ADVERTISEMENT

സിക്കാഡ ചീവീട് പ്രളയം യുഎസിലുണ്ടാകുന്ന പാരിസ്ഥിതിക പ്രതിഭാസമാണ്. കഴിഞ്ഞ വർഷം നോർത്ത് കാരലീന ഉൾപ്പെടെ പല തെക്കൻ സംസ്ഥാനങ്ങളിലും സിക്കാഡകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇപ്പോൾ പുതിയൊരു സിക്കാഡ പ്രളയം ഈ മേയിൽ സംഭവിക്കുമെന്നാണു പരിസ്ഥിതി ശാസ്ത്രജ്ഞർ പറയുന്നത്. മാജിസിക്കാഡ എന്ന വിഭാഗത്തിലുള്ള സിക്കാഡകളാണ് ഇത്തവണ പുറത്തുവരിക. എല്ലാ 17 വർഷങ്ങളിലും ഉണ്ടാകുന്ന ബ്രൂഡ് 14 എന്ന വകഭേദമാണ് ഇത്. 2008ൽ ആണ് ബ്രൂഡ് 14 ഇതിനുമുൻപ് എത്തിയത്. ജോർജിയ, കെന്റക്കി, പെൻസിൽവേനിയ, വെസ്റ്റ് വെർജീനിയ ഉൾപ്പെടെ പത്തിലധികം സംസ്ഥാനങ്ങളിൽ സിക്കാഡ‍ ചീവിടുകൾ ഇത്തവണ തങ്ങളുടെ വരവറിയിക്കും.

കൃത്യമായ ഇടവേളകളിൽ ഈ പ്രതിഭാസം യുഎസിന്റെ പലമേഖലകളിലും ഉണ്ടാകാറുണ്ട്. സിക്കാഡ ചീവിടിന്റെ പ്രജനനവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പെരുകലാണ് ഇത്. ഭൗമോപരിതലത്തിൽ മുട്ടവിരിഞ്ഞുണ്ടായ ശേഷം ഇതു നിംഫ് എന്ന അവസ്ഥയിലെത്തും, തുടർന്ന് ഇത് മണ്ണിലേക്കു പോകും. അവിടെ മരങ്ങളുടെ വേരിൽ നിന്നുള്ള രസങ്ങൾ കുടിച്ച് വർഷങ്ങൾ ചെലവിടും. വർഷങ്ങൾക്കു ശേഷം ഇവ പൂർണമായി വളർച്ചയെത്തി ചീവീടാകുമ്പോൾ പുറത്തുവരും. പിന്നീടിവയുടെ ജീവിതം ആഴ്ചകൾ മാത്രമാണ്.

പുറംതോട് ഇളക്കി പുറത്തുവരുന്ന സിക്കാഡ (Credit:skynetphoto/Shutterstock)
പുറംതോട് ഇളക്കി പുറത്തുവരുന്ന സിക്കാഡ (Credit:skynetphoto/Shutterstock)

അങ്ങനെയൊരു പുറത്തുവരലാണ് ഇപ്പോൾ വരാൻ പോകുന്നത്. 17 വർഷങ്ങൾ മണ്ണിനുള്ളിൽ കഴിഞ്ഞ നിംഫുകൾ വളർച്ച പ്രാപിച്ച് പുറത്തെത്തും. എന്നിട്ടവ ഇണചേരും, മുട്ടയിടും, വീണ്ടും ചത്തൊടുങ്ങും. സിക്കാഡകൾ പുറത്തുവന്നാൽ പിന്നെ എല്ലായിടത്തും ചീവീടിന്റെ കരകര ശബ്ദം മാത്രമാകും. മരത്തടികളിലും കാറുകളിലും ആളുകളുടെ ദേഹത്തും കെട്ടിടങ്ങളുടെ ഭിത്തികളിലും എല്ലാം ചീവീടു പൊതിയും.

ഒരിക്കൽ ജി7 രാജ്യങ്ങളുടെ ഉച്ചകോടിക്കായി യൂറോപ്പിലേക്കു പോകാൻ എയർഫോഴ്സ് വൺ വിമാനത്തിൽ കയറാനെത്തിയ യുഎസ് മുൻ പ്രസി‍‍ഡന്റ് ജോ ബൈഡന്റെ, പിൻകഴുത്തിലേക്ക് ഒരു ചീവീട് ചാടിക്കയറിയതും തുടർന്ന് ബൈ‍ഡൻ ഇതിനെ തട്ടിമാറ്റുന്നതും ചിരിപടർത്തിയ രംഗമായിരുന്നു. യുഎസിൽ പലരും സിക്കാഡ പ്രളയസമയത്ത് റെയിൻകോട്ടുകളും ഫെയ്സ്ഷീൽഡുമിട്ടാണു നടക്കുന്നത്.

(photo: x/@SimplExpresions)
(photo: x/@SimplExpresions)

ചുവന്ന കണ്ണും സ്വർണച്ഛവിയുള്ള ചിറകുകളും ഇരുണ്ട ശരീരവുമുള്ള സിക്കാഡ ചീവീട് മനുഷ്യർക്ക് അത്ര അപകടകാരിയൊന്നുമല്ല, കടിക്കാനോ കുത്താനോ കഴിവില്ലാത്ത നിരുപദ്രവകാരികളാണ് ഇവ. സാധാരണക്കാർക്ക് ഇതു പ്രശ്നമാകില്ലെങ്കിലും പ്രശ്നമാകുന്ന ഒരു കൂട്ടരുണ്ട്. യുഎസിൽ ജനസംഖ്യയുടെ 12.5 ശതമാനം പേർക്ക് ഏതെങ്കിലുമൊരു തരത്തിൽ ഫോബിയയുണ്ടെന്ന് പഠനമുണ്ട്. പ്രാണികളോടുള്ള പേടിയായ എന്റെമോഫോബിയ ഇതിൽ ഏറ്റവും വ്യാപകമായിട്ടുള്ളതാണ്. ഇത്തരക്കാർക്ക് നൂറുകോടിക്കണക്കിന് ചീവീടുകൾ ഒരു സുപ്രഭാതത്തിൽ മേഖല മുഴുവൻ പരക്കുന്നത് മാനസികമായ ബുദ്ധിമുട്ടുണ്ടാക്കും.

എന്നാൽ ഇത്തരം സംഭവങ്ങൾ ആഘോഷിക്കപ്പെടേണ്ടവയാണെന്നാണു പരിസ്ഥിതി ശാസ്ത്രജ്ഞർ പറയുന്നത്. പ്രകൃതി ആരോഗ്യമുറ്റതാണെന്നു കാട്ടുന്നതാണ് ഈ സംഭവമെന്നും ഇവ നടന്നില്ലെങ്കിലാണ് വിഷമിക്കേണ്ടെന്നും അവർ പറയുന്നു.

English Summary:

Millions of Cicadas to Invade the US: What You Need to Know

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com