച്ച് തന്നെ പരാഗണം നടക്കുകയും ചെയ്യുന്നു. പരപ്പരാഗണത്തിനുള്ള സാധ്യതകൾ വളരെ കുറവാണ്. എന്നിരുന്നാലും പരിണാമപരമായി പൂർവികരിൽ പരപ്പരാഗണം നടന്നിരിക്കാൻ സാധ്യത ഉണ്ട്. 

പരാഗണത്തിനുശേഷം ഉണ്ടാവുന്ന കായ വെള്ളത്തിൽ അടിയിലേക്ക് മുങ്ങിപ്പോകും. വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന മഖാന കായകൾ കർഷകർ ഊളിയിട്ട് പറിച്ചെടുക്കും. അടർന്നുവീണ കായകൾ ചെളിയിൽ നിന്നും കൊട്ട ഉപയോഗിച്ച് ചെളിയോട് കൂടെ കോരിയെടുക്കും. കായയിൽ ധാരാളമായി കറുത്ത നിറത്തിലുള്ള വിത്തുകൾ ഉണ്ടാവും. ഇത് പൊളിച്ചെടുത്ത് വെയിലത്ത് ഉണക്കി എടുക്കുന്നതാണ് മഖാന. എണ്ണ ഉപയോഗിച്ച് വറുത്ത് എടുക്കുമ്പോൾ നമ്മുടെ പോപ്കോൺ പോലെ തീർത്ത് പൊട്ടി വരും. വളരെ രുചികരമായ ഒരു ഭക്ഷ്യപദാർത്ഥമാണിത്. ഒപ്പം വളരെ പോഷക സമൃദ്ധവുമാണ്.   

ഫിറ്റ്നസ് പ്രേമികളുടെയും ശരീരഭാരം കുറയ്ക്കുന്ന ഭക്ഷണക്രമം പിന്തുടർന്നവരുടെയും ഇഷ്ടവിഭവമാണ് മഖാന. ബിഹാറിലെ മിഥിലയിൽ ആണ് ഇതിന്റെ കൃഷി ഏറ്റവും വ്യാപകമായി ഉള്ളത്. ഭൗമസൂചിക പദവി ലഭിച്ച ഒരു വിളകൂടിയാണിത്.

English Summary:

Makhana: The Budget's Unsung Vegetarian Protein Powerhouse

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com