ഒന്നിനു പുറകെ ഒന്ന്; പൂന്തോട്ടത്തിൽ നിന്ന് കണ്ടെത്തിയത് 102 പാമ്പുകളെ: ഞെട്ടിത്തരിച്ച് വീട്ടുടമ

Mail This Article
ചെടികളും മരങ്ങളുമുള്ള വീടാണെങ്കിൽ പാമ്പുകളെ കാണുന്നത് സ്വാഭാവികമാണ്. എന്നാൽ നൂറോളം പാമ്പുകളെ ഒറ്റദിവസം കണ്ടാലോ? സിഡ്നിയിലുള്ള ഡേവിഡ് സ്റ്റെയ്ൻ എന്നയാളുടെ വീട്ടിലാണ് ഈ ഭയാനകമായ സംഭവം അരങ്ങേറിയത്. ഡേവിഡിന്റെ വീട്ടിലെ പൂന്തോട്ടത്തിൽ നിന്ന് 102 റെഡ് ബെല്ലി ബ്ലാക്ക് പാമ്പുകളെയാണ് പിടികൂടിയത്.
പടിഞ്ഞാറൻ സിഡ്നിയിലെ ഹോഴ്സ്‌ലി പാർക്കിലാണ് ഡേവിഡിന്റെ വസതി. വെള്ളിയാഴ്ച ആറോളം പാമ്പുകളെ വീട്ടുമുറ്റത്ത് കണ്ടെത്തിയ ഇയാൾ ഉടൻതന്നെ പാമ്പുപിടിത്തക്കാരെ വിവരമറിയിക്കുകയായിരുന്നു. അവർ സ്ഥലത്തെത്തി അഞ്ച് വലിയ പാമ്പുകളെ പിടികൂടി. ഇതിൽ നാലെണ്ണത്തിന്റെ വയറിൽ വിരിയാന്‍ തയാറായ മുട്ടകൾ ഉണ്ടായിരുന്നു. പ്രജനനകാലത്ത് കൂട്ടത്തോടെ പാമ്പ് എത്തുമെന്നത് മനസ്സിലാക്കിയ ഡേവിഡും പാമ്പുപിടിത്തക്കാരും ഒരുമിച്ച് പരിശോധന നടത്താൻ തീരുമാനിച്ചു. ആദ്യം 40 പാമ്പുകളെ കണ്ടെത്തി. പിന്നീടുള്ള തിരച്ചിലിൽ പാമ്പിന്റെ എണ്ണം 102 ആയി. അഞ്ച് പെൺപാമ്പുകളും 97 പാമ്പിൻകുഞ്ഞുങ്ങളുമാണ് ഡേവിഡിന്റെ വീട്ടിലുണ്ടായിരുന്നത്. ഇതിൽ പതിനാല് കുഞ്ഞൻ പാമ്പുകളെ വീടിന്റെ ചുമരിലുള്ള അറയിൽ നിന്ന് പുറത്തെടുക്കുകയായിരുന്നുവെന്ന് പാമ്പുപിടിത്തക്കാരനായ കെരെവാരോ പറഞ്ഞു.
പ്രജനനകാലത്ത് പെൺ റെഡ് ബെല്ലി ബ്ലാക്ക് സ്നേക്കുകൾ ഒരു സ്ഥലത്ത് എത്തുന്നത് സ്വാഭാവികമാണ്. എന്നാൽ കുഞ്ഞുങ്ങൾ ജനിച്ചശേഷം വീണ്ടും അവിടെ തുടരുകയും വീണ്ടും കുഞ്ഞുങ്ങൾക്ക് ജന്മംനൽകുകയും ചെയ്യുന്നത് അപൂർവമാണ്. ശാന്തസ്വഭാവക്കാരാണെങ്കിലും വിഷമുള്ളവയാണെന്ന് കെരെവാരോ പറഞ്ഞു. വീട്ടിൽനിന്നും മാറ്റിയ 102 പാമ്പുകളെയും സുരക്ഷിതമായ സ്ഥലത്തേക്ക് തുറന്നുവിട്ടു.