പാമ്പുകടി മരണങ്ങൾ ഇല്ലാതാക്കാൻ 25 കോടി രൂപ; തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിന് 2 കോടി

Mail This Article
സംസ്ഥാന ബജറ്റിൽ വനം–വന്യജീവി സംരക്ഷണത്തിനായി 305.6 കോടി രൂപ വകയിരുത്തി. ഇത് മുൻവർഷത്തേക്കാളും 7.55 കോടി രൂപ കൂടുതലാണ്. കേന്ദ്രസഹായമായ 45.47 കോടി രൂപ പ്രതീക്ഷിക്കുന്നുണ്ടെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ജലസുരക്ഷ വർധിപ്പിക്കുക, മനുഷ്യ–വന്യമൃഗ സംഘർഷങ്ങൾ ലഘൂകരിക്കുക, വനമേഖലയെ ആശ്രയിച്ച് കഴിയുന്ന വിഭാഗങ്ങളുടെ ജീവനും ജീവനോപാധികള്‍ക്കും സംരക്ഷണം നൽകുക, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ ജനങ്ങളെ മുൻനിർത്തിക്കൊണ്ട് വനങ്ങളുടെ സുസ്ഥിര പരിപാലനം ഉറപ്പാക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് ഈ വർഷം ഊന്നൽ നൽകുന്നതെന്ന് ധനമന്ത്രി ബജറ്റിൽ പറഞ്ഞു.

മനുഷ്യ–വന്യമൃഗ സംഘർഷങ്ങളെ സംബന്ധിച്ച് യഥാർഥ വിവരങ്ങൾ ശേഖരിച്ച് ഫീൽഡ് തലത്തിൽ വേണ്ട നിർദേശങ്ങൾ നൽകുന്നതിനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി സംസ്ഥാനതല കൺട്രോൾ റൂം രൂപീകരിച്ചു. മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിച്ച് അതിവേഗം പരിഹരിക്കുന്നതിനായി 70.4 കോടി വകയിരുത്തുന്നു. വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയായവർക്കുള്ള സഹായമായി 2011–16 കാലങ്ങളിൽ 39.52 കോടി രൂപയാണ് വിതരണം ചെയ്തത്. 2016–21 കാലഘട്ടത്തിൽ ഇത് 91.36 കോടി രൂപയായി ഉയർത്തി. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഇതുവരെ 129.51കോടി രൂപ വിതരണം ചെയ്തിട്ടുണ്ടെന്ന് മന്ത്രി ബജറ്റ് പ്രഖ്യാപനത്തിനിടെ വ്യക്തമാക്കി. നിലവിൽ പ്രവർത്തിച്ചുവരുന്ന 19 ധ്രുതകർമസേനകൾക്ക് പുറമെ 9 ഫോറസ്റ്റ് ഡിവിഷനുകൾ കൂടി പുതിയ ധ്രുതകർമസേനകളെ രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് അടുത്ത 5 വർഷംകൊണ്ട് പാമ്പുകടിയേറ്റുള്ള മരണങ്ങൾ പൂർണമായും ഇല്ലാതാക്കാൻ ‘പാമ്പുവിഷബാധ ജീവഹാനിരഹിത കേരളം’ എന്ന പദ്ധതി നടപ്പിലാക്കും. വിവിധ വനസംരക്ഷണ പ്രവർത്തനങ്ങൾ, വന്യജീവി ആക്രമണങ്ങൾ ഇല്ലാതാക്കുക തുടങ്ങിയ ഘടകങ്ങൾ ഉൾപ്പെട്ട വനസംരക്ഷണപദ്ധതിക്ക് 25 കോടി വകയിരുത്തുന്നു. വനസംരക്ഷണ പ്രവർത്തനങ്ങളുടെ ശാക്തീകരണത്തിനും അടിസ്ഥാന സൗകര്യവികസനത്തിനുമായി 50.3 കോടിരൂപ വകയിരുത്തുന്നു. ‘പ്രൊജക്ട് എലിഫന്റ്’ പദ്ധതിയിൽ ഉൾപ്പെടുത്തി പെരിയാർ, ആനമുടി, നിലമ്പൂർ, വയനാട് ആനസങ്കേതങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 3.5 കോടി വകയിരുത്തുന്നു. കോട്ടൂർ ആനപുനരധിവാസ കേന്ദ്രത്തിനായി 2 കോടി രൂപ വകയിരുത്തുന്നുവെന്ന് ധനമന്ത്രി പറഞ്ഞു.

കേരളത്തിൽ വർധിച്ചുവരുന്ന തെരുവുനായകളുടെ ആക്രമണം തടയാൻ മൃഗസംരക്ഷണ വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി കർമപരിപാടികൾ തയാറാക്കും. പോർട്ടബിൾ എബിസി സെന്ററുകൾ സ്ഥാപിച്ച് തെരുവുനായകളുടെ വന്ധ്യംകരണം കാര്യക്ഷമമായി നടപ്പിലാക്കാനുള്ള സാധ്യതകൾ ആരായും. ഇതിനായി 2 കോടി വകയിരുത്തുമെന്ന് ധനമന്ത്രി ബജറ്റ് പ്രഖ്യാപനത്തിൽ പറഞ്ഞു.